ADVERTISEMENT

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ  കെ.ടി. ജസീല കൈപ്പറ്റി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ജസീലയ്ക്ക് മെഡൽ സമ്മാനിച്ചത്. ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണ മനോഭാവവുമാണ് ജസീലയെ പുരസ്കാരത്തിന് അർഹയാക്കിയത്. 2019 മാര്‍ച്ചിൽ ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജസീലയ്ക്ക് കഴിഞ്ഞവർഷം മെഡൽ കൈപ്പറ്റാൻ സാധിച്ചിരുന്നില്ല.  ആറുമാസത്തോളം കാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്നു അവർ. 

jaseela2
ജസീലയും ഭർത്താവ് അഭിലാഷും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കൊപ്പം

മോഷ്ടാവിനെ പിടികൂടിയതിനും ഹജ്ജ് ഡ്യൂട്ടിക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി 14 വർഷത്തെ സേവനത്തിനിടയിൽ നിരവധി അനുമോദനങ്ങൾ ജസീലയെ തേടിയെത്തിയിരുന്നു. എന്നാൽ ഏറെ ആഗ്രഹിച്ചു ലഭിച്ച പൊലീസ് മെഡൽ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവിയിൽനിന്ന് നേരിട്ട് മെഡല്‍ കൈപ്പറ്റാനുളള തന്‍റെ ആഗ്രഹം വ്യക്തമാക്കി ജസീല ഡിജിപിയ്ക്ക് കത്തെഴുതി. വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന സമര്‍ത്ഥയായ ഈ ഉദ്യോഗസ്ഥയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പൊലീസ് മേധാവി തന്നെ മുൻകൈ എടുത്തു. 

ബുള്ളറ്റുള്‍പ്പെടെയുളള പോലീസ് വാഹനങ്ങള്‍ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം ചില വനിതാ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കല്‍പ്പറ്റ വനിതാസെല്ലിലെ ഉദ്യോഗസ്ഥയായ ജസീല. അപകടത്തിനുശേഷം വന്ന അര്‍ബുദബാധയ്ക്ക് കൂടി ചികിത്സയില്‍ കഴിയുന്ന ഏറെ ആരോഗ്യപ്രശ്നങ്ങളുളള ജസീല അതൊന്നും കാര്യമാക്കാതെ വാക്കറിന്‍റെ സഹായത്തോടെയാണ്  പോലീസ് ആസ്ഥാനത്തെത്തിയത്. ആഗ്രഹ സഫലീകരണത്തിനായി കൂടെനിന്ന  ഭര്‍ത്താവ് കെ.പി. അഭിലാഷിനും (കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ)  അപേക്ഷ സ്വീകരിച്ച് സഹോദരിയെപ്പോലെ കൂടെനിന്ന സനൂജയ്ക്കും (ഡിജിപിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്) മെഡൽ സമർപ്പിക്കുന്നതായി ജസീല പറഞ്ഞു. 

English Summary: K T Jaseela Received Police Medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com