ADVERTISEMENT

വിവാഹത്തിനല്ല,  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മാതാപിതാക്കൾ പണം സ്വരൂപിക്കേണ്ടതെന്ന് ചലച്ചിത്ര താരം സാമന്ത പ്രഭു. സ്വയംപര്യാപ്തത കൈവരിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കണമെന്നും സാമന്ത പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നുമുള്ള ഒരു  ചിത്രം മുൻപ് സാമന്ത പങ്കുവച്ചിരുന്നു. തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സാധന സിങ്ങിനും സ്റ്റൈലിസ്റ്റ് പ്രീതം ജുകൽക്കറിനും ഒപ്പമുള്ള ചിത്രമായിരുന്നു അത്. എന്നാൽ എവിടെ നിന്നാണ്  ചിത്രം എടുത്തതെന്ന് സാമന്ത വ്യക്തമാക്കിയിരുന്നില്ല.  വിദേശത്തേക്ക് പോകുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.  ഈ ചിത്രം വീണ്ടും പങ്കുവച്ചായിരുന്നു സാമന്തയുടെ ഹൃദ്യമായ കുറിപ്പ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളോടായി കുറിപ്പിലൂടെ താരം പറയുന്നത് ഇങ്ങനെ: ‘നിങ്ങളുടെ മകളെ ആര് വിവാഹം കഴിക്കും എന്നു ചിന്തിച്ച് ആശങ്കപ്പെടരുത്. പെൺകുട്ടികളുടെ വിവാഹത്തിനായല്ല പണം സ്വരൂപിക്കേണ്ടത്. അവരുടെ വിദ്യാഭ്യാസത്തിനായിരിക്കണം. വിവാഹത്തേക്കാൾ വിദ്യാഭ്യാസമാണ് പെൺകുട്ടിക്കൾക്ക് ഏറ്റവും പ്രധാനം. വിവാഹ ജീവിതത്തെ കുറിച്ച് അവളെ പഠിപ്പിക്കുന്നതിനു പകരം സ്വയം പര്യാപ്തത കൈവരിക്കാൻ പഠിപ്പിക്കണം. അവനവനെ സ്നേഹിക്കാൻ പഠിപ്പിക്കണം, ആത്മവിശ്വാസമുള്ളവളാക്കണം, അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്താൻ അവളെ പഠിപ്പിക്കണം.’– സാമന്ത കുറിച്ചു. 

സാമന്തയുടെ കുറിപ്പിനു താഴെ അവരെ അഭിന്ദിച്ചും ആശംസകൾ നേർന്നും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സാമന്ത പറയുന്നത് കൃത്യമായ കാര്യമാണെന്നും പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് സാമന്ത തെന്നിന്ത്യൻ താരം നാഗചൈതന്യയിൽ നിന്നും വിവാഹമോചനം നേടിയത്. ഇതേതുടർന്ന് പ്രീതവുമായി സാമന്തയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തയെ പ്രീതം നിഷേധിച്ചിരുന്നു. സാമന്തയെ സഹോദരിയെ പോലെയാണ് കാണുന്നതെന്നും പ്രീതം പറഞ്ഞിരുന്നു. സാമന്ത പങ്കുവച്ച  ചിത്രം പ്രീതവും പങ്കുവച്ചിരുന്നു

English Summary: Samantha Ruth Prabhu posts note for parents saving up for daughter's marriage, sets off for another trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com