ADVERTISEMENT

തമിഴ് സീരിയൽ, സിനിമാ രംഗത്തെ പരിചിതമുഖമാണ് നമിത. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നമിതയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. വിഷാദവും ആത്മഹത്യാ ചിന്തകളും അലട്ടിയരുന്ന നാളുകളെക്കുറിച്ചാണ് നമിതയുടെ തുറന്നുപറച്ചിൽ. അമിതഭാരമാണ് വിഷാദരോഗത്തിലേക്ക് തന്നെ നയിച്ചതെന്നു നമിത പറയുന്നു. അതിൽ നിന്നും പഴയ ജീവിതത്തിലേക്കെത്താൻ സഹായിച്ചത് യോഗയും ധ്യാനവുമാണെന്നും താരം വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനൊപ്പം താരം തന്റെ രണ്ടു ചിത്രങ്ങളും പങ്കു വച്ചു. 

ഇതില്‍ ഒരു ചിത്രം 10 വർഷങ്ങൾക്കു മുൻപും ഒരു ചിത്രം ഏതാനും നിമിഷങ്ങള്‍ക്കു മുൻപും എടുത്തതാണെന്ന് താരം പറയുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്നും നമിത പറഞ്ഞു. ‘കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍. ആളുകളുമായി ഇടപഴകുന്നതില്‍നിന്നുപോലും വിഷാദം എന്നെ പിന്തിരിപ്പിച്ചു. എന്റെ ഉറക്കം നഷ്ടപ്പെട്ടു. രാത്രികാലങ്ങളില്‍ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തിലാണ് ഞാന്‍ എല്ലായ്‌പ്പോഴും ആശ്രയം കണ്ടെത്തിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ എന്റെ ശരീര ഭാരം 97 കിലോയിലെത്തി. ഞാന്‍ മദ്യത്തിന് അടിമയാണെന്നു വരെ ആളുകള്‍ പറയാനാരംഭിച്ചു. പിസിഒഡിയും തൈറോയ്ഡും എന്നെ അലട്ടിയിരുന്ന കാര്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അതനുഭവിച്ചു.’– നമിത പറയുന്നു 

ഒടുവിൽ ഇഷ്ട ദൈവമായ കൃഷ്ണനെ കണ്ടതായും മന്ത്രങ്ങൾ ഉരുവിട്ടു ധ്യാനിക്കാൻ തുടങ്ങിയതായും നമിത വ്യക്തമാക്കി. ‘ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ ഞാന്‍ സമാധാനവും സ്നേഹവും എന്തെന്നറി​ഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്തു തന്നെ ആകട്ടെ, അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ട്'.– താരം പറയുന്നു. അതേസമയം നമിതയുടെ അഭിപ്രായ പ്രകടനത്തെ വിമർശിക്കുന്നവരും ഉണ്ട്. വിഷാദരോഗത്തിന് ഡോക്ടർമാരുടെ സഹായം തേടണമെന്നും ഇത്തരം മാർഗങ്ങളല്ല സ്വീകരിക്കേണ്ടതെന്നും വിമർശകര്‍ പറയുന്നു. 

English Summary: Actress Namita Reveals how Yoga Meditation Helped to Overcome Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com