sections
MORE

കസേരയിൽ ഇരുന്ന് ഉറക്കം; ജീവിതത്തിരക്കുകൾ പറയാതെ പറഞ്ഞ് പ്രിയങ്ക; വൈറലായി ചിത്രം

priyanka-sleep
SHARE

ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം എന്നു പറയാറുണ്ട്. പറയാതെ പറയാനുള്ള ചിത്രത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്. ബോളിവുഡിൽ നിന്ന് ഹോളിവുഡിനോളം സഞ്ചരിച്ചു വിജയം നേടിയ  നടിയും നിർമാതാവുമായ പ്രിയങ്ക ചോപ്രയും ഇപ്പോൾ പറയുന്നതു ചിത്രങ്ങളുടെ അസാധാരണമായ ശക്തിയെക്കുറിച്ചാണ്. ചിത്രം മറ്റാരുടേതുമല്ല, പ്രിയങ്കയുടേതു തന്നെ. ലണ്ടനിൽ തിരക്കിനിടെ ലഭിച്ച അൽപസമയത്തിൽ ഒരു കസേരയിൽ മയങ്ങിക്കിടക്കുന്ന നടിയാണു ചിത്രത്തിൽ. ഈ ചിത്രം ഒന്നല്ല, ഒരായിരം കാര്യങ്ങൾ ലോകത്തോടു പറയുന്നു എന്നത് അതിശയോക്തിയല്ല. 

38 വയസ്സുകാരിയായ നടി ഇപ്പോൾ ലണ്ടനിലാണ്. ‘ടെക്സ്റ്റ് ഫോർ യൂ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിൽ. ഈ മാസം ആദ്യ ഷൂട്ടിങ് തീർന്നെങ്കിലും നടിക്കു ലണ്ടൻ വിടാൻ കഴിയാതിരുന്നത് കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലമാണ്. മറ്റു ജോലികൾ എല്ലാം മാറ്റിവച്ചിട്ട് അവർക്ക് ലണ്ടനിൽതന്നെ കുറേ ദിവസങ്ങൾ കൂടി ചെലവഴിക്കേണ്ടിവന്നു. ചിത്രീകരണം തീർത്ത് ലൊസാഞ്ചൽസിൽ വേഗം എത്താമെന്ന അവരുടെ പ്രതീക്ഷയ്ക്കും അതോടെ മങ്ങലേറ്റു. യുഎസിലെ ലോസാഞ്ചൽസിലാണ് നടി ഗായകൻ നിക് ജോനാസിനൊപ്പം താമസിക്കുന്നത്. പൂർത്തിയാക്കിയ ഓർമക്കുറിപ്പ് ‘അപൂർണം’ പ്രസിദ്ധീകരിക്കാനുള്ള തീയതി അടുത്തുവരുന്നതിനാൽ അതിന്റെ ജോലികളും ചെയ്തുതീർക്കേണ്ടതുണ്ട്. പുതിയ സിനിമ വൈറ്റ് ടൈഗറിന്റെ പ്രമോഷണൽ പരിപാടികളും തീർക്കേണ്ടതുണ്ട്. 

ചുരുക്കത്തിൽ ഒരു നിമിഷം പോലും വെറുതെ കളയാതെ കഠിനമായി അധ്വാനിക്കേണ്ട ദിവസങ്ങൾ. സ്വാഭാവികമായും നടിയുടെ ആരാധകർക്ക് ഒരു ചോദ്യമുണ്ട്. ഇത്രയധികം കാര്യങ്ങൾ എങ്ങനെ പ്രിയങ്കയ്ക്ക് ചെയ്തുതീർക്കാൻ കഴിയുന്നു. അതിന്റെ ഉത്തരമാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം. ഫോർമൽ ടോപാണ് ധരിച്ചിരിക്കുന്നത്. കൂടെ കാഷ്വൽ പാന്റ്സും. സൂം മീറ്റിങ്ങുകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകും. അങ്ങനെ വന്നാൽ ഉറക്കത്തിടെപോലും പ്രിയങ്കയ്ക്ക് മീറ്റിങ്ങിൽ ഹാജരാകാനാകും. അതിനു യോജിച്ച വേഷമാണ് അവർ ധരിച്ചിരിക്കുന്നത്. ഒരു കിടക്കയിൽ നീണ്ടു നിവർന്ന് കിടന്ന് ഉറങ്ങി തീര്‍ക്കുന്നതു മാത്രമല്ല ഉറക്കം. കസേരയിൽ കുറച്ചുനേരം മയങ്ങിയാലും ഉറക്കത്തിന്റെ ക്ഷീണം മാറ്റാനാകും. തിരക്കിട്ട ഷെഡ്യൂൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ചോദ്യത്തിന് ഇതാണു പ്രിയങ്കയുടെ ഉത്തരം. ഈ ചിത്രത്തിലൂടെ ഇങ്ങനെയാണു താൻ തിരക്ക് കൈകാര്യം ചെയ്യുന്നതെന്ന് പ്രിയങ്ക പറയാതെ പറയുന്നു. 

ലണ്ടനിൽ താമസിച്ചുകൊണ്ട് അമേരിക്കയിലെ ടോക് ഷോകളിൽ ഇങ്ങനെയാണ് നടി പങ്കെടുക്കുന്നതും. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമയ വ്യത്യാസത്തെയും ഇങ്ങനെ മറികടക്കാൻ അവർക്കു സമർഥമായി കഴിയുന്നു. സമൂഹ മാധ്യമങ്ങളിൽ ഈയടുത്ത് അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെല്ലാം ഈ പ്രത്യേകത കാണാം. ഫോർമൽ വസ്ത്രങ്ങൾക്കൊപ്പം കാഷ്വൽ പാന്റ്സ് അല്ലെങ്കിൽ പൈജാമ. വർക് ഹോം ഷെഡ്യൂളിൽ ജോലി ചെയ്യുന്നവർ പലപ്പോഴും ഇത്തരം വേഷങ്ങളാണ് ധരിക്കുന്നത്. ക്യാമറയിൽ കാണുന്ന ഭാഗത്ത് ഔപചാരിക വേഷവും ബാക്കി വീട്ടിലിടുന്ന അനൗപചാരിക വേഷവും. അടുത്തിടെ ലോക്ഡൗൺ നിയമം ലംഘിച്ചു എന്ന ആരോപണവും നടിക്കു നേരിടേണ്ടിവന്നിരുന്നു. എന്നാൽ വിശദമായ ഒരു മറുപടിയിലൂടെ നടി ആരോപണത്തിനു മറുപടി പറഞ്ഞു. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം ‘ദ് വൈറ്റ് ടൈഗർ’ ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. 

English Summary: This Pic Reveals Priyanka Chopra's Secret To Global Domination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA