ADVERTISEMENT

ബോളിവുഡിലെ ഹിറ്റ് ഗേൾ എന്നറിയപ്പെട്ട ആഷാ പരേഖ് ഒക്ടോബർ 2 ന് 79–ാം ജൻമദിനം ആഘോഷിക്കുമ്പോൾ പലരും ഓർമിക്കുന്നത് ഒരു കാലത്ത് അവർ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചാണ്. നിരാശയുടെ പിടിയിൽ അകപ്പെട്ട നടി ഒരു കാലത്ത് വിഷാദ രോഗത്തിന്റെ ഇര പോലും ആയിരുന്നു. എന്നാൽ, വഹീദ റഹ്മാന്റെയും ഹെലന്റെയും സുഹൃത്തായ നടി വിഷമ കാലഘട്ടം പിന്നിട്ട് ഇന്ന് ജീവിതത്തെനോക്കി ചിരിക്കുന്നു. സന്തോഷം പ്രസരിപ്പിച്ച് തലമുറകൾക്ക് പ്രചോദനമാകുന്നു

വിവാദങ്ങളെ കൂസാത്ത പ്രകൃതമായിരുന്നു ആഷാ പരേഖിന്റേത്. സമൂഹത്തെ അവർ ഗൗനിച്ചിരുന്നില്ല. പാരമ്പര്യ നിയമങ്ങളെ ധിക്കരിച്ചു. പലപ്പോഴും തനിക്ക് ശരിയെന്നു തോന്നുന്ന വഴിയിലൂടെ സഞ്ചരിച്ചു. ഒരുകാലത്ത് അങ്ങനെയൊക്കെ ജീവിക്കുന്നതുതന്നെ അതിശയമായിരുന്നു. എന്നാൽ, ആരെയും കൂസാതെ, ആരുടെയും വാക്കുകൾക്കു ചെവി കൊടുക്കാതെ തന്റെ വഴിയിലൂടെ അവർ ജീവിച്ചു. അഭിനയിച്ചു. നൃത്തം ചെയ്തു. ഇന്നലെകളിലേക്കു നോക്കി ഇന്നും അഭിമാനിക്കുന്നു. 

2017 ൽ തന്റെ ജീവിതകഥ അവർ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ആഷാ പരേഖ്– ദ് ഹിറ്റ് ഗേൾ എന്നാണ് ആ പുസ്തകത്തിന്റെ പേര്. ജീവിതം ആ പുസ്തകത്തിൽ അവർ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാ ജീവിതവും വ്യക്തിജീവിതവും ഉൾപ്പെടെ എല്ലാം. 

ഞാൻ എന്നും ഒരു നർത്തകി ആണ്. കഥക് ഉൾപ്പെടെ പഠിച്ചിട്ടുണ്ട്. സിനിമയിൽ നൃത്തം ചെയ്യുന്നത് എന്നും എനിക്ക് ഇഷ്ടമായിരുന്നു. എവിടെയെങ്കിലും ഒരു പാട്ട് കേട്ടാൽ മതി. നൃത്തം ചെയ്യാനുള്ള വെമ്പൽ ശരീരത്തിൽ അറിയാം– ഒരിക്കൽ ആഷാ പരേഖ് പറഞ്ഞു. 

എന്നാൽ പുതിയ കാലത്തെ ബോളിവുഡ് സിനിമകളിലെ നൃത്തം താൻ ആസ്വദിക്കാറില്ലെന്നാണ് അവർ പറയുന്നത്. പാശ്ചാത്യ രീതിയിലുള്ളതാണ് ഇപ്പോഴത്തെ നൃത്തമെന്നും അവർ കുറ്റപ്പെടുത്തുന്നു. 

അമ്മയാണ് തന്നെ വാർത്തെടുത്തതെന്ന് ആഷ സമ്മതിച്ചിട്ടുണ്ട്. സ്വാതന്ത്ര്യവും വ്യക്തിത്വവുമുള്ള യുവതിയായി താൻ വളരണം എന്നാണ് അമ്മ ആഗ്രഹിച്ചതെന്നും തന്റെ ശക്തിയുടെ ഉറവിടം അമ്മ ആയിരുന്നെന്നും പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിട്ടും അമ്മ ആഗ്രഹിച്ചപ്പോൾ താൻ വിവാഹത്തിന് സമ്മതിച്ചില്ലെന്നും അവർ പറയുന്നു. 

മക്കൾ വിവാഹം കഴിച്ചുകാണാൻ ഏതൊരു അമ്മയും ആഗ്രഹിക്കും. എന്റെ അമ്മയും അതേ ആഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ അന്നെനിക്ക് വലുത് എന്റെ ശരികളായിരുന്നു. ഞാൻ അതനുസരിച്ചു ജീവിച്ചു. എന്നാൽ, അച്ഛനമ്മമാർ മരിച്ചതോടെ ആഷ നിരാശയുടെ പിടിയിലായി. അക്കാലത്ത് അവർ കടുത്ത വിഷാദം അനുഭവിച്ചു. ആത്മഹത്യാ ചിന്തകളായിരുന്നു മനസ്സ് നിറയെ. അതൊരു ചീത്ത കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം. ഞാനന്ന് തനിച്ചായിരുന്നു. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ. എന്റെ എല്ലാകാര്യങ്ങളും ഞാൻ തനിച്ചു തന്നെ ചെയ്യണമായിരുന്നു. ആകെ തകർന്നുപോയി. എന്തൊരു കഷ്ടപ്പാടായിരുന്നു അന്ന്. മരിച്ചാൽ മതി എന്നു മാത്രമായിരുന്നു അന്നത്തെ ചിന്ത. ശരിക്കും ബുദ്ധിമുട്ടിയാണ് അക്കാലം പിന്നിട്ടത്.  ഡോക്ടർമാരുടെ സഹായം തേടി. അതു തുറന്നുപറയുന്നതിൽ നാണിക്കുന്നില്ല. എന്തായാലും ആ കാലഘട്ടം ഞാൻ പിന്നിട്ടല്ലോ– ആശ്വാസത്തോടെ ആഷ പറയുന്നു. പഴയ ഹിറ്റ് ഗേൾ ഇന്നും അതേ പ്രസരിപ്പോടെ ജീവിതത്തെ അറിയുന്നു. മറ്റുള്ളവർക്കും സന്തോഷം പകരുന്നു. 

English Summary: Asha Parekh Opened Up Depression

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com