ADVERTISEMENT

കഥകളിയെ മാറ്റിനിർത്തിയാൽ പുരുഷ കലാകാരന്മാരുടെ എണ്ണത്തിൽ മറ്റ് ദക്ഷിണേന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഭരതനാട്യം ഏറെ മുന്നിലാണ്. അതിന്റെ പ്രധാന കാരണം പുരുഷ വ്യക്തിത്വത്തിനിണങ്ങുന്ന നൃത്തസംവിധാനവും അഭിനയസാധ്യതയും മോഹിനിയാട്ടത്തെയും കുച്ചിപ്പുടിയേയും അപേക്ഷിച്ച് ഭരതനാട്യത്തിൽ സാധ്യമാണ് എന്നതായിരിക്കണം. അത്തരത്തിൽ നോക്കുമ്പോൾ ഭരതനാട്യം ലിംഗഭേദത്തെ ഒരു പരിധിവരെ  മായ്ച്ചുകളയുന്നുണ്ട്. തഞ്ചാവൂർ ചതുഷ്ടയത്തിൽ ചിന്നയ്യപിള്ള, പൊന്നയ്യപിള്ള, ശിവാനന്ദം പിള്ള, വടിവേലു പിള്ള വഴവൂർ ഗുരുക്കളിൽ വഴവൂർ രാമയ്യ പിള്ള, എസ്.കെ. രാജരത്തിനം പിള്ള, പന്തനല്ലൂർ ശൈലിയെ വ്യാപകമാക്കിയ ടി.കെ.സ്വാമിനാഥപിള്ള, മീനാക്ഷി സുന്ദരംപിള്ള, ചൊക്കലിംഗംപിള്ള, സുബ്ബരായപിള്ള എന്നീ ആചാര്യശ്രേഷ്ഠർക്കു ശേഷം പിൽക്കാലത്ത്  ഉദയ ശങ്കർ, വെമ്പട്ടി ചിന്നസത്യം, ബിർജു മഹാരാജ്, അഡയാർ ലക്ഷ്മണൻ, ധനഞ്ജയൻ, പ്രൊ. സി.വി. ചന്ദ്രശേഖരൻ തുടങ്ങിയ നർത്തകർ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെ പരിഷ്കരിക്കുന്നതിന് നൽകിയ മഹത്തരമായ സംഭാവനകൾ വിസ്മരിക്കാൻ സാധിക്കുന്നതല്ല. രുക്മിണിദേവി അരുൺഡേലിന്റെ നേതൃത്വത്തിൽ കലാക്ഷേത്രയിൽ 1945-ൽ നടന്ന ഭരതനാട്യ അരങ്ങേറ്റത്തിൽ അതുവരെയുണ്ടായിരുന്ന കീഴ്‌വഴക്കങ്ങളെ മറികടന്ന് കമലാറാണി എന്ന സ്ത്രീ നട്ടുവനാരായി ചരിത്രം സൃഷ്ടിക്കുന്നതിന് മുമ്പുവരെ നൃത്തപരിശീലനത്തിന് ചുക്കാൻ പിടിച്ചിരുന്നത് പുരുഷന്മാരായിരുന്നു. കേരളത്തിൽ നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ മഹാരാജ സ്വാതി തിരുനാളിന്റെ സംഭാവനകളും ഈ ദൃഷ്ടികോണിലൂടെ കാണാവുന്നതാണ്.

കർണാടകയുടെ  കലാശ്രീ- സത്യനാരായണരാജു

‘കർണടക കലാശ്രീ’ എന്ന വിശേഷണം സത്യനാരായണരാജുവിനെ സമകാലിക ക്ലാസിക്കൽ കലാരംഗത്ത് വിശേഷമായി അടയാളപ്പെടുത്തുന്നു. ഒരു കർഷകനോ ബിസിനസ്സുകാരനോ ആയി ഗൃഹസ്ഥാശ്രമജീവിതം നയിക്കേണ്ടിയിരുന്ന സത്യനാരായണരാജു പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രഭനാക്കിയ കലാകാനാണ്. അദ്ദേഹത്തിന്റേത് കലാകുടുംബമല്ലായിരുന്നു, എന്നാൽ അമ്മയൊഴികെ വീട്ടിലെല്ലാവരും കലാവിരോധികളുമായിരുന്നുതാനും. നൃത്തത്തിനെന്നല്ല മറ്റൊരു കലാരൂപത്തിനും വീട്ടിൽ പ്രവേശനമുണ്ടായിരുന്നില്ല. ബാംഗ്ലൂർ റേഡിയോ സ്‌റ്റേഷൻ സംപ്രേഷണം ചെയ്തിരുന്ന കർണാടക സംഗീത കച്ചേരികൾ കേൾക്കുന്നതിലും അമ്മയോടൊപ്പം വല്ലപ്പോഴും അനുവദിച്ചിരുന്ന സിനിമപ്രദർശനങ്ങളിലും രാജുവിന്റെ കുട്ടിക്കാലത്തെ കലാസ്വാദനം ഒതുങ്ങി. മകൻ ഒരു ബിസിനസുകാരനും ഗൃഹസ്ഥാശ്രമിയുമായി കാണാൻ അച്ഛൻ മുനിസ്വാമി ആഗ്രഹിച്ചു. അങ്ങനെയിരിക്കെ ജയപ്രദ നായികയായ ഒരു തെലുങ്ക് സിനിമ അമ്മയോടൊപ്പം കണ്ട രാജു മടങ്ങിയെത്തിയശേഷം ജയപ്രദയെപോലെ വീട്ടിലും പാടത്തും പറമ്പിലുമെല്ലാം നൃത്തം ചെയ്യാൻതുടങ്ങി. എങ്ങനെയെങ്കിലും നൃത്തം അഭ്യസിക്കണമെന്ന ആഗ്രഹം അങ്ങനെ മനസ്സിൽ ദൃഢമായി. പത്താം ക്ലാസ് കഴിഞ്ഞ സമയമായിരുന്നു അത്.

sathya1

ഒരു ദിവസം  വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ ഒരു വീട്ടിൽ ചൊല്ലുകെട്ടുകൾ ഉറക്കെച്ചൊല്ലി നൃത്തം പഠിപ്പിക്കുന്നത് രാജു കേട്ടു. അന്നുതന്നെ അമ്മയോട് ഇരുപത് രൂപ വഴക്കിട്ടുവാങ്ങി സുഭദ്ര ടീച്ചറുടെ (ശ്രീമതി.സുഭദ്ര പ്രഭു) ഡാൻസ് ക്ലാസിൽ ചേർന്നു. നാട്ടുനടപ്പനുസരിച്ച് ഇളംപ്രായത്തിൽ ചവിട്ടിയുറക്കേണ്ട തട്ടടവും നാട്ടടവുകളും രാജു പരിചയപ്പെടുമ്പോൾ പ്രായം പതിനെട്ടു തികഞ്ഞു. വീട്ടിൽ നിന്നും എതിർപ്പുകളുണ്ടായിരുന്നു. മുനിയമ്മ മാത്രം മകന്റെ ആഗ്രഹത്തിനെതിരുനിന്നില്ല. ഏറെ കുടുംബാംഗങ്ങളുള്ള ആ വലിയ വീട്ടിൽ അമ്മ മാത്രമായിരുന്നു രാജുവിനെ ഒരു കലാകാരനായി കാണാൻ ആഗ്രഹിച്ചിരുന്നത്. അങ്ങനെ സുഭദ്ര ടീച്ചറുടെ കീഴിൽ പന്തനല്ലൂർ ബാണിയുടെ ബാലപാഠങ്ങൾ രാജു അഭ്യസിച്ചു. 

കാലത്തിന്റെ നിയോഗം

സത്യനാരായണ രാജു ചിട്ടയായ ഭരതനാട്യപഠനം ആരംഭിക്കുന്നത് സംഗീത നാടക അക്കാദമി പുരസ്കാരജേതാവും ‘ശകുന്തള നൃത്താലയ’യുടെ സ്ഥാപകയുമായ ഗുരു നർമ്മദയുടെ ഡാൻസ് ക്ലാസിൽ ചേർന്നതിനു ശേഷമായിരുന്നു. 1985-ൽ ആദ്യ സോളോ പെർഫോമൻസിന് വേണ്ടി തയാറെടുക്കുന്നതിനിടയിൽ അമ്മ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ആദ്യമായി നൃത്തമാടുമ്പോൾ സദസ്സിലെ മുൻനിരയിൽ അമ്മയുണ്ടാകണമെന്ന് ആഗ്രഹിച്ച രാജുവിന് മുനിയമ്മയുടെ അപ്രതീക്ഷിത വിയോഗം സഹിക്കാവുന്നതിലുമേറെയായിരുന്നു. ദുഃഖപൂർണമായ രണ്ടു വർഷങ്ങൾക്കൊണ്ട് രാജു നൃത്തത്തിൽനിന്നുപോലും ഏറെ അകന്നു. പരിശീലനം ഏതാണ്ട് പൂർണമായും നിന്നപോലെയായി. പക്ഷേ കാലത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. നൃത്തത്തിലേക്കു വീണ്ടും തിരികെപ്പോകാൻ മനസ്സ് നിർബന്ധിച്ചുകൊണ്ടിരുന്നു. മനസ്സിൽ നൃത്തം നിറഞ്ഞുനിന്നപ്പോഴും ഏക അവലംബമായിരുന്ന അമ്മയുടെ അസാന്നിധ്യം രാജുവിനെ വളരെ വിഷമിപ്പിച്ചു.

sathya2

ആദ്യംമുതലേ മകൻ നൃത്തമഭ്യസിക്കുന്നത് ഇഷ്ടമല്ലാതിരുന്ന അച്ഛൻ രാജു നൃത്തപഠനം തുടരുന്നതിൽ നീരസപ്പെട്ടു. ഇവിടെ ഫീസും കൂടുതലായിരുന്നു. മാസം നൂറ് രൂപ ഫീസ് നൽകി മകനെ നർത്തകനാക്കാൻ അച്ഛന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പലപ്പോഴും കുളിമുറിയിലെ ടാപ്പ് തുറന്നുവച്ച് സത്യ കരയും, തന്റെ ദുർവിധിയോർത്ത്. പത്താം ക്ലാസിന് ശേഷം ചില ഡിപ്ലോമ കോഴ്സുകൾ ചെയ്തു. ഒന്നു രണ്ടു മാസം ചില ജോലികൾ ചെയ്തുനോക്കി. അവയിലൊന്നും മനസ്സുറക്കാതെ രാജു ഒരു മുഴുവൻ സമയനർത്തകനാകാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ അച്ഛന് ആ തീരുമാനം സമ്മതമായിരുന്നില്ല. പക്ഷേ നിയോഗങ്ങളെ തടയാൻ ആർക്കുതന്നെ സാധിക്കും. അച്ഛൻ കാണാതിരിക്കാൻ പ്രാക്ടീസ് ദോത്തിയുടെ മുകളിൽ പാന്റ്സ് ധരിച്ച് ഡാൻസ് ക്ലാസിൽ പോകും. വിപരീത സാഹചര്യങ്ങൾക്കിടയിലും നൃത്തപഠനം അഭംഗുരം തുടർന്നു. ഏറെ താമസിക്കാതെ ആദ്യത്തെ സോളോ പെർഫോമൻസ് നർമ്മദ ആന്റിയുടെ ശിക്ഷണത്തിൽ നടന്നു. അത് കാണാൻ അച്ഛനും സദസ്സിൽ ഉണ്ടായിരുന്നു. പതുക്കെയെങ്കിലും അച്ഛന് മകന്റെ ആഗ്രഹത്തിനു വഴങ്ങേണ്ടിവന്നു. നർമ്മദ ആന്റിയുടെ ക്ലാസിലുണ്ടായിരുന്ന പല വിദ്യാർത്ഥികളും നന്നേ ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നവരായിരുന്നു. പലരും പിന്നീട് പ്രശസ്തരായ നർത്തകരായി. ചിലർ സിനിമയിൽ തിളങ്ങി. അവരിലൊരാളായി മാറാൻ കാലം രാജുവിനെ അനുവദിച്ചു. ഏറെ വർഷങ്ങൾക്കിപ്പുറം പ്രശസ്ത സിനിമതാരം  ലക്ഷ്മീ ഗോപാലസ്വാമിയുടെ കൂടെ അവതരിപ്പിച്ച നൃത്തസന്ധ്യ അതിന്റെ ഒരുദാഹരണം മാത്രം. ജീവിതം നൃത്തത്തിന് വേണ്ടി സമർപ്പിതമായിരിക്കണമെന്ന ആഗ്രഹമാകാം അദ്ദേഹം ഗൃഹസ്ഥാശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല. കുടുംബജീവിതത്തിലും ഉപരിയായി അദ്ദേഹം നൃത്തത്തെ കണ്ടു, നാട്യതപസ്വിയെപ്പോലെ ശരീരവും മനസ്സും ബുദ്ധിയും നൃത്തത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു.

രാമകഥ എന്ന നൃത്തനാടകം

മറ്റ് നർത്തകരെ അപേക്ഷിച്ച് ഏറെ വൈകിയാണ് സത്യനാരായണ രാജു നൃത്തരംഗത്തെത്തിയതെങ്കിലും ജന്മസിദ്ധമായ വാസനയും കഠിനാധ്വാനവും അദ്ദേഹത്തെ ദക്ഷിണേന്ത്യയിലെ മികച്ച നർത്തകരിൽ ഒരാളാക്കി മാറ്റി. നിരവധി വർണങ്ങളും കീർത്തനങ്ങളും മറ്റു നൃത്ത ഇനങ്ങളും സ്വന്തമായി നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. അതിൽ ‘രാമകഥ’ ആസ്വാദക ശ്രദ്ധയാകർഷിച്ച നൃത്തനാടകമാണ്. ‘രാമകഥ’യിൽ രാമൻ, ദശരഥൻ, ശബരി, മന്ഥര തുടങ്ങി നിരവധി കഥാപാത്രങ്ങളായി സത്യനാരായണ രാജു രംഗത്തെത്തുന്നു. രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും സ്വഭാവത്തിൽ വ്യത്യസ്തത ഉള്ളവരാണ്. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ഭാവപ്പകർച്ച അത്രമേൽ അഭിനയ സിദ്ധി ഉള്ളവർക്ക് മാത്രമേ സാധിക്കൂ. ഒരിക്കൽ ക്ലാസിൽ അദ്ദേഹം  ശബരിയെ അവതരിപ്പിച്ചത് പ്രത്യേകമായി ഞാൻ ഓർക്കുന്നു. രസാനുഭൂതികളെ അനായാസം അനുഭവിപ്പിക്കുന്ന അഭിനയസിദ്ധി സമകാലിക നർത്തകരിൽ സത്യനാരായണ രാജുവിനെ ഉയർന്ന സ്ഥാനത്തിനർഹനാക്കുന്നു.

യോഗ ഫിറ്റ്നസ് പ്രോഗ്രാമല്ല

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ യോഗ അഭ്യസിക്കുന്ന സത്യനാരായണ രാജു യോഗയെ ഒരു ഫിറ്റ്നസ് പ്രോഗ്രാമായി കാണുന്നില്ല. ശാരീരിക ഊർജ്ജത്തേക്കാളുപരി മനസിന്റെ ആനന്ദമാണ് യോഗയുടെ പ്രയോജനം എന്ന് അദ്ദേഹം കരുതുന്നു.  കലോപാസനയെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമല്ല. സാധനയുടെ ലക്ഷ്യം ഭൗതിക നേട്ടങ്ങളല്ലെന്നും അത് ആത്മീയ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്നതാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാകാം വിവിധ കലാരൂപങ്ങളെ ആസ്വദിക്കുന്നതിനും തരംപോലെ അവ സ്വായത്തമാക്കാനും സത്യനാരായണ രാജു സദാ ശ്രദ്ധവച്ചുപോന്നു. ഡോ. മായ റാവു, ചിത്ര വേണുഗോപാൽ എന്നിവരിൽനിന്നും കഥക് പരിശീലനം നേടിയതങ്ങനെയാണ്.

sathya

നർത്തകർക്കിടയിലെ വേറിട്ട വ്യക്തി

കലയുടെ വിപണന സാധ്യതകളെ ചൂഷണം ചെയ്യുന്ന നർത്തകർക്കിടയിൽ അദ്ദേഹം വേറിട്ട് നിൽക്കുന്നു. സ്വന്തം ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച യാതനകളാകാം അതിനു പിന്നിൽ. അതുകൊണ്ടുതന്നെ ലക്ഷങ്ങൾ ചിലവഴിക്കുന്ന നൃത്തഅരങ്ങേറ്റങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. പഠിച്ചത് പ്രയോഗിക്കാൻ ശിഷ്യന്മാർക്ക് നൃത്തസന്ധ്യകളിൽ അവസരമൊരുക്കും. ബെംഗളൂരുവിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ‘സംസ്കൃതി - The Temple of Art’ എന്ന നൃത്തവിദ്യാലയത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥികളെ നേരിട്ട് അദ്ദേഹം നൃത്തം പഠിപ്പിക്കുന്നു.

‘കർണാടക കലാശ്രീ’, ചെന്നൈ നാട്യാഞ്ജലി ട്രസ്റ്റിന്റെ ‘നർത്തക അവാർഡ്’, ‘ദൂരദർശൻ ചന്ദന അവാർഡ്’, ‘അനന്യ പുരസ്കാരം’ തുടങ്ങി നിരവധി പുസ്കാരങ്ങളും അവാർഡുകളും സത്യനാരായണ രാജുവിന്റെ നൃത്തപ്രതിഭയുടെ അംഗീകാരങ്ങളായിത്തിളങ്ങുന്നു. മൂന്നു പതിറ്റാണ്ടുകളായി സത്യനാരായണ രാജു നൃത്തരംഗത്തുണ്ട്. സ്വർണക്കസവ് ഞൊറിഞ്ഞ പട്ടുവസ്ത്രമണിഞ്ഞ് ചിലങ്കയണിഞ്ഞ് വേദിയിൽ സത്യനാരായണ രാജു നൃത്തമാടുമ്പോൾ രസികർ  കനകസഭയിൽ ആനന്ദനടനമാടുന്ന തില്ലൈ നടരാജനെ നേരിൽദർശിക്കുന്നു. അതിശയോക്തികളെ അതിശയിച്ച മഹാഗുരുവിന് ഈ എളിയ ശിഷ്യയുടെ കോടി നമസ്കാരം.

(തലശേരി ബ്രണ്ണൻ കോളജിലെ അധ്യാപികയാണ് ലേഖിക)

English Summary: Story Of Classical Dancer Sathyanarayana Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com