ADVERTISEMENT

‘ബോഡി പോസിറ്റിവിറ്റി’ സന്ദേശവുമായി ബോളിവുഡ് താരം വനിത ഖരാട്ടിന്റെ ന്യൂഡിറ്റി ഫോട്ടോ ഷൂട്ട് ചിത്രം വൈറലാകുന്നു. മറാത്തി താരമായ വനിത 2019ൽ പുറത്തിറങ്ങിയ ഷാഹിദ് കപൂർ ചിത്രം കബീർ സിങ്ങിലെ വേലക്കാരി വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഫോട്ടോ ഷൂട്ടിനു പിന്നിലെ ലക്ഷ്യത്തെ കുറിച്ചും ഈ ആശയത്തെ കുറിച്ചും തുറന്നു പറയുകയാണ് വനിത. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ശരീരഘടനയിലൂടെ ഒരാളെയും അളക്കരുതെന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് വനിത പറയുന്നു. ‘അമിതവണ്ണമുള്ള ഒരു പെൺകുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? അമിതവണ്ണുള്ള പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളെയാണ് ഈ ചിന്തകൾ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങൾ പറയുന്നത്.’– വനിത പറയുന്നു. 

അമിതവണ്ണത്തിന്റെ പേരിൽ നേരിടുന്ന വിവേചനത്തെ കുറിച്ചും വനിത പറഞ്ഞു. ‘എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കിൽ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തിൽ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി  പോസിറ്റിവിറ്റി സന്ദേശം നൽകുന്നത് സിനിമയിലെ വേഷങ്ങൾക്ക് തടസമാകുമെന്ന് ഞാൻ കരുതുന്നില്ല. നഗ്ന ചിത്രത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. അവരോടുള്ള മറുപടി ഇതാണ്. ഇങ്ങനെയാണ് ജനിച്ചത്, ഇങ്ങനെ തന്നെ ജീവിക്കും, ഈ വിഷയം ഇങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ എന്താണ് നിങ്ങൾ മോശമായി തോന്നുന്നത്?.’ വനിത വ്യക്തമാക്കി. വലിയ വിമർശനങ്ങൾ ഉയര്‍ന്ന ചിത്രമാണ് കബീർ സിങ്ങ്. ഷാഹിദ് കപൂറിന്റെ കഥാപാത്രം  മാത്രമാണ് അതെന്നും സിനിമയെ സിനിമയായി കാണാൻ ശ്രമിക്കണമന്നും അവർ കൂട്ടിച്ചേർത്തു. 

English Summary: Vanita Kharat Reaction On Body Positivity Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com