ADVERTISEMENT

കഴിഞ്ഞ ദിവസം ഞങ്ങൾ പെണ്ണുങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ വർക്ക് ഫ്രം ഹോമായിരുന്നു ചർച്ചാ വിഷയം.... ഇപ്പോ വർക്ക് ഫ്രം ഹോമല്യോ... എന്നാ സുഖാല്ലേ.. വീട്ടുജോലീം നടക്കും.. ഓഫിസുകാര്യോം നടക്കും...ശമ്പളോം കിട്ടും... വർക്ക് ഫ്രം ഹോം എന്നു കേൾക്കുമ്പോൾ ചിലരുടെ മുഖത്തെ ഭാവം കണ്ടാൽ നമ്മൾ കപ്പലണ്ടീം കൊറിച്ചുകൊണ്ട് സുഖിച്ചിരിക്കുന്ന എന്തോ ഏർപ്പാടാണെന്നാണ്. അങ്ങനെയൊക്കെയായേക്കാവുന്ന ഒരു കാൽപനിക കാലം വരുമായിരിക്കും. ഇപ്പോ പക്ഷേ വർക്ക് ഫ്രം ഹോം സീൻ  കോൺട്രയെന്നാണ് അനുഭവസ്ഥരായ പല കൂട്ടുകാരികളും പറഞ്ഞുകേട്ടത്.

എന്റെ കാര്യം പറയാം.. അമ്മ കുളിച്ചു റെഡിയായി കുർത്തേം ലഗ്ഗിങ്സും വലിച്ചുകേറ്റി വാനിറ്റിബാഗും എടുത്തു തോളത്തുതൂക്കി റ്റാറ്റാ പറഞ്ഞിറങ്ങിയാൽ നമ്മുടെ വീട്ടിലെ കൊച്ചു പയ്യൻസിന് വലിയ പരാതിയൊന്നുമില്ല. ലിഫ്റ്റ് വരെ വന്ന് റ്റാറ്റായും തന്ന് കക്ഷി ഹാപ്പിയായിട്ട് അവന്റെ പണീം നോക്കിയിരുന്നുകൊള്ളും. അമ്മ മനോരമേൽ പോയീന്ന് അവന് അറിയാം. കുറച്ചുകഴിഞ്ഞ് തിരിച്ചുവരുമെന്നും. മനോരമേൽ പോയിട്ടുവേണം കുഞ്ഞിന് ഓറിയോ ബിക്കറ്റ് വാങ്ങിത്തരാൻ എന്ന് ഒരു പല്ലവി അവനെ പഠിച്ചിച്ചുവച്ചിട്ടുണ്ട്. അവൻ പരതിനോക്കുമ്പോൾ തപ്പിയെടുക്കാൻ പാകത്തിൽ ഇടയ്ക്കിടെ ഞാനെന്റെ ഓഫിസ് ബാഗിൽ കുഞ്ഞുകുഞ്ഞു ഓറിയോ പായ്ക്കറ്റ് വയ്ക്കാറുമുണ്ട്. പറഞ്ഞുവന്നത് എന്താന്നുവച്ചാൽ വർക്ക് ഫ്രം തുടങ്ങിയപ്പോൾ കക്ഷി ആകെ കൺഫ്യൂഷനിലായി.. അമ്മ വീട്ടിലുണ്ട്. പക്ഷേ ജോലിയിലാണ്. കളിക്കാൻ വരൂല്ലെന്നു മാത്രമല്ല, അവനെ തൊടീക്കാൻ സമ്മതിക്കാത്ത ഒരു പ്രത്യേക കളിപ്പാട്ടം അമ്മയുടെ മേശപ്പുറത്തുണ്ട്. (അത് ലാപ്ടോപ്പാണ്..) ചുറ്റും രണ്ടു കവാത്തുനടത്തി ഏന്തിവലിഞ്ഞുനോക്കിയപ്പോൾ അവൻ മൗസും കണ്ടുപിടിച്ചു.

പിന്നെ കുക്കീസ് മാതിരിയൊരു റൂട്ടറും. ആകെ മൊത്തം വയറും ഡേറ്റ കേബിളും..ആഹാ..അമ്മയുടെ മേശപ്പുറത്ത് ഇമ്മിണി കളിപ്പാട്ടങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തിയതോടെ അവന്റെ മട്ടുംമാതിരിയും മാറി.. ഇതൊന്നും അവനെ തൊടീക്കാത്തതിന്റെ റിവെഞ്ച് ആയിരുന്നു അവന്റെ മനസ്സിൽ.. വർക്ക് ഫ്രം ഹോമിന്റെ ആദ്യ ദിവസം എന്റെ കണ്ണുതെറ്റിയ നേരം നോക്കി അവൻ റൂട്ടറുമെടുത്തു പാഞ്ഞതും അതു വീട്ടിലെവിടെയോ കൊണ്ടുപാത്തുവച്ചതും അതിന്റെ പിന്നാലെ ഞാൻ വച്ചുപിടിച്ചതുമൊക്കെ എന്നെ ഒരു പാഠം പഠിപ്പിച്ചു.. ഈ കൊച്ചിന്റെ മുന്നിലിരുന്ന് വർക്ക് ഫ്രം ഹോം ഇനി നടക്കില്ല. രണ്ടാംദിവസം മുതൽ ഞാൻ എന്റെ മുറിക്കകത്തുകയറി വാതിലടച്ചിരുന്നായി ജോലി.. പക്ഷേ അമ്മ മനോരമേയിൽ പോയിട്ടില്ലെന്നു മണത്തറിഞ്ഞ കൊച്ച് വാതിൽക്കൽ അടിച്ചുബഹളം..കരച്ചിൽ.. സീൻ വീണ്ടും കോൺട്ര..മുട്ടുവിൻ തുറക്കപ്പെടും എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് എനിക്ക് അവന്റെ മുന്നിൽ വാതിൽ തുറക്കാതിരിക്കാൻ കഴിഞ്ഞില്ല.

മൂന്നാം ദിവസം ഞാൻ അടുത്ത അടവെടുത്തു..ശരിക്കും ഓഫിസിൽ പോകുന്നപോലെ കുളിച്ചു റെഡിയായി നല്ല ഡ്രസൊക്കെയിട്ട് ബാഗും തൂക്കി റ്റാറ്റാ പറഞ്ഞ് മനോരമേൽ പോകുകയാണെന്ന ഫീലൊക്കെയുണ്ടാക്കി പുറത്തിറങ്ങി.. അതുകഴിഞ്ഞ് അൽപം കഴിഞ്ഞ് അവൻ കാണാതെ പതുക്കെ പതുക്കെ പമ്മിപ്പമ്മി ഒരു കള്ളനെപോലെ അകത്തുകയറി മുറിയിലെത്തി.. ഇടയ്ക്കു പുറത്തിറങ്ങാതിരിക്കാൻ വേണ്ടി, കുടിക്കാനുള്ള വെള്ളം വരെ കുപ്പിയിലെടുത്താണ് ഇരിപ്പ്..എന്തായാലും ആ ട്രിക്ക് ഏറ്റു.. തിരക്കിട്ട് ഇറങ്ങുമ്പോൾ മറന്നുപോയാൽ മാസ്കും ഐഡി കാർഡുമൊക്കെ ഓർമിച്ചെടുത്തുതന്ന് കൊച്ച് പതിവുപോലെ എന്നെ വർക്ക് ഫ്രം ഹോമിന് ഇപ്പോൾ യാത്രയാക്കും.

ഒരു പ്രത്യേകതരം ജീവിതമാണല്ലേ... ഇത് എന്നെപ്പോലെ കൊച്ചുപിള്ളേരുള്ള അമ്മമാരുടെ കാര്യം.. വർക്ക് ഫ്രം ഹോമിനിടയിൽ, മുതിർന്ന കുട്ടികൾ മുതൽ  അടുക്കളയിലെ പ്രഷർ കുക്കർ വരെ നീട്ടിക്കൂവി ബുദ്ധിമുട്ടിക്കുന്നെന്ന് പരാതി പറയുന്നുണ്ട് പല പെണ്ണുങ്ങളും... അല്ല.. ആരെയും കുറ്റം പറയാൻ പറ്റില്ല.. ഒന്നാമത് വർക്ക് ഫ്രം ഹോമിനൊക്കെ പറ്റിയ ഒരു സ്പേയ്സ് മിക്ക വീടുകളിലുമില്ല.. ആകെ ആശ്രയം ഉള്ളിത്തൊലി മുതൽ അച്ചാറുവരെ മണക്കുന്ന ഊണുമേശപ്പുറമാണ്.. പിന്നെ മറ്റൊന്ന് വീട്ടിലിരുന്ന് ചെയ്യുന്നതൊന്നും ഒരു ജോലിയായി അംഗീകരിക്കാൻ നമുക്ക് പണ്ടേ മടിയാണ്. അതിപ്പോ ആപ്പീസുപണിയായാലും അടുക്കളപ്പണിയായാലും....

(എന്റെ വർക്ക് ഫ്രം ഹോം വിശേഷം കേട്ട ഫ്ലാറ്റിലെ ഒരു ആന്റി പറയുവാ.. ഞങ്ങള് പണ്ടേ വർക്ക് ഫ്രം ഹോമാ.. അടുക്കളയിലാണെന്നുമാത്രം.. സാലറിയുമില്ല, പെൻഷനുമില്ല..ഗ്രാറ്റുവിറ്റിയുമില്ല.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com