sections
MORE

ഓരോദിവസവും ഓരോ പ്രേതമായി കനിട്ട്ഹ എത്തും; ഭയാനക രീതിയിൽ ഈ കച്ചവടം- വിഡിയോ

kanitka
കച്ചവടത്തിനായി മേക്കപ്പിടുന്ന കനിട്ട്ഹ തോങ്നാക്ക്. ചിത്രം∙ റോയ്റ്റേഴ്സ്
SHARE

തായ്‍ലന്‍ഡില്‍ കച്ചവടത്തിന് പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തി ശ്രദ്ധേയയായിരിക്കുകയാണ് 32 വയസ്സുകാരി കനിട്ട്ഹ തോങ്നാക്. ദിവസവും വ്യത്യസ്ത  പ്രേത വേഷങ്ങളില്‍ എത്തുന്ന കനിട്ട്ഹ മരിച്ചുപോയവരുടെ വസ്ത്രങ്ങളാണു സമൂഹ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിങ്ങില്‍ വില്‍ക്കുന്നത്. 

ദിവസവും മണിക്കൂറുകള്‍ എടുത്ത് മേക്കപ്പ് ചെയ്താണ് കനിട്ട്ഹ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പല ദിവസങ്ങളിലും മൂന്നു മണിക്കൂര്‍ വരെ വേണ്ടിവരും മേക്കപ്പ് പൂര്‍ത്തിയാക്കാന്‍. താന്‍ വില്‍ക്കുന്ന വസ്ത്രങ്ങളുടെ ഉടമകള്‍ എങ്ങനെയാണു മരിച്ചതെന്നും കനിട്ട്ഹ വിശദമായിത്തന്നെ ഉപഭോക്താക്കളോടു പറയും. 

ഞാന്‍ വില്‍ക്കുന്ന വസ്ത്രങ്ങളുടെ ഉടമകളെല്ലാവരും മരിച്ചുപോയവരാണ്. പല കാരണങ്ങളാല്‍- കനിട്ട്ഹ പറയുന്നു. വടക്കന്‍ തായ്‍ലന്‍ഡില്‍ പെറ്റ്ചബണ്‍ എന്ന സ്ഥലത്തെ സ്വന്തം വീട്ടില്‍ നിന്ന് ഫെയ്സ്ബുക് വഴിയാണ് കനിട്ട്ഹ വസ്ത്രങ്ങളുടെ പ്രദര്‍ശനം ദിവസവും നടത്തുന്നത്. തുടക്കത്തില്‍ കനിട്ട്ഹ ആവശ്യക്കാരെ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പേടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതോടെ ആവശ്യക്കാരുടെ എണ്ണം ആറിരട്ടിയായി ഉയരുകയായിരുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ പോലും വിലക്കുറച്ചാണ് വില്‍ക്കുന്നത്. 

പ്രേതങ്ങളില്‍ വലിയ താത്പര്യമുള്ളവരാണ് തായ്‍ലന്‍ഡുകാര്‍. മരിച്ചുപോയവരെക്കുറിച്ചുള്ള എണ്ണമറ്റ വിശ്വാസങ്ങളും അവര്‍ക്കുണ്ട്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും സ്ഥിരമായി പ്രേതങ്ങളും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വിശ്വാസങ്ങളെ പരമാവധി പ്രചരിച്ചിപ്പാണ് ഇപ്പോള്‍ കനിട്ട്ഹ തന്റെ വ്യാപാരം അഭിവൃദ്ധി പ്രാപിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തവും ഭീകരവുമായ വേഷങ്ങളില്‍ കനിട്ട്ഹ എത്തുന്നത് ഇന്റര്‍നെറ്റില്‍ നിന്ന് വിവിധ വേഷങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച് മനസ്സിലാക്കിയാണ്. 3 ഡോളര്‍ വരെ വിലയുള്ള വസ്ത്രങ്ങള്‍ ഇവര്‍ വില്‍ക്കാറുണ്ട്. 

ഒരിക്കല്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് കനിട്ട്ഹയ്ക്ക്  മരിച്ചവരുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ആശയം ലഭിക്കുന്നത്. സാധാരണ മരണശേഷം വസ്ത്രങ്ങളെല്ലാം കത്തിച്ചുകളയുകയാണു ചെയ്യുന്നത്. ഇതിനു പകരം അവ കനിട്ട്ഹ വില്‍ക്കാന്‍ തുടങ്ങിയതോടെ മരണം നടന്ന വീട്ടുകാര്‍ക്കും ആശ്വാസമായിരിക്കുകയാണ്. 

മരണം നടന്ന വീട്ടില്‍ ആചാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് കനിട്ട്ഹ വസ്ത്രങ്ങള്‍ സ്വന്തമാക്കുന്നത്. തന്റെ വരുമാനത്തില്‍ നിന്നുള്ള ഒരു ഭാഗം അവര്‍ ബുദ്ധ ക്ഷേത്രങ്ങള്‍ക്കു സംഭാവന കൊടുക്കുന്നുമുണ്ട്. മരിച്ചവരുടെ വസ്ത്രങ്ങള്‍ ഇടുന്നത് സാധാരണ പോലെതന്നെയാണെന്നു പറയുന്നു കനിട്ട്ഹയില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും വേണ്ടി സ്ഥിരമായി വസ്ത്രങ്ങള്‍ വാങ്ങുന്ന അനു കേവ്സം. 

കളിപ്പാട്ടങ്ങളും കനിട്ട്ഹ വില്‍ക്കാറുണ്ട്. പലതും സ്വന്തമായി നിര്‍മിക്കുന്നവ. താന്‍ പ്രദര്‍ശനത്തിനു വയ്ക്കുന്ന വസ്ത്രങ്ങള്‍ വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ആവശ്യക്കാരാണെന്നും എന്നാല്‍ മരിച്ചവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ട് ആരെയും പേടിസ്വപ്നങ്ങള്‍ വേട്ടയാടില്ലെന്നും ഉറപ്പു പറയുന്നുണ്ട് കനിട്ട്ഹ.

English Summary: Thai woman takes social media by storm after dressing up as zombie to sell clothes of dead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA