ADVERTISEMENT

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് സുഹൃത്ത് കുത്തിപ്പരുക്കേല്‍പിച്ച സീരിയല്‍ നടി മാള്‍വി മല്‍ഹോത്രയെക്കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പെഴുതി ബാല്യകാല സുഹൃത്ത്. നടിയും  സുഹൃത്തുമായ ശിവ്യ പഥാനിയാണ് മാള്‍വിയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത്. മുംബൈ വെര്‍സോവയില്‍ ഫിഷറീസ് യൂണിവേഴ്സിറ്റിക്കു മുന്നില്‍ കാര്‍ കുറുകെയിട്ടു തടഞ്ഞാണ് കഴിഞ്ഞ ദിവസം യോഗേഷ് മഹിപാല്‍ സിങ് എന്നയാള്‍ മാള്‍വിയെ കുത്തിയത്. അടിവയറിലും കൈകളിലും കുത്തേറ്റ നടി ചികിത്സയിലാണ്. ഹിമാചല്‍ സ്വദേശിയായ നടി മാള്‍വി കഫേയില്‍ നിന്നു പുറത്തിറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.  

15-ാം വയസ്സു മുതല്‍ മാള്‍വിയെ അടുത്തറിയാവുന്ന വ്യക്തിയാണ് ഇപ്പോള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്ന ശിവ്യ. ലോകം ക്രൂരമാണെന്നും പെണ്‍കുട്ടിയായി ജനിച്ചതിന്റെ പേരില്‍ തനിക്ക് പേടിയും ആശങ്കയുമുണ്ടെന്നും കുറിപ്പില്‍ ശിവ്യ പറയുന്നു.

‘എന്റെ ഹൃദയത്തിനു മുറവേറ്റിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ ഏറെ സ്നേഹിച്ചിരുന്ന ഈ ലോകത്തെത്തന്നെ എനിക്കിപ്പോള്‍ വെറുപ്പാണ്. കഠിനമായ വെറുപ്പ്. നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്ര രീതിയില്‍ ലോകം ക്രൂരമാണെന്ന് എനിക്കു തോന്നുന്നു. നീതിക്കു വേണ്ടി ശബ്ദിക്കാന്‍പോലും എനിക്കു മടിയാണ്. അതിനു പോലും എനിക്കു കഴിയുമെന്നു തോന്നുന്നില്ല. ഇതൊരു വല്ലാത്ത, സ്വാര്‍ഥത നിറഞ്ഞ ലോകം തന്നെ. വിവാഹത്തിനു സമ്മതമില്ല എന്നറിയിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ കൊല്ലാന്‍ ഒരാള്‍ക്കു മനസ്സു വരുന്നു എന്നു ചിന്തിക്കുമ്പോള്‍ തന്നെ എനിക്കു പേടിയാകുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി ലോകത്തിനു പ്രിയപ്പെട്ട നല്ല മനുഷ്യരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഞാന്‍ എങ്ങനെ സ്നേഹിക്കാനാണ്. പ്രിയപ്പെട്ട മാള്‍വി, 15-ാം വയസ്സു മുതല്‍ എനിക്കു നിന്നെ അറിയാം. ഞാന്‍ എന്നും നിന്റെ കൂടെ ഉണ്ടായിരുന്നു. ഇനിയും എന്നും ഞാന്‍ നിനക്കൊപ്പം തന്നെ. ഉടന്‍ തന്നെ നീ സുഖമായി പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. സുഖാംശംസകള്‍’ - ശിവ്യ എഴുതി. 

ആഡംബര കാറിലെത്തി മാള്‍വിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പിച്ച മഹിപാല്‍ സിങ്ങിനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇയാള്‍ സിനിമാ നിര്‍മാതാവാണെന്നും പറയപ്പെടുന്നു. 2019 മുതല്‍ മാള്‍വിയുടെ ഫെയ്സ്ബുക് സുഹൃത്തുമാണ്. ഇയാള്‍ക്കെതിരെ മാള്‍വി നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും തനിക്കു താല്‍പര്യമില്ലെന്ന് അറിയിച്ചെന്നും തുടര്‍ന്നും സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചെന്നും മാള്‍വി പൊലീസിനെ അറിയിച്ചിരുന്നു. ഈ മാസം 25 നാണ് ദുബായില്‍ ചിത്രീകരണത്തിനുശേഷം മാള്‍വി മുംബൈയില്‍ മടങ്ങിയെത്തിയത്. മുംബൈ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാള്‍വിക്ക് ബോധമുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നുമുണ്ട്.

English Summary: After Malvi Malhotra stabbed by stalker, her childhood friend says my heart hurts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com