പൊതുവഴിയിലെ തൂണിൽ ചേർത്ത് സ്വന്തം കൈകളിൽ വിലങ്ങണിഞ്ഞ് യുവതി; ടാർഗറ്റ് തികയ്ക്കാൻ ഇതിൽ കൂടുതൽ എന്ത്?

handcuff-lady
സ്വന്തം കൈകൾ തൂണിൽ ചേർത്ത് വിലങ്ങണിഞ്ഞ അന്യ ജാക്സൺ. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

പരിശീലന സമയമാണെങ്കിലും ഇന്റേൺഷിപ്പ് കാലം പലർക്കും വൻ കടമ്പ തന്നെയാണ്. പഠനത്തിനു ശേഷം തൊഴിൽ മേഖലയിൽ കഴിവ് തെളിയിക്കാൻ ലഭിക്കുന്ന ആദ്യ അവസരം. ഇന്റേൺഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ ജോലി സാധ്യതയുമേറും. അത്തരത്തിൽ ഇഷ്ടപ്പെട്ട ജോലി നേടിയെടുക്കുന്നതിനുവേണ്ടി ഒരു ഇന്റേൺ നടത്തിയ അറ്റകൈ പ്രയോഗത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

22 കാരിയായ അന്യ ജാക്സൺ എന്ന മാനേജ്മെന്റ് വിദ്യാർത്ഥിയാണ് ചിത്രത്തിലുള്ളത്. ലണ്ടനിലെ പൊതുനിരത്തിലുള്ള തൂണിൽ ചേർത്ത് സ്വന്തം കൈകൾ വിലങ്ങു കൊണ്ട് ബന്ധിച്ചു നിന്നാണ് അന്യ ടാർഗറ്റ് തികച്ചത്. തേഴ്സ്ഡേ എന്ന ഡേറ്റിങ് ആപ്ലിക്കേഷന്റെ കമ്പനിയിലാണ് അന്യ ഇന്റേൺഷിപ്പിന് എത്തിയത്. കിട്ടിയ ജോലിയാകട്ടെ 1000 പേരെ കൊണ്ട് ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ച് 25 പൗണ്ട് (2567 രൂപ)നേടുക എന്നതും. ചുരുങ്ങിയ സമയത്തിൽ ആയിരം പേരക്കൊണ്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായതോടെ ഒരു വ്യത്യസ്ത മാർഗം പരീക്ഷിക്കാൻ അന്യ തീരുമാനിക്കുകയായിരുന്നു.

ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയാണ് കൈകൾ ബന്ധിച്ച നിലയിൽ പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടത്. കാരണം കൃത്യമായി കാണിച്ചുകൊണ്ടുള്ള ഒരു ബോർഡും സമീപത്ത് സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും ലജ്ജാകരമായ ഇന്റേൺഷിപ്പ് എന്നാണ് ബോർഡിൽ അന്യ കുറിച്ചത്. 'സിംഗിളാണോ എങ്കിൽ തേഴ്സ്ഡേ ആപ് ഡൗൺലോഡ് ചെയ്യൂ 'എന്ന പരസ്യ വാചകവും എഴുതി ചേർത്തിരുന്നു. ഒപ്പം കഫിങ്ങ് സീസൺ എന്ന ഹാഷ് ടാഗും.

എന്തായാലും അന്യയുടെ ഐഡിയ വെറുതെയായില്ല. വളരെ വേഗം തന്നെ ആയിരം എന്ന സംഖ്യയിലേയ്ക്ക് എത്താനായി. ടാർഗറ്റ് തികച്ച ഉടൻ തന്നെ കമ്പനിയുടെ മാനേജർ നേരിട്ടെത്തി വിലങ്ങഴിക്കുകയും ചെയ്തു. എന്നാൽ അന്യയുടെ ഈ ശ്രമത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. തേഴ്സ്‌ഡേ ആപ്പ് കമ്പനിയെ കുറ്റപ്പെടുത്തികൊണ്ടാണ് പലരുടെയും പ്രതികരണങ്ങൾ. പണം ഉണ്ടാക്കാനുള്ള വസ്തുക്കൾ മാത്രമായി ഇന്റേൺഷിപ്പിനെത്തുന്നവരെ ഉപയോഗിക്കുന്ന നിലപാടാണ് കമ്പനി എടുത്തതെന്നും ക്രിയാത്മകമായ മാർഗമായിരുന്നില്ലെന്നുമാണ് ഒരു കൂട്ടരുടെ പ്രതികരണം. എന്നാൽ ഇവർക്കുള്ള മറുപടിയുമായി അന്യ തന്നെ നേരിട്ട് രംഗത്തെത്തി. ടാർഗറ്റ് ഏതുവിധേനയും നേടിയെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം എന്നും അതിനായി താൻ തന്നെ മുന്നോട്ടുവെച്ച ഐഡിയയാണ് ഇതെന്നുമാണ് അന്യയുടെ വിശദീകരണം.

അതേസമയം സമയം ഏൽപിച്ച ജോലി പൂർത്തിയാക്കാൻ കാണിച്ച ആത്മാർത്ഥതയെ അഭിനന്ദിക്കുന്നവരും ഏറെയാണ്. ഇതിനോടകം തന്നെ പലഭാഗങ്ങളിൽനിന്നും ജോലി ഓഫറുകളും ലഭിച്ചു തുടങ്ങിയതായി അന്യ പറയുന്നു.

English Summary: Dating app company handcuffs woman to pole as part of ‘world’s most embarrassing internship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA