sections
MORE

‘വൈസ് പ്രസിഡന്റ് ആന്റി’, ചരിത്ര മുഹുർത്തത്തിന് സാക്ഷ്യം വഹിക്കാൻ കമലയുടെ കുടുംബം

kamala-harris
SHARE

യുഎസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ബുധനാഴ്ച കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചരിത്ര മൂഹൂർത്തത്തിനു സാക്ഷിയാകാൻ വലിയ ഒരു കുടുംബം കാത്തിരിക്കുന്നു. അമേരിക്കയുടെ വൈവിധ്യത്തിന്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും നേർച്ചിത്രമാണ് ആ കുടുംബം. വൈസ് പ്രസിഡന്റാകുന്ന ആദ്യ കറുത്ത വംശജ, ദക്ഷിണേഷ്യൻ എന്നീ നിലകളിലും 58 വയസ്സുകാരിയായ കമല ചരിത്രം തിരുത്തിക്കുറിക്കുന്ന ചടങ്ങാണു നടക്കാൻ പോകുന്നത്.

കമലയുടെ അനന്തരവളായ മീന ഹാരിസ് ചടങ്ങിൽ പങ്കെടുക്കുന്നതു പ്രത്യേകം ഡിസൈൻ ചെയ്ത ടി ഷർട്ട് ധരിച്ചുകൊണ്ടായിരിക്കും. ‘വൈസ് പ്രസിഡന്റ് ഓണ്ടി’എന്ന സ്നേഹനിർഭരമായ വാക്കുകൾ ഷർട്ടിൽ എഴുതിയിട്ടുണ്ടായിരിക്കും. ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളും തീർച്ചയായും ചടങ്ങിൽ സംബന്ധിക്കും. അവരും ദിവസങ്ങളായി കാത്തിരിപ്പിലാണ്. ന്യൂയോർക്കിൽ കലാ വിദ്യാർഥിയായ എല്ല എംഹോഫ് പ്രത്യേകം സ്യൂട്ടാണു ചടങ്ങിനു വേണ്ടി തയാറാക്കിയിരിക്കുന്നത്. കമലയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ കെസ്റ്റിൻ എംഹോഫും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെസ്റ്റിനും എംഹോഫും ഇപ്പോഴും സുഹ‌ൃത്തുകളാണ്. ആ സൗഹൃദം കമലയും കാത്തുസൂക്ഷിക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുക ഡഗ് എംഹോഫ് തന്നെയായിരിക്കും. കമലയുടെ ഭർത്താവ്. ജീവിതത്തിലും കരിയറിലും ഭാര്യയെ പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന മാതൃകാ ഭർത്താവ് എന്ന നിലയിൽ. സെക്കൻഡ് ജെന്റിൽമാൻ എന്ന അപൂർവ പദവിയാണ് വൈസ് പ്രസിഡന്റിന്റെ ഭർത്താവ് എന്ന നിലയിൽ എംഹോഫിനെ കാത്തിരിക്കുന്നത്.

അമേരിക്കൻ സംസ്കാരത്തിന്റെ അനിവാര്യ ഭാഗം തന്നെയാണ് കുടുംബം എന്നു തെളിയിക്കാനും കമല ഹാരിസിനു കഴിഞ്ഞിരിക്കുന്നു. കുടുംബം എന്നത് എത്ര മഹത്തായ ശക്തിയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്ന് ഒരിക്കൽക്കൂടി അമേരിക്കക്കാർക്കു മനസ്സിലാക്കാനും ഇതിലൂടെ കഴിഞ്ഞേക്കും എന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇന്ത്യക്കാരിയായ അമ്മയുടെയും ജമൈക്കക്കാരനായ അച്ഛന്റെ മകളായി വളർന്നുവന്ന കമല ഹിന്ദു, ക്രിസ്ത്യൻ സംസ്കാരങ്ങളുമായി ഇടപഴകിയാണു വളർന്നത്. എന്നാൽ വെള്ളക്കാരനായ ഭർത്താവ് എംഹോഫ് യഹൂദ വിശ്വാസികൾ ഒത്തുകൂടുന്ന വേനൽ ക്യാംപുകളിൽ പങ്കെടുത്തിട്ടുള്ള ആളാണ്. സാധാരണ അമേരിക്കൻ സ്ത്രീകളിൽ നിന്നു വ്യത്യസ്തമായി വൈകിയാണ് കമല വിവാഹം കഴിക്കുന്നതു തന്നെ. 40 വയസ്സിനു ശേഷം. എന്നാൽ പിന്നീട് വൈകിയുള്ള വിവാഹങ്ങൾ അമേരിക്കയിൽ വർധിച്ചു എന്നാണു കണക്കുകൾ തെളിയിക്കുന്നത്. എംഹോഫ് അപ്പോഴേക്കും വിവാഹമോചിതനായിക്കഴിഞ്ഞിരുന്നു. ആദ്യ ബന്ധത്തിൽ അദ്ദേഹത്തിനു രണ്ടു മക്കളാണുള്ളത്. യഥാർഥ മാതാപിതാക്കൾക്കൊപ്പമല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന ഒട്ടേറെ കുട്ടികൾ അമേരിക്കയിലുണ്ട്. അവരുടെ പ്രതിനിധികളാണ് ഇപ്പോൾ എംഹോഫിനൊപ്പമുള്ള ആദ്യ ബന്ധത്തിലെ രണ്ടു മക്കളമായ എല്ലയും കോളും.

കമലയ്ക്ക് മക്കളില്ല. എന്നാൽ ഭർത്താവിന്റെ മക്കൾക്ക് അമ്മയായിരിക്കുന്നതിലൂടെ താൻ അമ്മയായി തന്നെയാണു ജീവിക്കുന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്. മാതൃത്വം മാത്രമല്ല, സ്നേഹവും സ്നേഹനിർഭരവുമായ പെരുമാറ്റവും കൂടിയാണ് ഒരു സ്ത്രീയെ അമ്മയാക്കുന്നതെന്നും. സഹോദരിയുടെ മായയുടെ മകൾ മീന ഹാരിസും കമലയെ അമ്മയായി തന്നെയാണു സ്നേഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.കാൻസർ രംഗത്തെ ഗവേഷയാകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ നിന്ന് കൗമാരത്തിൽ കലിഫോർണിയയിൽ കുടിയേറിയ അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് ഒട്ടേറെത്തവണ കമല അനുസ്മരിച്ചിട്ടുണ്ട്. കമലയുടെ അച്ഛനുമായി അകന്നതിനുശേഷമായിരുന്നു ശ്യാമള അമേരിക്കയിൽ എത്തിയത്. അതിനുശേഷം അമ്മയ്ക്കൊപ്പം കമലയും മായയും ഒരുമിച്ചു സുഖദുഃഖങ്ങൾ പങ്കിട്ടാണു ജീവിച്ചത്. പിന്നീട് മീനയും അവർക്കൊപ്പം ചേർന്നു.

എന്തായാലും കുടുംബ ബന്ധങ്ങളുടെ അടുപ്പവും ശക്തിയും തീക്ഷ്ണതയും തെളിയിക്കുന്ന ചടങ്ങായിരിക്കും കമല സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നടക്കുക. അമേരിക്ക മാത്രമല്ല ലോകം മുഴുവൻ ആ ചടങ്ങ് അതിർത്തികളെ അതിജീവിക്കുന്ന സ്നേഹത്തിന്റെ നിറവായി ഏറ്റുവാങ്ങാൻ പോകുന്നു.

English Summary: Kamala Harris will make history, so will her ‘big, blended’ family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA