sections
MORE

ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചു; തരിശു നിലത്തിൽ ചന്ദന മണമുള്ള വിജയഗാഥ രചിച്ച വനിത

kavitha
SHARE

ഏറെ ആഗ്രഹിച്ചു നേടിയ ജോലി ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാൻ  നിർബന്ധിതരാകുമ്പോൾ മനസ്സ് മടുക്കുന്നവരാണ് അധികവും. എന്നാൽ കർണാടക സ്വദേശിനിയായ കവിത മിശ്രയുടെ ജീവിതം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. വിവാഹത്തിനു ശേഷം ഇൻഫോസിസിൽ ആഗ്രഹിച്ച ജോലി നേടിയപ്പോൾ കവിത ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ കുടുംബപരമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഭർത്താവ് ഇൻഫോസിസ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയണമെന്ന് നിർബന്ധം പിടിച്ചപ്പോൾ അവർ പ്രതിസന്ധിയിലായി. ഒടുവിൽ ഗത്യന്തരമില്ലാതെ ജോലി ഉപേക്ഷിക്കുക തന്നെ ചെയ്തു. പക്ഷേ ആഗ്രഹിച്ചത് നേടാനാകാത്ത വിഷമത്തിൽ ഒതുങ്ങിക്കൂടാൻ കവിത ഒരുക്കമായിരുന്നില്ല. ഭർത്താവ് കൃഷിക്കായി വിട്ടുനൽകിയ എട്ട് ഏക്കർ സ്ഥലത്ത് കഠിനാധ്വാനം കൊണ്ട് പൊന്നുവിളയിച്ച് കാർഷികരംഗത്ത് തന്നെ പേര് എടുത്തിരിക്കുകയാണ് ഈ വനിത. റായ്ച്ചുർ ജില്ലയിലുള്ള കവിതയുടെ ഫാം ഇപ്പോൾ കർണാടകയിലും പുറത്തും ഏറെ പ്രശസ്തമാണ്.

ജോലി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടും കൽപ്പിച്ച് കാർഷിക രംഗത്തേക്ക് ഇറങ്ങാൻ തന്നെ ആയിരുന്നു കവിതയുടെ തീരുമാനം. ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് നിലനിൽക്കണമെന്ന ആഗ്രഹം മൂലം മാതാപിതാക്കൾ വിവാഹത്തിന് നൽകിയ സ്വർണ്ണം വിറ്റ്  എട്ടേക്കർ നിലത്ത് കൃഷിക്കായി തന്നെ മുന്നിട്ടിറങ്ങി.കൃഷിയെ പറ്റി വിദഗ്ധരുടെ പക്കൽ നിന്നും വിശദമായി പഠിക്കാനായിരുന്നു ആദ്യശ്രമം. ഒടുവിൽ മാതളനാരകം നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു.

എട്ടേക്കർ നിലവും തനിയെ വൃത്തിയാക്കി എടുത്ത ശേഷമായിരുന്നു കൃഷി ആരംഭിച്ചത്. ജൈവവളവും കൃത്യമായ പരിപാലനവും എല്ലാം കൃത്യമായപ്പോൾ കൃഷി ഉദ്ദേശിച്ചതിലധികം ലാഭം കൊയ്തു. ആദ്യ സംരംഭം വിജയമായതിനെ തുടർന്ന്  ആത്മവിശ്വാസം നേടിയതോടെ  കൂടുതൽ ലാഭം ലഭിക്കുന്ന  ചന്ദന കൃഷിയിലേക്ക് തിരിഞ്ഞു. കർണാടകയിൽനിന്നും തെലുങ്കാനയിൽ നിന്നുമായി ചന്ദന തൈകൾ വാങ്ങി കൃഷി ചെയ്തു. 

ജലക്ഷാമം ഏറെയുള്ള പ്രദേശമായതിനാൽ നെല്ല്, റാഗി പോലെയുള്ളവയൊന്നും കൃഷിചെയ്യാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ഏറെ പണിപ്പെട്ട് വെള്ളമെത്തിച്ച് പലതരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചു. ഇന്നിപ്പോൾ എട്ടേക്കർസ്ഥലത്ത് 8000 ഫലവൃക്ഷങ്ങളാണ് കവിതയുടെതായി ഉള്ളത്. പേരക്കയും മാങ്ങയും കസ്റ്റഡ് ആപ്പിളും നാരങ്ങയും ഞാവൽ പഴവും ഇതിനു പുറമേ തെങ്ങും മുരിങ്ങയും എല്ലാം ഇവിടെ വിളയുന്നു.

ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കൃഷിയിലൂടെ മാത്രം കവിത നേടുന്നത്. ഇതിനുപുറമേ ചന്ദന കൃഷിയിൽ നിന്നുള്ള ലാഭം വേറെയും. കൃഷിക്കായി ഫലവൃക്ഷങ്ങളും ചന്ദനവും തിരഞ്ഞെടുത്തതിലൂടെ തരിശുനിലത്തെ ജലക്ഷാമവും ഒരു പരിധി വരെ കുറയ്ക്കാൻ ഈ വനിതയ്ക്ക് സാധിച്ചു. കവിതയുടെ ചന്ദന ഫാമിനെ കുറിച്ചു കേട്ടറിഞ്ഞു നിരവധി പേരാണ് ഇപ്പോൾ ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. ഒരിക്കൽ തീരെ താൽപര്യമില്ലാതിരുന്ന മേഖലയിൽ തിളങ്ങുന്ന വിജയം കൈവരിച്ച കവിത ഇന്ന് കാർഷിക മേഖലയിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സഹായവുമായി രംഗത്തുണ്ട്. കാർഷിക മേഖലയിലെ നിരവധി പുരസ്കാരങ്ങളും കവിതയെ തേടിയെത്തി.ജീവിതം പ്രതിസന്ധിയിലാകുമ്പോൾ   മനസ്സാന്നിധ്യം മാത്രം കൈമുതലായാൽ തിരിച്ചടികൾ ചവിട്ടുപടികളാക്കാൻ സാധിക്കും എന്ന പാഠവുമായി  പ്രചോദനം ആവുകയാണ് കവിതയുടെ ജീവിതം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA