sections
MORE

ഇതാണ് ഇനിമുതൽ കമല ഹാരിസിന്റെ ആഡംബര കൊട്ടാരം; മൂന്നു നിലകളുള്ള സ്വപ്നഭവനത്തിന്റെ പ്രത്യേകതകൾ

numberone-observatory
SHARE

യുഎസിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന് ഇരുവരും താമസിക്കാന്‍ പോകുന്ന കെട്ടിടങ്ങളെച്ചൊല്ലിയാണ്. പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് ഇനി കമല വിലാസ് എന്നായിരിക്കും അറിയപ്പെടുന്നത് എന്നൊക്കെയുള്ള ഫലിതങ്ങളും പ്രചരിക്കുന്നുണ്ട്. വൈറ്റ് ഹൗസ് കെട്ടിടത്തിനു മുകളില്‍ കമല വിലാസ് എന്നെഴുതിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബൈഡനും കുടുംബവും വൈറ്റ് ഹൗസിലേക്കു മാറുമ്പോള്‍ കമല വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുമ്പോള്‍ താമസിക്കുന്നത് നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ എന്ന വസതിയിലായിരിക്കും എന്നതാണു യാഥാര്‍ഥ്യം. വാഷിങ്ടണില്‍ വൈറ്റ് ഹൗസില്‍ നിന്ന് അധികം ദൂരയല്ലാതെ യുഎസ് നേവല്‍ ഒബ്സര്‍വേറ്ററിക്കു സമീപമാണ് വൈസ് പ്രസിഡന്റ് താമസിക്കുന്ന കൊട്ടാരം. 

വെള്ള നിറത്തിലുള്ള ഈ കൊട്ടാരം 19-ാം നൂറ്റാണ്ടിലാണു നിര്‍മിച്ചത്. 12 ഏക്കര്‍ വിസ്തൃതിയിലുള്ള ഭൂമിയിലാണ് വിശാലമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒബ്സര്‍വേറ്ററി സൂപ്രണ്ടിനുവേണ്ടി 1893 ലാണ് ഇതു നിര്‍മിച്ചത്. 1924 വരെ നാവികസേനയുടെ മേധാവി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 50 വര്‍ഷത്തിനു ശേഷം ഇത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു. വാള്‍ട്ടര്‍ മൊണ്ടലും കുടുംബവുമാണ് ആദ്യം ഇവിടെ വൈസ് പ്രസിഡന്റായി താമസിക്കാന്‍ എത്തിയത്. 

വൈസ് പ്രസിഡന്റുമാര്‍ അവരുടെ സ്വകാര്യ വസതികളില്‍ തന്നെ താമസിക്കുകയും വാടകയ്ക്ക് കെട്ടിടം എടുക്കുന്നതുമായിരുന്നു പതിവെങ്കില്‍ വാടകക്കെട്ടിടങ്ങളുടെ ഭീമമായ വാടക കുറയ്ക്കാന്‍വേണ്ടിയാണ് ഒബ്സര്‍വേറ്ററി ക്ലിനിക്ക് ഔദ്യോഗിക വസതിയാക്കി മാറ്റാന്‍ തീരുമാനിച്ചത്. 

2008 മുതല്‍ 2016 അവസാനം വരെ ഇവിടെ ജോ ബൈഡനും കുടുംബവുമാണ് താമസിച്ചിരുന്നത്. വിജയം ഉറപ്പായാല്‍ കമലയും ഇവിടെത്തന്നെ താമസിക്കേണ്ടിവരും. ഇന്ത്യന്‍ വേരുകളുള്ള, കറുത്ത വംശജയായ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍. അഭിഭാഷകനായ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും കമലയ്ക്കൊപ്പം ഒബ്സര്‍വേറ്ററി ക്ലിനിക്കില്‍ തന്നെയായിരിക്കും താമസം. 

മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ ഹാള്‍, സിറ്റിങ് റൂം എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ രണ്ടു കിടപ്പുമുറികളും പഠന മുറിയുമുണ്ട്. മൂന്നാം നില ജീവനക്കാര്‍ക്കുവേണ്ടിയാണു നീക്കിവച്ചതെങ്കിലും ഇപ്പോള്‍ വൈസ് പ്രസിഡന്റിന്റെ മക്കള്‍ക്കു താമസിക്കാന്‍വേണ്ടിയുള്ള നാലു കിടപ്പുമുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും മറ്റും താഴത്തെ നിലയില്‍ തന്നെയാണ്. 

2017 ല്‍ പ്രസിദ്ധീകരിച്ച ‘ നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍’  എന്ന പുസ്തകം ഈ കെട്ടിടത്തിന്റെ കഥയാണു പറയുന്നത്. കാലാകാലങ്ങളില്‍ കെട്ടിടത്തിനുണ്ടായ രൂപമാറ്റങ്ങളുടെ ചരിത്രവും. ഡാന്‍ ക്വെയ്ല്‍ എന്ന വൈസ് പ്രസിഡന്റാണ് ഇവിടെ നീന്തല്‍ക്കുളം നിര്‍മിച്ചത്. അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍ ഈ കുളം ഉപയോഗിച്ചിട്ടുമുണ്ട്. ബൈഡന്‍ ഇവിടെയുണ്ടായിരുന്ന കാലത്ത് മരത്തിന്റെ ചുവട്ടില്‍  ഫലകം സ്ഥാപിച്ചിരുന്നു. 2010 ലെ വാലന്റൈന്‍സ് ദിനത്തിന്റെ ഓര്‍മയ്ക്കുവേണ്ടിയായിരുന്നു അത്. പിന്നീട് ഒരു പൈതൃക പൂന്തോട്ടവും അദ്ദേഹത്തിന്റെ സംഭാവനയായി ഇവിടെ നിര്‍മിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA