ADVERTISEMENT

സ്വതന്ത്ര സഞ്ചാരത്തിനു പോലും വിലക്കേര്‍പ്പെടുത്തപ്പെട്ട കാലത്ത്, ജനം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ഭയപ്പെട്ട കാലത്ത് രാജ്യത്ത് ചുറ്റി സഞ്ചരിക്കുക എന്ന ആശയം വിചിത്രമായി തോന്നാം. എന്നാല്‍, തെരുവ് ചിത്രകലയിലൂടെ എങ്ങനെ ജനങ്ങളെ ബോധവല്‍ക്കരിക്കാം എന്ന ആശയവുമായി ശിലോ ശിവ് സുലൈമാന്‍ രാജ്യം ചുറ്റിസഞ്ചരിച്ചത് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ്. 

ഓഗസ്റ്റ് 24ന് ബെംഗളൂരുവിലെ തന്റെ വസതിയില്‍ നിന്നാണ് ശിലോ എന്ന ചിത്രകാരി യാത്ര തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലേക്ക്. ഹത്രസില്‍ ദലിത് പെണ്‍കുട്ടി ക്രൂ‌രപീഡനത്തിന് ഇരയായ നാളുകളില്‍ ശിലോ ലക്നൗവിൽ ഉണ്ടായിരുന്നു; ആഗ്രഹം എന്ന വിഷയത്തെക്കുറിച്ച് മുസ്‍ലിം സ്ത്രീകളുമായി ആശയവിനിമയം നടത്തുകയായിരുന്നു ശിലോ. ലക്നൗവിലെ തിരക്കേറിയ തെരുവിലെ ഒരു ചുവരില്‍ രണ്ടു സ്ത്രീകള്‍ ആലിംഗനം ചെയ്യുന്ന ചിത്രവും ശിലോ വരച്ചു. 

എല്ലാത്തരം പ്രതിഷേധങ്ങളും വിലക്കിയ കാലത്താണ് ഞാന്‍ ചിത്രം വരച്ചതും നാട്ടുകാരുമായി ആശയവിനിമയം നടത്തിയതും: അഭിമാനത്തോടെ ശിലോ പറയുന്നു. 

ഡല്‍ഹിയില്‍ ഒരു അപാര്‍ട്മെന്റിന്റെ ചുവരില്‍ 31 വയസ്സുകാരിയായ ശിലോ വരച്ചത് മഹാനഗരത്തില്‍ ചവറു പെറുക്കി ഉപജീവനം നടത്തുന്ന സ്ത്രീയുടെ ചിത്രമാണ്. ലോക്ഡൗണ്‍ കാലത്ത് ജീവനോപാധി നഷ്ടപ്പെട്ട ഒട്ടേറെപ്പേരുണ്ട്. അവരില്‍ പ്രധാനമാണ് തെരുവുകളില്‍ നടന്ന ചവറു പെറുക്കി വിറ്റ് വിശപ്പടക്കിയ സ്ത്രീകളുടെ ജീവിതം. 

‘നമ്മുടെ തെരുവുകളെ വൃത്തിയാക്കിവര്‍ക്ക് ഇരുട്ടിവെളുത്തപ്പോള്‍ ജോലി നഷ്ടമായി. നഗരജീവിതത്തിന്റെ നട്ടെല്ല് എന്നുതന്നെ അവരെ വിശേഷിപ്പിക്കാം. എന്നാല്‍ അവര്‍ അപ്രത്യക്ഷരായതോടെ നമ്മുടെ നഗരങ്ങള്‍ എത്രമാത്രം ഒറ്റപ്പെട്ടു എന്നാണ് ജനങ്ങളെ ബോധവല്‍കരിക്കാന്‍ ശ്രമിച്ചത്: ശിലോ പറയുന്നു. 

കോവിഡിനു മുന്‍പുള്ള കാലത്ത് ശിലോ തെരുവില്‍ ചിത്രരചനയില്‍ മുഴുകുമ്പോള്‍ നോക്കിനില്‍ക്കാന്‍ ഒട്ടേറെപ്പേര്‍ തടിച്ചുകൂടുമായിരുന്നു. ഇപ്പോള്‍ ആള്‍ക്കൂട്ടം കുറഞ്ഞിട്ടുണ്ട്.  ഭിത്തിയില്‍ ഒരറ്റത്ത് ഒരു ദലിത് പെണ്‍കുട്ടിയും മറ്റേ അറ്റത്ത് ഒരു മുസ്‍ലിം സ്ത്രീയും നഗരത്തെ താങ്ങിനിര്‍ത്തുന്ന ചിത്രം ശിലോ വരച്ചപ്പോള്‍ ഇപ്പോഴും ഏതാനും പേര്‍ ആ കൗതുകകാഴ്ച കണ്ട് അവിടെയുണ്ടായിരുന്നു. 

കാലാവസ്ഥ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിന്തന്‍ എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരാണ് ശിലോയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ ഷഹീന്‍ബാഗ് മുതല്‍ ഓഖ്‍ല വരെ പലയിടത്തായി തെരുവില്‍ ശിലോ വരച്ച ചിത്രങ്ങള്‍ കാണാം. 2012 -ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവമാണ് ഈ ചിത്രകാരിയെ തെരുവിലേക്ക് ഇറക്കിയത്. അന്നും ഡല്‍ഹിയിലുണ്ടായിരുന്നു ശിലോ. അന്ന് തലസ്ഥാന നഗരം പ്രക്ഷോഭത്തില്‍ ആളിക്കത്തിയപ്പോള്‍ അവരുടെ ഭാഗമായി. 

ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇന്ന് ശിലോയുടെ ചിത്രങ്ങളുണ്ട്. ബെയ്റൂട്ടില്‍ ശിലോ വരച്ചത് ട്രാന്‍സ്ജെന്‍ഡറുകളുടെ ചിത്രമാണ്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍പോലും ശിലോ ചിത്രം വരച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടെ താന്‍ തെരുവു ചിത്രംവരയില്‍ സജീവമായിരുന്നെങ്കിലും രാജ്യത്ത് ഗുണപരമായ ഒന്നും സംഭവിച്ചില്ലെന്നു പറയുന്നു ശിലോ. ലോകം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നാണ് ഈ അനുഗ്രഹീത ചിത്രകാരി  പറയുന്നത്. ജയ്പൂരിലാണ് ഇനി  വരയ്ക്കാന്‍ പോകുന്നത്. അതിനുശേഷം ബെംഗളൂരുവിലും.

English Summary: In journey through India, artist hopes to paint with most marginalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com