ADVERTISEMENT

ചെന്നൈ സ്വദേശിയായ സുന്ദർ രാമു എന്ന അഭിനേതാവ് യഥാർത്ഥത്തിൽ ഒരു റൊമാന്റിക് ഹീറോ തന്നെയാണ്. അഞ്ചര വർഷം കൊണ്ട് സുന്ദർ രാമു 335 സ്ത്രീകളുമായാണ് ഡേറ്റിങ്ങ് നടത്തിയിരിക്കുന്നത്. എണ്ണം കേട്ട്  കണ്ണുതള്ളിയെങ്കിൽ  ഇതും കൂടി അറിയണം. സുന്ദർ രാമു ഇപ്പോഴും തന്റെ ലക്ഷ്യം പൂർത്തിയാക്കിയിട്ടില്ല. 365 സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുക  എന്നതാണ്  തമിഴ് മലയാളം ചലച്ചിത്ര മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള സുന്ദർ രാമുവിന്റെ ലക്ഷ്യം. ലവ് ആക്ഷൻ ഡ്രാമ , സാജൻ ബേക്കറി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ  ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നുമെങ്കിലും  ഈ സീരിയൽ ഡേറ്റിങ് സുന്ദർ രാമുവിന് ഒരു നേരമ്പോക്കല്ല.  വലിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രോജക്ട് തന്നെയാണ്. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായാണ്  ഇത്തരം ഒരു വേറിട്ട മാർഗ്ഗം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗത്തെ തുടർന്ന് ഡൽഹിയിൽ പെൺകുട്ടി മരിച്ച സംഭവം അദ്ദേഹത്തെ വല്ലാതെ  വിഷമിപ്പിച്ചിരുന്നു. സുഹൃത്തിനൊപ്പം ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലുമാവാത്ത അവസ്ഥയാണ് ഇന്ത്യയിലെ സ്ത്രീകൾക്കുള്ളത്  എന്നത് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു. അങ്ങനെയാണ് ഈ കാഴ്ചപ്പാടിന് ഒരു മാറ്റം വരുത്താൻ ഡേറ്റിംഗ് പ്രൊജക്ട് ആരംഭിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്യത്തെക്കുറിച്ച് സുന്ദർ രാമു പോസ്റ്റിട്ടതോടെ തുടക്കത്തിൽ പ്രമുഖരായ പല വനിതകളും അദ്ദേഹത്തെ ഡേറ്റിംഗിനായി   ക്ഷണിച്ചു.  യുവതികളുമായി മാത്രമേ സുന്ദർ രാമു ഡേറ്റിംഗ് നടത്താറുള്ളുവെന്ന് കരുതിയെങ്കിൽ തെറ്റി. 90 വയസ്സായ സ്ത്രീകൾ വരെ ഈ പട്ടികയിൽ പെടും. തന്റെ മുത്തശ്ശിക്കൊപ്പവും  അദ്ദേഹം ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. ഇന്ത്യൻ നഗരങ്ങളിൽ വച്ച് കണ്ടുമുട്ടിയ ധാരാളം വിദേശ വനിതകളും  സുന്ദർ രാമുവിന്റെ പ്രോജക്ടിൽ പങ്കാളികളായി.  ഓരോ തവണയും ഡേറ്റിംഗിന് ക്ഷണിക്കുന്ന  പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

സ്ത്രീകളുമൊത്ത് പങ്കിടുന്ന ഓരോ നിമിഷവും അവരുടെ ജീവിതം എങ്ങനെയാണെന്നും  ലിംഗസമത്വം ഇനിയും  നേടാനാവാത്ത ഒരു രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്നും  കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് സുന്ദർ രാമു പറയുന്നു. പ്രണയവിവാഹങ്ങൾ പോലും എതിർക്കപ്പെടുകയും ദുരഭിമാനക്കൊലകൾക്ക് വഴിവെക്കുകയും ചെയ്യുന്നത് നിത്യസംഭവം ആകുമ്പോൾ  സ്ത്രീകൾക്കും സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാനും സൗഹൃദങ്ങൾ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്ന പൊതുബോധം ഉണ്ടാക്കിയെടുക്കുകയാണ് സുന്ദർ രാമുവിന്റെ ലക്ഷ്യം 

ഡേറ്റിങ്ങിനായി  ക്ഷണിക്കുന്നവർ തന്നെ ഭക്ഷണ ചിലവും വഹിക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ഭക്ഷണത്തിൽ നിന്നും ലാഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കുകയാണ് ചെയ്യുന്നതെന്ന് സുന്ദർ രാമു പറയുന്നു.

English Summary: This Chennai man is on a mission to date 365 women - has met 335 already

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com