sections
MORE

ഏത് നിമിഷവും തീരാവുന്നതാണ് ജീവിതം, പണത്തിന് പിന്നാലെ ഇനിയില്ല: വെളിപ്പെടുത്തലുമായി സന

sana-khan
SHARE

സിനിമാ രംഗത്തോട് വിടപറഞ്ഞ് മുന്‍ ബിഗ് ബോസ് താരം സനാ ഖാന്‍. വ്യാഴാഴ്ചയാണ്  മനുഷ്യരോടുള്ള കടമ പൂര്‍ത്തീകരിക്കാന്‍ താന്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന് സന സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഹിന്ദി, ഇംഗ്ലിഷ്, ഉറുദു ഭാഷകളിലെഴുതിയ നീണ്ട കുറിപ്പില്‍ താന്‍ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നാണ് സന പറയുന്നത്. നിലനില്‍പിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ചാണ് കുറച്ചു ദിവസങ്ങളായി താന്‍ ചിന്തിക്കുന്നതെന്നും ആരാധകര്‍ക്ക് എഴുതിയ കുറിപ്പില്‍ അവര്‍ പറയുന്നു. 

പണത്തിനും പ്രശസ്തിക്കും പിന്നാലെ പോകുക എന്നതാണോ ജീവിതത്തിന്റെ ലക്ഷ്യം. സഹായം ആവശ്യമുള്ളവരെയും നിസ്സഹായരെയും സഹായിക്കുക എന്നതും മനുഷ്യന്റെ കടമ തന്നെയല്ലേ. ഏതു നിമിഷവും തീരാവുന്നതല്ലേ ഓരോരുത്തരുടെയും ജീവിതം. മരണത്തിനു ശേഷം എന്താണു സംഭവിക്കുന്നത്. ഈ ചോദ്യങ്ങളുടെ അര്‍ഥം തേടുകയായിരുന്നു കുറേക്കാലമായി ഞാന്‍. പ്രത്യേകിച്ചും മരണത്തിനു ശഷം എന്താണു സംഭവിക്കുന്നതെന്ന്.. സന എഴുതി. 

സ്രഷ്ടാവിന്റെ ആജ്ഞകള്‍ അനുസരിച്ച് സഹജീവികളെ സഹായിക്കുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്ന ഉത്തരത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് ഇന്നു ഞാന്‍ ഒരു പ്രഖ്യാപനം നടത്തുകയാണ്. മേലില്‍ സിനിമയും വിനോദ വ്യവസായവുമായി ബന്ധപ്പെട്ട ഒന്നിലും ഞാനുണ്ടാകില്ല. സ്രഷ്ടാവിന്റെ ആജ്ഞകള്‍ അനുസരിച്ച് സേവനം മാത്രമായിരിക്കും ഭാവിജീവിതം.

പരസ്യ ചിത്രങ്ങളിലൂടെയാണ് സന പ്രശസ്തിയിലേക്കു കുതിച്ചത്. അമൂലിന്റെ പരസ്യത്തിലൂടെ എത്തിയതിനു പിന്നാലെ ഒട്ടേറെ തമിഴ് സിനിമകളില്‍ അഭിനയിച്ചു. ഹല്ല ബോല്‍ എന്ന ചിത്രത്തിലെ ബില്ലോ റാണി എന്ന ഗാനത്തിനു ചുവടുവച്ചതിനുപിന്നാലെ ബിഗ് ബോസ് ആറാം സീസണില്‍ പങ്കെടുത്തു. റിയാലിറ്റി ഷോകളില്‍ അതിഥി താരമായും പങ്കെടുത്തിട്ടുണ്ട്. സ്പെഷല്‍ ഓപ്സ് എന്ന വെബ് സിരീസില്‍ പ്രധാന വേഷത്തിലും സന അഭിനയിച്ചിട്ടുണ്ട്. 

സഹോദരീ സഹോദരന്‍മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സന ആരാധകര്‍ക്കുള്ള കത്ത് പോസ്റ്റ് ചെയ്തത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വര്‍ഷങ്ങളില്‍ തനിക്ക് പണവും പ്രശസ്തിയും ആവശ്യത്തിനു ലഭിച്ചെന്ന് എഴുതിയ സന അവയുടെയെല്ലാം പേരില്‍ തനിക്ക് സിനിമയോട് നന്ദിയുണ്ടെന്നും എഴുതിയിട്ടുണ്ട്. 

എന്നാല്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു കുറച്ചുനാളുകളായി ഞാന്‍. എന്നെ വിഷമിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം ഞാന്‍ എന്റെ മതത്തിലാണു തേടിയത്. മരണത്തിനു ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ള ഒരുക്കമാണ് ഇപ്പോഴത്തെ ജീവിതമെന്നു ഞാന്‍ പഠിച്ചു. സൃഷ്ടികര്‍ത്താവിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് അടിമകളായ മനുഷ്യര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്റെ പശ്ചാത്താപം നിങ്ങള്‍ ഗൗരവായി എടുക്കുക. ഇനിയുള്ള ജീവിതത്തില്‍ അള്ളാഹുവിനെ സേവിക്കാന്‍ എന്നെ അനുവദിക്കുക. എന്റെ ദൃഢനിശ്ചയത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാന്‍ മനഃക്കരുത്ത് കിട്ടാന്‍ എല്ലാവരും പ്രാര്‍ഥിക്കുക. സിനിമയും വിനോദ വ്യവസായവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ക്കുവേണ്ടി ആരും തന്നെ വിളിക്കരുതെന്നും സന അഭ്യര്‍ഥിച്ചിട്ടുണ്ട്.

English Summary: Sana Khan quits showbiz, says ‘want to serve humanity’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA