sections
MORE

കാരുണ്യത്തിനും കരുതലിനും സുനിൽ ടീച്ചറുടെ പേരാണ്; ഇരുന്നൂറ് വീടുകളുടെ കാവൽ മാലാഖ

HIGHLIGHTS
  • കാരുണ്യത്തിനും കരുതലിനും സുനിൽ ടീച്ചറുടെ പേരാണ്; ഇരുന്നൂറ് വീടുകളുടെ കാവൽ മാലാഖ
MS Sunil who helps to Built 200 Houses for Homeless People
SHARE

സ്നേഹത്താൽ അടിത്തറ കെട്ടി, കാരുണ്യത്തിൽ കെട്ടിപ്പൊക്കി, കരുതൽ മേൽക്കൂരയിട്ട 200 വീടുകൾ. അഥവാ സുനിൽ ടീച്ചർ നിർമിച്ചു നൽകിയ സ്നേഹ ഭവനങ്ങൾ. അടച്ചുറപ്പുള്ള കൂര എന്നതു സ്വപ്നത്തിൽ മാത്രം കണ്ട, ആരോരുമില്ലാത്ത 200 കുടുംബങ്ങൾക്ക് അവരുടെ കണ്ണീർ തുടച്ച കാവൽ മാലാഖയാണ് ഡോ. എം.എസ്.സുനിൽ എന്ന സാമൂഹിക പ്രവർത്തക. മനസ്സിൽ നന്മ വറ്റാത്ത ഒരുപിടി നല്ല മനുഷ്യരുടെ സ്നേഹക്കരുതൽ ചേർത്തുകെട്ടി ടീച്ചർ നിർമിച്ചു നൽകുന്ന 200–ാമത്തെ വീട് കേന്ദ്രമന്ത്രി വി.മുരളീധരൻ 18ന് കാവാലം തട്ടാശേരിൽ പാക്കള്ളിൽ രുക്മണിക്ക് കൈമാറും. 

വെള്ളപ്പൊക്കം തകർത്ത, ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിലായിരുന്നു വിധവയായ രുക്മണിയുടെ താമസം. ഒപ്പം രണ്ടു പെൺമക്കളും ഭർത്താവിന്റെ അമ്മയുടെ സഹോദരി ജാനകിയും. പോകാൻ മറ്റൊരിടമില്ലാത്ത ഇവർ സമാധാനമായി ഒന്നുറങ്ങിയിട്ട് നാളുകളായി. ഈ ദുരിതം അറിഞ്ഞ് സുനിൽ ടീച്ചർ എത്തിയതോടെ, വീട്ടുജോലി ചെയ്തു കുടുംബം പോറ്റുന്ന രുക്മണിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള സ്നേഹവീട് ഉയർന്നു. 

പേരിൽ വ്യത്യസ്ത, പ്രവൃത്തിയിലും

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സുവോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം.എസ്.സുനിൽ പേരുകൊണ്ടായിരുന്നു ചെറുപ്പം മുതൽ ശ്രദ്ധിക്കപ്പെട്ടത്. ആദ്യത്തെ കൺമണി ആണാണെന്ന കണക്കുകൂട്ടലിൽ പിതാവ് കരുതിവച്ച പേരായിരുന്നു ‘സുനിൽ’. പിറന്നത് മകളായിട്ടും തീരുമാനം മാറ്റിയില്ല. സുനിൽ എന്ന് അവളെ വിളിച്ചു. പെൺകുട്ടികൾക്കിടയിൽ ആൺ പേരുകാരിയായി സുനിൽ വളർന്നു. പേരു പറയുമ്പോൾ ആശ്ചര്യപ്പെടുന്നവരാണ് ആദ്യം പരിചയപ്പെടുന്നവരിൽ ഏറെയും. എന്നാൽ ഇന്നു പേരിന്റെ വൈവിധ്യത്തിനപ്പുറം പ്രവൃത്തിയുടെ മേന്മകൊണ്ടാണ് സുനിൽ ശ്രദ്ധിക്കപ്പെടുന്നത്. 2016ൽ ജോലിയിൽനിന്നു വിരമിച്ചതോടെ മുഴുവൻസമയ സാമൂഹിക സേവനത്തിലാണ് ടീച്ചർ.

സ്വന്തമായി വീടില്ലാത്ത പഠിക്കാൻ മിടുക്കിയായ കൊടുമൺ സ്വദേശിയായ തന്റെ വിദ്യാർഥിനിക്കായി വീടു നിർമിച്ചു നൽകിയത് 2005–06 കാലഘട്ടത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരിക്കെയാണ്. വീടിനായി നിർമാണ സാമഗ്രികൾ ചുമക്കാനും സിമന്റ് കുഴയ്ക്കാനും മണ്ണെടുക്കാനുമൊക്കെ കോളജിലെ എൻഎസ്എസ് വൊളന്റിയർമാർ അന്നു രംഗത്തിറങ്ങി. പലരും സാമ്പത്തികമായി സഹായിച്ചു. അങ്ങനെ ആദ്യ സ്നേഹവീട് ഉയർന്നു. ആ മുന്നേറ്റമാണ് ഇന്ന് 200 വീടുകളിലെത്തി നിൽക്കുന്നത്. പലയിടങ്ങളിലായി 10 വീടുകളുടെ നിർമാണവും ഇപ്പോൾ നടക്കുന്നു.

മങ്ങിയ കാഴ്ചകളെല്ലാം മായ്ക്കുന്ന കരുതൽ

സഹായത്തിനും സംരക്ഷണത്തിനും ആരുമില്ലാതെ പാറമടയുടെ വശത്ത് ചോർന്നൊലിക്കുന്ന കുടിലിൽ ക്ഷയരോഗിയായ അമ്മയും മാനസിക വളർച്ചയില്ലാത്ത 3 ആൺകുട്ടികളും. ആവശ്യത്തിനു ഭക്ഷണമില്ല. കുടിക്കാൻ ശുദ്ധജലമില്ലാത്തതിനാൽ പാറമടയിൽനിന്നുള്ള മലിനജലം ശേഖരിച്ച് ചുണ്ണാമ്പിട്ട് ശുദ്ധീകരിച്ച് മക്കൾക്കു നൽകേണ്ട ഗതികേടിലാണ് അമ്മ. അടൂരിനു സമീപം മണ്ണടി കന്നിമലയിലെ ഈ കുടുംബത്തിന്റെ അവസ്ഥ സുനിലിനെ വേദനിപ്പിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇവർക്കു വീടുവച്ചു നൽകാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ടീച്ചർ പറയുന്നു. ഇതുപോലെതന്നെ കഷ്ടപ്പാടിന്റെ തീച്ചൂളയിൽ കഴിഞ്ഞവരാണ് മറ്റ് 199 കുടുംബങ്ങളും.

പഠിക്കാൻ മിടുക്കരെങ്കിലും വീടില്ലാത്ത വിദ്യാർഥികൾ, ജോലിചെയ്തു വീടുപോറ്റുന്നതിൽനിന്നു രോഗദുരിതങ്ങൾ വിലക്കിയ ഗൃഹനാഥന്മാരെ മഴയും വെയിലുമേൽക്കാത്ത വീട്ടിൽ സംരക്ഷിക്കാനാകാത്ത വീട്ടമ്മമാർ, ഒട്ടും സുരക്ഷിതമല്ലാത്ത കൂരകൾക്കടിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട അമ്മമാരും പെൺമക്കളും, ചെറുപ്പത്തിലേ വിധവകളായ നിർധന യുവതികൾ, ആരോരുമില്ലാതെ അഭയം തേടി അലയാൻ വിധിക്കപ്പെട്ട വയോജനങ്ങൾ... സമൂഹത്തിലെ ഇത്തരം മങ്ങിയ കാഴ്ചകളാണ് സ്നേഹഭവനങ്ങളുടെ പിറവിക്കു പിന്നിലെന്ന് സുനിൽ പറയുന്നു.

യാത്രകളിലെ ദുരിതക്കാഴ്ചകൾ, ആരെങ്കിലും പറഞ്ഞറിയുന്നത്, പത്രമാധ്യമ വാർത്തകൾ എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്നാണ് വീടു നിർമിച്ചു നൽകേണ്ടവരെ സുനിൽ കണ്ടെത്തുന്നത്. നേരിട്ടു സമീപിച്ച് തങ്ങളുടെ കഷ്ടപ്പാടുകൾ അറിയിക്കുന്നവരുമുണ്ട്. ആവശ്യക്കാരാണെന്ന് ഉറപ്പാക്കിയാൽ സുനിൽ അവിടെ നേരിട്ടെത്തി സ്‌ഥിതി വിലയിരുത്തും. നാട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കും. അർഹരെന്ന് ഉറപ്പായായാൽ വീട് ഉയരുകയായി. സ്വന്തമായി സ്ഥലമുള്ളവർക്കാണ് മുൻഗണന.

സ്നേഹക്കുടചൂടി സുമനസ്സുകൾ

സാമ്പത്തികമടക്കമുള്ള സഹായവും പ്രോത്സാഹനവുമായി സുമനസ്സുകൾ ഒപ്പം നിന്നതോടെയാണ് വീടുകൾ ഒന്നൊന്നായി ഉയർന്നത്. സ്പോൺസർമാരെ കണ്ടെത്തുകയല്ല, അവർ സുനിലിനെ ഇങ്ങോട്ടു തേടിയെത്തുകയാണ്. സാമ്പത്തിക സഹായം നൽകിയാൽ ഒരു പൈസ പോലും കുറയാതെ അത് അർഹതപ്പെട്ടവരുടെ കയ്യിലെത്തുമെന്ന ഉറപ്പാണ് ഈ വിശ്വാസത്തിനു പിന്നിൽ. ഏറ്റവും കുറഞ്ഞ ചെലവിൽ, ഒരു രൂപ പോലും പാഴാക്കാതെ നിർമാണത്തിനായി ഉപയോഗിക്കുമ്പോൾ സ്പോൺസർമാർക്കും സന്തോഷം. വീടു നിർമാണം കാരാറുകാർക്കു നൽകാതെ സ്വന്തം മേൽനോട്ടത്തിൽ തൊഴിലാളികളെ വച്ച് ചെയ്യുന്നതും സാധന സാമഗ്രികളൊക്കെ നേരിട്ടെത്തിക്കുന്നതും ചെലവു ചുരുക്കാൻ സഹായിക്കുന്നു. 

രണ്ട് മുറി, അടുക്കള, വരാന്ത, ശുചിമുറി എന്നിവയടങ്ങുന്നതാണ് വീടുകൾ. വീടു നിർമാണം നേരിട്ടുചെന്നു വിലയിരുത്തണമെന്നും സുനിലിന് നിർബന്ധമുണ്ട്.  ജന്മദിനം, വിവാഹം, വാർഷികങ്ങൾ, ഗൃഹപ്രവേശം എന്നിങ്ങനെ തങ്ങളുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസങ്ങളുടെ സന്തോഷം സഹജീവികൾക്കുകൂടി പകർന്നു നൽകണമെന്ന ആഗ്രഹത്തിൽ സഹായമെത്തിക്കുന്നവരാണ് ഏറെയും. ഇവരിൽ കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമൊക്കെയുള്ള മലയാളികളും സംഘടനകളുമുണ്ട്. വീടുകൾ കിട്ടുന്നവരുടെ സന്തോഷവും സ്നേഹവുമാണ് സുനിലിന് മുന്നോട്ടു പോകാനുള്ള വഴിമരുന്ന്.

വീടു നിർമാണത്തിൽ മാത്രം ഒതുങ്ങാത്ത സ്നേഹം

ms-sunil-who-helps-to-built-200-houses-for-homeless-people

വീട് നിർമിച്ചു നൽകിക്കഴിഞ്ഞാലും ആ വീട്ടുകാരുമായി സുനിലിന് നിരന്തര ബന്ധമുണ്ട്. അവരെ സാമ്പത്തികമായി സ്വന്തംകാലിൽ നിർത്താനുള്ള പ്രവർത്തനങ്ങളാണ് പിന്നീട്. കുട്ടികളെ പഠിപ്പിക്കാനുള്ള സഹായങ്ങൾ, വീട്ടമ്മമാർക്ക് സ്വയം തൊഴിലെന്ന രീതിയിൽ ആടിനെയും കോഴിയെയും വാങ്ങി നൽകുക, ആഹാരസാധനങ്ങൾ ഇല്ലെങ്കിൽ മാസം തോറും ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകുക തുടങ്ങിയവയും ആ കരുതലിന്റെ ഭാഗമാകുന്നു. വീടുകൾക്ക് സമീപം കുറച്ചെങ്കിലും സ്ഥലമുള്ളവർക്ക് മരങ്ങൾ നട്ടുവളർത്താനായി തൈകളും എത്തിക്കുന്നു. കുട്ടികളിൽ മീൻ വളർത്തൽ പ്രോത്സാഹിപ്പിക്കാൻ അക്വേറിയങ്ങളും നൽകുന്നു. 

ശുദ്ധജലക്ഷാമം രൂക്ഷമായ 10 വീടുകൾക്ക് മഴവെള്ള സംഭരണി സ്ഥാപിച്ചു നൽകി. രണ്ടിടത്ത് കിണർ കുഴിച്ചു നൽകി. പറ്റുമ്പോഴെല്ലാം വീട്ടുകാരെ നേരിൽ കാണാനും സമയം കണ്ടെത്തുന്നു. കാണാനെത്തുമ്പോൾ കയ്യിൽ അവർക്കായുള്ള ഭക്ഷ്യ സാധനങ്ങളുമുണ്ടാകും. സ്നേഹവീടുകൾക്കപ്പുറം മറ്റനേകം സേവന പ്രവർത്തനങ്ങളിലും സുനിലിന്റെ കയ്യൊപ്പുണ്ട്. മാസം നൂറിലധികം കുടുംബങ്ങൾക്ക് മുടങ്ങാതെ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നൽകുന്നത് ഒട്ടേറെ നല്ല മനുഷ്യരുടെ സഹായത്തോടെയാണ്. ഇതിനകം 276 ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകൾ നൽകി. വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ 20 ലൈബ്രറികൾ ആരംഭിച്ചു. ബാലഭിക്ഷാടനത്തിന് എതിരെയുള്ള പ്രവർത്തനങ്ങളിലും സജീവം. 

രണ്ട് നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. തെരുവിൽ കഴിയുന്നവരെ അനാഥാലയങ്ങളിൽ എത്തിക്കുന്നെന്നു മാത്രമല്ല. അവരുടെ തുടർ ജീവിതത്തിനു വേണ്ട സഹായങ്ങളും നൽകുന്നു. സാമൂഹിക വനവൽകരണത്തിന്റെ ഭാഗമായി പത്തനംതിട്ട റിങ് റോഡിന്റെ വശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചതും സുനിലിന്റെ നേതൃത്വത്തിലാണ്. ആദിവാസികൾക്കിടയിലുള്ള പ്രവർത്തനമാണ് മറ്റൊരു മേഖല. ചാലക്കയം, മൂഴിയാർ വനമേഖലകളിലെ ആദിവാസി കുടുംബങ്ങൾക്ക് താമസിക്കാൻ ഷെഡുകൾ കെട്ടി നൽകി. അവരെ വ്യക്തിശുചിത്വമടക്കം ദൈനദിന ജീവിതത്തിനു വേണ്ട എല്ലാ കാര്യങ്ങളും പഠിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിലും സഹായങ്ങളെത്തിച്ച് മുന്നിലുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ 2000ത്തിലധികം മസ്കുകളാണ് ടീച്ചറുടെയും സഹായി കെ.പി.ജയലാലിന്റെയും നേതൃത്വത്തിൽ തയ്ച്ചു നൽകിയത്.

പറ്റുന്ന കാലത്തോളം പാവങ്ങൾക്കൊപ്പം

നൂറുകണക്കിനു പേർക്ക് സുനിൽ കാവൽ മാലാഖയാണെങ്കിൽ, അവരുടെ കണ്ണീരൊപ്പാൻ കയ്യയച്ചു സഹായിക്കുന്നവരാണ് സുനിലിന്റെ തണൽ. ആ സ്നേഹ സഹായങ്ങൾ ഒപ്പമുള്ള കാലത്തോളം സേവനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അവർ ഉറപ്പുതരുന്നു. പുതിയ തലമുറ ഈ സ്നേഹച്ചങ്ങല പൊട്ടാതെ കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയും സുനിലിനുണ്ട്. ആരെങ്കിലും സ്ഥലം സംഭാവന ചെയ്താൽ വീടില്ലാത്തവർക്കായി ഭവന സമുച്ചയം നിർമിക്കുകയെന്നതാണ് സ്വപ്നം.

ഈ ചെറിയ ജീവിതത്തിൽ സന്തോഷത്തോടെ നമുക്കായും മറ്റുള്ളവർക്കായും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതിനപ്പുറം മറ്റൊന്നുമില്ല.  മറ്റുള്ളവർക്കു മുന്നിൽ സത്യസന്ധമായി, നീതിപുലർത്തുന്ന മാതൃകകളായി നിലനിൽക്കാനാകണമെന്നും സുനിൽ പറയുന്നു. ‌‘എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തതൊക്കെയും നിങ്ങൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്’ എന്ന ബൈബിൾ വചനമാണ് സുനിൽ ടീച്ചറിനെ മുന്നോട്ട് നയിക്കുന്നത്. ആ യാത്ര കൂടുതൽ പേരുടെ കണ്ണീരൊപ്പാനാണെന്നതിന്റെ സാക്ഷ്യമാണ് പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഉയർന്നു നിൽക്കുന്ന 200 സ്നേഹ ഭവനങ്ങൾ.

ചിത്രങ്ങൾ, വിഡിയോ: നിഖിൽ രാജ്

English Summary: Story of MS Sunil who helps to Built 200 Houses for Homeless People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA