sections
MORE

അമ്മയുടെ വയറ്റിൽ പെണ്ണെന്നറിഞ്ഞപ്പോൾ ഗർഭച്ഛിദ്രത്തിന് പിതാവ് നിർബന്ധിച്ചു: ഡോക്ടറുടെ അനുഭവ കുറിപ്പ്

geethika
ഗീതിക. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

വിലങ്ങുകൾ ഭേദിച്ച് ജീവിത വിജയം നേടിയവരായിരിക്കും പലപ്പോഴും സ്ത്രീകൾ. രക്ഷിതാക്കളുടെ ഇഷ്ടാനുസരണം മാത്രമായിരിക്കും അവരുടെ ജീവിതം. എന്തെങ്കിലും രീതിയിൽ എതിർത്താൽ പിന്നെ നേരിടേണ്ടി വരുന്നത് ശാരീരിക മർദനവുമായിരിക്കാം. എന്നാൽ ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്വന്തം കാലിൽ നിൽക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഒരു പെൺകുട്ടി. മർദനങ്ങളുടെ കഠിനപർവം താണ്ടി വിലക്കുകൾ ഭേദിച്ച് എത്തുകയാണ് രാജസ്ഥാൻ സ്വദേശിയായ ഡോ. ഗീതിക ബണ്ഡേവാൽ. ബാല്യത്തിലു കൗമാരത്തിലും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് ഗീതിക. പെൺകുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഗീതികയുടെ ജീവിതം. വീടകങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ തുറന്നു പറയാൻ പലപ്പോഴും പെൺകുട്ടികൾക്ക് കഴിയാറില്ലെന്നും ഗീതിക പറയുന്നു. സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഗീതിക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഗീതികയുടെ വാക്കുകൾ

ഗർഭം ധരിച്ചിരിക്കുന്നത് പെൺകുട്ടിയെയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ അമ്മയോട് രണ്ടുതവണ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നു. അവരുടെ ആദ്യ രാത്രി മുതൽ അമ്മ അദ്ദേഹത്തിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഭക്ഷണത്തിന് രുചിയില്ല. അച്ഛന്റെ പണം കൊണ്ടു കഴിയുന്നു എന്നെല്ലാം പറഞ്ഞ് ഉപദ്രവിച്ചിരുന്നു. എന്റെ നാലു വയസ്സു മുതൽ എന്നെയും അച്ഛൻ മർദിക്കും. എന്നെ ഇടിക്കും മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്തു. പക്ഷേ, എന്റെ സഹോദരിയെയും സഹോദരനെയും അപൂര്‍വമായേ മർദിച്ചിരുന്നുള്ളൂ. അതെന്തിനാണെന്നും എനിക്ക് മനസ്സിലായിരുന്നില്ല. 

സയൻസിൽ ഉപരി പഠനം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും അടിച്ചു. ഞാൻ കൊമഴ്സോ ആർട്സ് വിഷയങ്ങളോ എടുത്താൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന്റെ പദ്ധതി. സഹോദരങ്ങളും എന്നെ പിന്തുണച്ചില്ല. ഞാൻ നന്നായി പഠിച്ചു. ഡോക്ടറാകാനായിരുന്നു എന്റെ ആഗ്രഹം. പരീക്ഷ പാസായി മുംബൈയിലെ മെഡിക്കല്‍ കോളജിൽ പഠനത്തിന് അവസരവും ലഭിച്ചു. സർക്കാർ സ്ഥാപനമായതിനാൽ പണം കുറവായിരുന്നു. എന്റെതായ ഒരിടം കണ്ടെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. പഠനത്തിനൊപ്പം കായിക പരിപാടികളിലും സൗന്ദര്യ മത്സരത്തിലും ഞാൻ പങ്കെടുത്തു.

പഠനശേഷം മുംബൈയിൽ ജോലികിട്ടാൻ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ ആ ദിവസങ്ങളിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലം. ഞാൻ സമ്പാദിക്കുന്നില്ലെന്നു പറഞ്ഞ് അച്ഛൻ മർദിച്ചു. ഒരിക്കൽ കയ്യിലിരുന്ന പഴം തട്ടിയെടുത്ത് സ്വന്തമായി അധ്വാനിച്ച് കഴിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. അതെനിക്ക് സഹിക്കാനായില്ല. അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. അപ്പോഴാണ് എനിക്ക് പിജിക്ക് സ്കോളർഷിപ്പ് ലഭിച്ചത്. കൂടാകെ ഞാൻ മോഡലിങ് രംഗത്തും സജീവമാകാൻ തുടങ്ങി. പക്ഷേ, എന്റെ ചിത്രം ഓൺലൈനിൽ വന്നപ്പോൾ സഹോദരി പ്രശ്നമുണ്ടാക്കി. അന്ന് കോളജിൽ എത്തിയ അച്ഛനും സഹോദരിയും എന്നെ മർദിച്ചു. ഞാൻ ബാത്റൂമിലേക്ക് ഓടിപ്പോയി എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവർ വന്നാണ് അച്ഛനെയും സഹോദരിയെയും അവിടെ നിന്നും കൊണ്ടുപോയത്. എന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ കൊല്ലുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി. അതോടെ അദ്ദേഹം എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിച്ചു. 

വീട്ടിലേക്കു വരുത്താനായി നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവിൽ പിജി കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. പീഡനം തുടർന്നു കൊണ്ടിരുന്നു. ജോലിക്കായി കഠിനപരിശ്രമം നടത്തിയ എനിക്ക് ആറുമാസത്തിനകം ജോലി കിട്ടി. ഒരു വർഷത്തിനു ശേഷം ഞാൻ മോഡലിങ്  ആരംഭിച്ചു. ഇക്കാലമെല്ലാം എന്റെ അച്ഛനും അമ്മയും വിവാഹം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, എനിക്ക് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർക്ക് മറുപടി നൽകി. ദീപാവലിക്ക് വീട്ടിൽ പോയി. സമ്പാദിക്കുന്നതു കൊണ്ട് അച്ഛൻ ഇനി മർദിക്കില്ലെന്നാണ് കരുതിയത്. പക്ഷേ, എന്റെ തെറ്റായ ധാരണയായിരുന്നു അത്. മറ്റൊരു പരസ്യ ചിത്രം കണ്ടത് പ്രശ്നമായി. അച്ഛനും സഹോദരനും മുടി പിടിച്ച് വലിച്ച് നിലത്തിട്ട് മർദിച്ചു. അമ്മയും സഹോദരിയും നിശബ്ദം നോക്കി നിൽക്കുകയായിരുന്നു. അയൽവാസികളാണ് വന്ന് രക്ഷപ്പെടുത്തിയത്. 

അയൽവാസിയായ ഒരാൾക്കൊപ്പം പോയി ഞാൻ എഫ്ഐആർ റജിസ്റ്റർ ചെയ്തു. അമ്മയോട് എനിക്കൊപ്പം വരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ബാഗും എടുത്ത് മുംബൈയിലേക്ക് വന്നു. ജോലിയും കായിക മേഖലയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതയായി. അവരെ കുറിച്ചു ചിന്തിക്കുമ്പോൾ എനിക്ക് വേദനിക്കും. പക്ഷേ, എനിക്ക് മതിയായി. ഇനി അങ്ങോട്ട് തിരിച്ചു പോകില്ലെന്ന് ഞാൻ സത്യം  ചെയ്തു. കാരണം കുടുംബത്തിൽ നിന്നാണെങ്കിലും പീഡനം പീഡനം തന്നെയാണ്. ഇനി സഹിക്കാനാകില്ല.

English Summary: Dr. Geethika's Social media post About her Father Abuse and Patriarchy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA