മടങ്ങുകയല്ല, പ്രധാനമന്ത്രിയായി തിരിച്ചു വരും; സ്വീഡിഷ് ജനതയ്ക്ക് ഉറപ്പു നൽകി മഗ്ദലന

magdalana-anderson
മഗ്ദലന ആൻഡേഴ്സൺ
SHARE

സ്വീഡന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി നിയമിതയായ മഗ്ദലന ആൻഡേഴ്‌സൺ മണിക്കൂറുകൾക്കകം രാജിവച്ചപ്പോൾ ഒരു കാര്യം വ്യക്തമാക്കാൻ മറന്നില്ല.

ഇനിയും ഞാൻ അധികാരത്തിൽ വരും. പ്രധാനമന്ത്രിയുമാകും. അന്ന് സഖ്യകക്ഷികൾക്കൊപ്പം ആയിരിക്കില്ല. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തനിച്ച് ഭൂരിപക്ഷം നേടി സഖ്യകക്ഷികളുടെ സമ്മർദമില്ലാതെ തന്നെ ഭരിക്കും.

പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ഈ വാക്കുകൾ വേഗം മറക്കാൻ സാധ്യതയില്ല. കാരണം അവർ നേരിട്ടുകണ്ടതാണ് മഗ്ദലന എന്ന നേതാവിന്റെ ഉയർച്ച. വളർച്ചയും. അധികം വൈകാതെ അവരുടെ വാക്കുകൾ യാഥാർഥ്യമാകുമെന്നുതന്നെ സ്വീഡിഷ് ജനത വിശ്വസിക്കുന്നു.

ഗ്രീൻ പാർട്ടിയുമായും ലെഫ്റ്റ് പാർട്ടികളുമായും ചേർന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ മഗ്ദലന അധികാരത്തിൽ എത്തിച്ചത്. എന്നാൽ പെൻഷൻ വർധിപ്പിക്കാനുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന ബജറ്റ് അവതരിപ്പിച്ചതോടെ ഗ്രീൻപാർട്ടി പിൻമാറുകയായിരുന്നു. മഗ്ദലന അവതരിപ്പിച്ച ബജറ്റിനു പകരം പ്രതിപക്ഷത്തിന്റെ ബജറ്റ് അംഗീകരിച്ചതോടെയാണ് അവർക്ക് പടിയിറങ്ങേണ്ടിവന്നത്. എന്നാൽ പരാജയം താൽക്കാലികമാണെന്നാണ് 54 വയസ്സുള്ള മഗ്ദലന പറയുന്നത്.

1996 ൽ അന്നത്തെ പ്രധാനമന്ത്രി ഗോരാൻ പേർഷന്റെ രാഷ്ട്രീയ ഉപദേശക എന്ന റോളിലാണ് മഗ്ദലന രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2004 ൽ ധനകാര്യ മന്ത്രാലയത്തിൽ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിതയായി. സ്വീഡിഷ് ടാക്‌സ് ഏജൻസിയുടെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ എന്ന പദവിയും വഹിച്ചിട്ടുണ്ട്. 2012 ൽ പാർട്ടിയുടെ വക്താവ് എന്ന സ്ഥാനത്തേക്ക് ഉയർന്നു.

രണ്ടു വർഷത്തിനു ശേഷം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ മഗ്ദലന ധനമന്ത്രിയായി നിയമിതയായി. 2021 ൽ പാർട്ടിയുടെ പ്രസിഡന്റ് എന്ന പദവിയിലേക്കും ഉയർന്നു. 

349 അംഗ സഭയിൽ ബുധനാഴ്ചയാണ് ചരിത്രം തിരുത്തിക്കുറിച്ച് അവർ പ്രധാനമന്ത്രിയായത്. 175 പേർ എതിർത്തെങ്കിലും 57 പേർ വിട്ടുനിന്നതോടെ 117 പേരുടെ പിന്തുണയുമായി അധികാരത്തിലെത്തുകയായിരുന്നു. ഇടതുപാർട്ടികളുടെ പിന്തുണ ലഭിക്കാൻ വേണ്ടിയാണ് പെൻഷൻ തുക വർധിപ്പിക്കാൻ തയാറായത്. എന്നാൽ ഗ്രീൻ പാർട്ടി എതിർത്തതോടെ മഗ്ദലനയുടെ ബജറ്റ് പരാജയപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന ബജറ്റിൽ നികുതി കുറയ്ക്കുന്നതുൾപ്പെടെ ഒട്ടേറെ ജനപ്രിയ നിർദേശങ്ങളുണ്ടായിരുന്നു. ബജറ്റ് പരാജയപ്പെട്ടതോടെ, അപ്രതീക്ഷിതമായാണ് മഗ്ദലന രാജി പ്രഖ്യാപിച്ചതും പ്രധാനമന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങിയതും. സ്വീഡനെ സുരക്ഷിതവും എല്ലാവർക്കും പ്രിയപ്പെട്ടതുമായ രാജ്യമാക്കി മാറ്റുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനുതകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും മഗ്ദനല അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം എന്ന വിപത്തിനെ നേരിടാനുള്ള നിർദേശങ്ങളും ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. തൊഴിലില്ലായ്മ കുറയ്ക്കാനുള്ള നിർദേശങ്ങളുമുണ്ടായിരുന്നു.

ഇപ്പോഴത്തെ പരാജയം താൽക്കാലികം മാത്രമാണെന്നാണ് മഗ്ദലന പറയുന്നത്. വരാനിരിക്കുന്നത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒറ്റയ്ക്കുള്ള ഭരണമാണെന്നും. ഇനിയും പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെ താൻ ഉണ്ടാകുമെന്നും അവർ ജനങ്ങൾക്ക് ഉറപ്പു കൊടുക്കുന്നു. അങ്ങനെ സ്വീഡന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി തന്നെ വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനുള്ള കാത്തിരിപ്പിലേക്കു നീങ്ങുകയാണ് രാജ്യം.

English Summary: Magdalena Andersson – Sweden’s first woman PM who stepped down within hours of being elected

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA