ADVERTISEMENT

അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ, ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെയെന്ന ബൈബിൾ വചനം ജീവിതത്തിൽ  പകർത്തുകയാണ് സിസ്റ്റർ ജോസിയ. അരക്ഷിതരും  ആലംബഹീനർക്കും മുന്നിൽ പ്രതീക്ഷയുടെയും നിയമത്തിന്റെയും വാതിൽ തുറക്കുന്ന സഭയുടെ മണവാട്ടി വക്കീൽ വേഷം അണിയുന്നത് നീതിയും ന്യായവും സാധാരണക്കാർക്ക് മുന്നിൽ എത്തിക്കാൻ.  തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ ജോസിയ 15 വർഷം മുമ്പാണ് സിസ്റ്റേഴ്സ് ഓഫ് ദ ‍ഡെസ്റ്റിറ്റ്യൂട്ട്  സന്യാസിനി സമൂഹത്തിൽ അം​ഗമാകുന്നത്. ചെറുപ്പം മുതലേ നീതിയും ന്യായവും എല്ലാവർക്കും ലഭ്യമാകണമെന്ന ഉറച്ച  ആ​ഗ്രഹമുണ്ടായിരുന്ന ജോസിയ സഭയുടെ മണവാട്ടിയായപ്പോഴും ആ മോഹം ഉള്ളിൽ കാത്ത് നിയമം പഠിച്ച് വക്കീലായി, നിർധനർക്കായി ഫീസ് വാങ്ങാതെ കേസ് നടത്താൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞു. തൊടുപുഴ മുട്ടം കോടതിയിലെ തിരക്കുള്ള വക്കീലായിട്ടും സിസ്റ്റർ ജോസിയ നിയമം പഠിക്കാൻ ലോ കോളജിന്റെ പടി കയറിയപ്പോൾ  മനസ്സോടു ചേർത്തു പിടിച്ച പ്രതിജ്ഞയ്ക്ക് അണുവിട പോലും മാറ്റം വരുത്താൻ തയാറായിട്ടില്ല. മുട്ടം കോടതിയിലെ ഫീസില്ലാ വക്കീലെന്നു പറഞ്ഞ് പലരും നെറ്റി ചുളിച്ചപ്പോൾ, സിസ്റ്റർ ഫീസ് കൊടുക്കാൻ ​ഗതിയില്ലാത്തവരുടെ വക്കീലായി മാറുകയായിരുന്നു. ജസ്റ്റിസ് കെ. ടി. തോമസിന്റെ  ശിഷ്യയായി പ്രാക്ടീസ് തുടങ്ങിയ ജോസിസയുടെ കക്ഷികളെല്ലാം പാവപ്പെട്ടവരായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്തവർ, കോടതിയും നിയമവും വശമില്ലാത്തവർ, നിയമ പരിരക്ഷയെക്കുറിച്ച് അറിവില്ലാത്തവർ, നിയമത്തിന്റെ വരും വരായ്മകളെക്കറിച്ച് ബോധ്യമില്ലാത്തവരുടെയെല്ലാം ശബ്ദമാണ് അ‍ഡ്വ. ജോസിയ ഇപ്പോൾ.

അഗതികളുടെ സഹോദരി

സന്യാസമെന്ന വ്രതം ജീവിതത്തിൽ അണിഞ്ഞ  ജോസിയ തിരഞ്ഞെടുത്തത് ആദിവാസി മേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനി സമുഹം. കോതമം​ഗലം സെന്റ് വിൻസെന്റ്  പ്രോവിൻസ് അം​ഗമായ സിസ്റ്ററുടെ സഭയുടെ പേര് പോലെ തന്നെ അ​ഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആ​ഗ്രഹം. ക്രിമിനൽ,‌‍ സിവിൽ കേസുകളിൽ ഏറെ കഴിവ് തെളിയിച്ച സിസ്റ്ററിനൊപ്പം നിയമത്തിന്റെ നൂലിഴകൾ തലനാരിഴകീറി  വിശദമാക്കി കൊടുക്കാൻ  കെ. ടി. തോമസും സഹപ്രവർത്തകരുമുണ്ട്.  കെ.ടി. തോമസിനെപ്പോലുള്ളവരുടെ അറിവും പരിചയവും  കഴിവുമുള്ള അഭിഭാഷകരുടെ പിന്തുണയും സഹായവും കിട്ടുന്നത് അഭിഭാഷക വൃത്തിയിൽ ഏറെ അനു​ഗ്രഹമാണെന്ന് സിസ്റ്റർ പറയുന്നു. 

അഭിഭാഷക കമ്മീഷനാകാൻ മടിച്ചിട്ടും കോടതി സമ്മതിച്ചില്ല

വട്ടവടയിലെ ആദിവാസി ജനവിഭാഗത്തിന്റെ ഇടയിൽ പ്രവർത്തിച്ച് അവരുടെ വേദനയും വിഷമങ്ങളും മനസ്സിലാക്കിയിട്ടാണ് സിസ്റ്റർ േകാടതിയിലെത്തിയത്. പല കേസുകളിലും അഭിഭാഷക കമ്മീഷനായി കോടതി സിസ്റ്ററെ നിയോഗിക്കാറുണ്ട് . ഇരുപതോളം  ജപ്തി കേസുകളിൽ കമ്മീഷനായി. ഇറക്കിവിടാൻ ബാങ്കുകളും ,സ്ഥാപനങ്ങളും ,ഇറങ്ങാൻ കഴിയാതെ വീട്ടുകാരും  ഇവരുടെ ഇടയിലേക്ക് പോകാൻ സിസ്റ്ററിന് ആദ്യമൊക്കെ മടിയായിരുന്നു. കോടതിയോടും ബുദ്ധിമുട്ട് പറഞ്ഞു. പാവപ്പെട്ടവന്റെ കണ്ണീരിന് കാരണമാകുമല്ലോ എന്ന വേദനയായിരുന്നു കാരണം. സിസ്റ്റർ മാത്രം പോയാല്‍ മതിയെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാൽ ജപ്തിക്കായി പോയിട്ട് ഇന്നേവരെ ഒരു വീട്ടുകാരെയും ഇറക്കിവിടേണ്ടി വന്നിട്ടില്ലെന്ന് സിസ്റ്റർ ജോസിയ അഭിമാനത്തോടെ പറയുന്നു. വഴക്കും ബഹളങ്ങളും പ്രതീക്ഷിച്ചു ചെന്ന ബാങ്കുകാർ പോലും അത്ഭുതപ്പെട്ട സംഭവങ്ങളുമുണ്ട് . ഇതെല്ലാം പ്രാർഥനയുടെ ശക്തിയാണെന്നാണ് സിസ്റ്ററുടെ പക്ഷം.

നൊമ്പരമായിസഹോദരൻ

തൊടുപുഴ വെള്ളിയാമറ്റം  പടിഞ്ഞാറിടത്ത് ജോണി മാത്യു അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ ജോസിയ. ഏക സഹോദരൻ ജോബി അപകടത്തിൽ മരിച്ചതിന്റെ വേദന ഇപ്പോഴും ഇൗ കുടുംബത്തിൽ ‌ നൊമ്പരമായി  അവശേഷിക്കുന്നു, സഹോദരി ജോളി വിവാഹിതയാണ്. സഭാ വസ്ത്രം സ്വീകരിച്ചിട്ട് 15 വർഷം കഴിഞ്ഞു. കോൺ​ഗ്രി​ഗേഷനിൽ 13 പേർ  വക്കീൽ കുപ്പായം അണിഞ്ഞിട്ടുണ്ടെങ്കിലും കോതമം​ഗലം പ്രോവിൻസിൽ  സിസ്റ്റർ‌ ജോസിയ മാത്രമേയുള്ളൂ. തിരുവനന്തപുരം ലോ അക്കാദമിലായിരുന്നു പഠനം. മുട്ടം ജില്ലാ കോടതിയിൽ 5 വർഷമായി കേസുകൾ  വാദിക്കുന്നു. ആദ്യമായാണ് മുട്ടം കോടതിയിൽ ഒരു കന്യാസ്ത്രീ വക്കീൽ കേസ് വാദിക്കാനെത്തുന്നത്.

അവർ കൂട്ടത്തോടെ എത്തുന്നു; നീതി നടത്തി കിട്ടാൻ

കോടിക്കൊപ്പം ക്ലാസുകൾക്കും സെമിനാറുകൾക്കും കോളജുകളിലും സ്കൂളുകളിലും വനിതാ സംരംഭക ​ഗ്രൂപ്പുകളിലും പോകുന്നുണ്ട്. സൗജന്യ നിയമപരിരക്ഷ നൽകുന്ന ലീ​ഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് പാവപ്പെട്ടവർക്കായി നീതി നടപ്പാക്കാൻ പ്രവർത്തിക്കുകയാണ് ഇൗ സിസ്റ്റർ. ബൈബിളിലെ ആരെയും കൂസാത്ത ന്യായാധിപന്റെ മുന്നിൽ നീതിക്കായി നിരന്തരം എത്തിയ വിധവയെപ്പോലെ ഒട്ടേറെ പാവപ്പെട്ടവരും നിരാലംബരും ജോസിയയെ തേടിയെത്തുന്നു; നീതി നടത്തി കിട്ടാൻ. അവരുടെ മുന്നിൽ നിഷ്കളങ്കതയോടെ നിയമ പുസ്തകം തുറന്ന് നീതിക്കും ന്യായത്തിനുമായി വാദിക്കുകയാണ് ഈ സിസ്റ്റർ.

English Summary: Life Story Of Advocate Sister Josiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com