ADVERTISEMENT

‘താലിബാൻ ഭരണത്തിൽ ശ്വാസം മുട്ടുന്ന കാബൂളിലെ സ്ത്രീകൾക്ക് ഒത്തു ചേരാനായി ഒരിടം’ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം ഈ ബ്യൂട്ടി പാർലറിനെ. താലിബാന്റെ ഭീഷണികളെ അതിജീവിച്ച് ഈ ബ്യൂട്ടി സലൂൺ നടത്തുന്നതാകട്ടെ 32കാരിയായ മൊഹദീസയും. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഇവിടുത്തെ വനിതാ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നില്ലെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും ഭരണം ഏറ്റെടുത്തതോടെ സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങള്‍ വർധിച്ചു വരുന്നതായ  വാർത്തകള്‍ പുറത്തു വന്നിരുന്നു.  പുറത്തിറങ്ങാനും തൊഴിൽ ചെയ്യാനും സ്ത്രീകൾ ഭയപ്പെടുന്നു. മിക്കവരും വീട്ടിൽ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്ത്രീകൾക്കായി മൊഹദീസ ഒരിടം ഒരുക്കുന്നത്. 

സ്ത്രീകൾക്ക് ഒഴിവു സമയം ചെലവഴിക്കാനും സൗഹൃദം പങ്കുവയ്ക്കാനും മൊഹദിസയുടെ ബ്യൂട്ടി പാർലറിൽ വരാം.   ഇവിടെയുള്ള തൊഴിലാളികൾക്കു വരുമാനം ഉറപ്പു വരുത്തുന്നതു കൂടാതെ ഉപഭോക്താക്കൾക്കു സന്തോഷത്തിന്റെ നിമിഷങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാല്‍, എന്നാണ് ജോലി അവസാനിപ്പിക്കേണ്ടി വരികയെന്ന് അറിയില്ലെന്ന ആശങ്ക മൊഹദീസ പങ്കുവെച്ചു. താലിബാനു മുന്നിൽ മുട്ടുമടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ‘ജോലി ചെയ്യുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. അഫ്ഗാന്‍ സമൂഹത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബങ്ങളുടെ പ്രധാനവരുമാനമാര്‍ഗം സ്ത്രീകളാണ്. ’– മൊഹദീസ പറഞ്ഞു. 

ബ്യൂട്ടി പാർലറിന്റെ മുൻവശത്ത് പരസ്യം പതിച്ചിരുന്നു. ഇതെല്ലാം താലിബാന്‍ വെള്ള പെയിന്റടിച്ച് മറച്ചു. വലിയ  കർട്ടൻ കൊണ്ട് മറച്ചാണ് ഇപ്പോൾ ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നത്. താലിബാന്‍റെ മുൻ ഭരണകാലം സ്ത്രീകളെ സംബന്ധിച്ച് നരകതുല്യമായിരുന്നു. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ബ്യൂട്ടി പാർലറുകൾ പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ല. നെയിൽ പോളീഷിട്ടാൽ വിരൽ മുറിച്ചു കളയും. മൊഹദീസയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍ വന്ന് താലിബാന്‍ അംഗം ചീത്തവിളിച്ചിരുന്നു. എന്നാല്‍, തന്റെ കടയിലെത്തുന്ന സ്ത്രീകള്‍ ധൈര്യവതികളാണെന്നും ഭയമുണ്ടെങ്കിലും ജോലിചെയ്യാൻ അവർ തയാറാണെന്നും മൊഹദീസ പറഞ്ഞു.

താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകൾ പുറത്തിറങ്ങാൻ ഭയന്നിരുന്നു. എന്നാൽ മൊഹദിസയുടെ പാർലറിലൂടെ ഇപ്പോൾ ആശ്വാസം കണ്ടെത്തുകയാണ് അഫ്ഗാനി വനിതകൾ. ഒരു ദിവസം ചുരുങ്ങിയത്. 30 വനിതകളെങ്കിലും ഇവിടെ എത്തുന്നതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം അഫ്ഗാൻ വനിതകൾ ആസ്വദിക്കുകയാണ്. 

‘ഇത് അതിമനോഹരമായ ഒരിടമാണ്. വളരെ സന്തോഷം നൽകുന്ന ഒരിടം. ഓഗസ്റ്റിനു ശേഷം ഞാൻ ആസ്വദിച്ച ഒരു ദിനം ഇതായിരുന്നു.’– എന്നാണ് ബ്യൂട്ടിപാർലറിലെത്തിയ ഫർഖുണ്ട എന്ന യുവതി പ്രതികരിച്ചത്. ‘നിങ്ങൾ എന്റെ കണ്ണ് കണ്ടോ? ഞാന്‍ സ്കൂളിലേക്കു പോകുമ്പോൾ താലിബാൻ ഞങ്ങളെ ആക്രമിച്ചതാണ്. ആക്രമണത്തിൽ എന്റെ ഒരു കണ്ണ് നഷ്ടമായി. പക്ഷേ, എനിക്ക് അവരെ പേടിയില്ല. അവരെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുമില്ല. ഈ നിമിഷം എനിക്ക് സന്തോഷം നൽകുന്നു.’– അവർ വ്യക്തമാക്കി.വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ഒരുങ്ങുന്നതിനായി നിരവധി പേരാണ് മോഹദീസയുടെ ബ്യൂട്ടി പാർലറിൽ  എത്തുന്നത്. ഭീഷണികൾക്കിടയിലും ജോലി ചെയ്ത് മുന്നോട്ടുപോകാൻ തന്നെയാണ് മൊഹദീസയുടെയും സഹപ്രവർത്തകരുടെയും തീരുമാനം. 

English Summary: "Courageous" Women's Beauty Salon, "A Bubble Of Freedom" In Taliban's Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com