പോളിയോ മനസ് തളർത്തിയില്ല, മംഗൾയാനിൽ വരെ കയ്യൊപ്പ് പതിഞ്ഞ രാധാംബികയുടെ വിജയകഥ

Radhambika1
SHARE

സ്വയം തൊഴിൽ എന്നത് പലർക്കും സ്വപ്നം മാത്രമാകുമ്പോൾ ആ സ്വപ്നത്തിന്റെ ചിറകിലേറി ആകാശത്തോളം വളർന്ന കഥയാണ് തിരുവനന്തപുരം കല്ലയം നിവാസി രാധാംബികക്ക് പറയാനുള്ളത്. രണ്ടുകാലിൽ നിവർന്നു നടക്കുന്നവർ വിധിയെയും ദൈവത്തെയും പഴിച്ചു നടക്കുമ്പോൾ പോളിയോ ബാധിച്ച് ഒരു കാലു തളർന്ന രാധാംബിക ആത്മധൈര്യത്തെ തന്റെ പാദങ്ങളാക്കി. രാധാംബിക കണ്ടത് വെറും സ്വപ്നമല്ല ഭാരതത്തിന്റെ ബഹിരാകാശ മിഷനുകൾക്ക് വേണ്ടി പ്രിന്റഡ് സർക്യൂട്ട് ബോർഡ് വയറിംഗ് (പിസിബി) ഉണ്ടാക്കുന്ന ഐഎസ്‌ആർഒയുടെ സംഘത്തിലാണ് അവർ അണിചേർന്നത്. ശിവവാസു ഇലക്ട്രോണിക്സ് എന്ന രാധാംബികയുടെ കമ്പനി നിർമിക്കുന്ന സർക്യൂട്ട് ബോർഡുകൾ എ എസ് എൽ വിയും ജി എസ് എൽ വിയും കടന്ന് ഗഗനയാനിൽ എത്തി നിൽക്കുന്നു.

Success Story of Radhambika

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മിഷനിലും ചൊവ്വ പദ്ധതിയിലും രാധാംബികയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സ്വയം സേവനോൽസുകയായതിനൊപ്പം അംഗപരിമിതരായ സഹജീവികളെക്കൂടി രാധാംബിക കൈപിടിച്ചു നയിച്ച് 2018 ലെ അംഗപരിമിതരുടെ ഉന്നതിക്കായുള്ള മികച്ച തൊഴിൽ ദാതാവിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടി. വിധിയെ പഴിച്ച് നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ട ജീവിതമാണ് നിശ്ചയദാർഢ്യവും ആത്മസമർപ്പണവും കൊണ്ട് ആകാശം മുട്ടെ എത്തിക്കാൻ രാധാംബികയെ സഹായിച്ചത്.

success-story-of-radhambika

അച്ഛനമ്മമാരുടെ തണൽ പിൻബലമായി

തിരുവനന്തപുരത്ത് അമ്പലംമുക്കിലെ അച്ഛനും അമ്മയും ഏഴു കുട്ടികളുമടങ്ങുന്ന കുടുംബത്തിൽ ഞാൻ മാത്രമായിരുന്നു അംഗപരിമിതിയായായ കുട്ടി. രണ്ടുവയസുവരെ സാധാരണ കുട്ടി ആയിരുന്നു പോളിയോ വന്നതാണ് കാലിനു ശേഷിക്കുറവ് വന്നത്. ആറുമാസത്തോളം ബോധമില്ലാതെ കിടന്നു എന്നാണു അച്ഛനും അമ്മയും പറഞ്ഞത്. ഒരുപാടു ചികിൽസിച്ചിട്ടാണ് ഒരു കാലിനു ശേഷി കിട്ടിയത്. സഹോദരങ്ങൾ എല്ലാം സ്വന്തം കാര്യം നോക്കി പോയപ്പോൾ ഞാൻ മാത്രം വീട്ടിൽ ഒറ്റപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് അക്കാലത്ത് തളർത്തിയത്. സ്വന്തം കാലിൽ നിൽക്കണം എന്ന ചിന്തയായിരുന്നു എപ്പോഴും. അന്നെല്ലാം വികലാംഗർ എന്നാൽ എല്ലാവർക്കും പുച്ഛമായിരുന്നു. മൊണ്ടി എന്ന് വിളിച്ച് കളിയാക്കും അത് കേൾക്കുമ്പോൾ ഒരുപാട് ദുഃഖം തോന്നിയിരുന്നു. എന്റെ കുറ്റം കൊണ്ടല്ലല്ലോ ഞാൻ മൊണ്ടി ആയത്, ആർക്കും വരാവുന്ന ഒരു കുഴപ്പമാണ് എനിക്ക് വന്നത്. മുട്ടിൽ കൈ കുത്തി ആണ് ഞാൻ നടന്നിരുന്നത്. അത് കണ്ടു മറ്റു കുട്ടികൾ കളിയാക്കുന്നത് കാരണം പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ പഠനം നിർത്തി.

success-story-of-radhambika4

പിന്നീടാണ് അംഗപരിമിതർക്കുള്ള വൊക്കേഷണൽ റീഹാബിലിറ്റേഷന് സെന്ററിൽ എത്തിയത്. 1980ൽ റീഹാബിലിറ്റേഷൻ സെന്ററിൽ ഇലക്ട്രോണിക്സിലെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) വയറിംഗ് കോഴ്സിൽ ചേർന്നു. അതിനു ശേഷം കെൽട്രോണിൽ കുറച്ചു നാൾ ട്രെയിനിങ്ങിനു പോയി. പഠിച്ച സ്ഥാപനം ഞങ്ങൾ കുറേപ്പേരെ ഐസ്ആർഒയിൽ ട്രെയിനിങ്ങിനു എത്തിച്ചു. 1982ൽ വിഎസ്എസിയിൽ ഒരുവർഷത്തെ കോഴ്സ് ജയിച്ച് സർട്ടിഫിക്കറ്റും നേടി.

ഞങ്ങൾ ഏഴ് പേരാണ് അവിടെ ശാരീരികക്ഷമതയില്ലാത്തവർ. ആ സമയത്താണ് വിഎസ്എസ്‌സി പ്രിന്റഡ് സർക്യൂട്ട് ബോർഡ് നിർമാണത്തിന് പുറംകരാർ നൽകുന്നത്. ഞങ്ങൾ നന്നായി ജോലി ചെയ്യുന്നത് കണ്ടിട്ട് അവർക്ക് താൽപര്യം തോന്നി നിങ്ങൾക്ക് തനിയെ വർക്ക് എടുത്തു ചെയ്യാമോ എന്ന് ചോദിച്ചു. അവിടെയായിരുന്നു തിരുവന്തപുരം അമ്പലംമുക്കിൽ ശിവവാസു ഇലക്ട്രോണിക്സ് എന്ന കമ്പനിയുടെ തുടക്കം. എന്തിനും പ്രോൽസാഹനവും പിന്തുണയുമായി ഒപ്പം നിന്ന അച്ഛന്റെ യഥാർഥപേരും വിളിപ്പേരും ചേർത്ത് സ്ഥാപനത്തിന് ശിവവാസു ഇലക്ട്രോണിക്സ് എന്നു പേരിട്ടു. 1983ൽ വിഎസ്എസ്‌സിയുടെ ചരിത്രത്തിലെ തന്നെ ആദ്യ പുറംകരാർ ശിവവാസു ഇലക്ട്രോണിക്സിന് ലഭിച്ചു. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ എന്നെപ്പോലെയുള്ള അനേകം കുട്ടികൾക്ക് ഒരു ജീവിതമാർഗം കണ്ടെത്തിക്കൊടുക്കണം എന്നാണ് ആഗ്രഹിച്ചത്. 1000ൽ പരം അംഗപരിമിതർ ശിവവാസുവിലൂടെ ജോലി നേടി. അധികം പേരും വിഎസ്എസ്‌സിയിലും ഐഎസ്ആർഒയിലും അടക്കമുള്ള ഇടങ്ങളിൽ സ്ഥിരം ജീവനക്കാരാണ്. ഇപ്പോൾ മൂകരായ വിദ്യാർഥികൾക്കും പരിശീലനം നൽകുന്നുണ്ട്. ബഹിരാകാശ വാഹനങ്ങൾക്കൊപ്പം ഉപഗ്രഹങ്ങളിലും ശിവവാസുവിലെ പിസിബി വയറിംഗുകൾ ഇടംപിടിച്ചു. ഭാരതത്തിന്റെ അഭിമാനമായ ചൊവ്വാ ദൗത്യ പേടകം മംഗൾയാനിൽ ഉൾപ്പടെ രാധാംബികയുടെ കയ്യൊപ്പ് പതിഞ്ഞു.

success-story-of-radhambika1

ശേഷിക്കുറവുള്ള കാലുകൾക്ക് പകരം ചിറകായി കുടുംബം

ഐഎസ്‌ആർ‌ഒയിൽ പോയി തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ വിവാഹം കഴിച്ചു. ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് മുരളീധരൻ നായർ. വിവാഹത്തോടെ ആരുമില്ല എന്ന തോന്നലിൽ നിന്നും എനിക്ക് എല്ലാറ്റിനും ഒപ്പം നിൽക്കാൻ ഒരാളെ കിട്ടി. എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം കൂടെ നിന്നു അത് എന്റെ മനസ്സിന് ധൈര്യം തന്നു. വർക്കിന് പോകുമ്പോൾ തുണയായി അദ്ദേഹം വരുമായിരുന്നു അതുപോലെ തന്നെ വികലാംഗരായ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നതിനും അദ്ദേഹം സഹായിച്ചു. അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചപ്പോൾ മുഴുവൻ സമയവും എനിക്ക് തുണയായി. രണ്ടു കുട്ടികൾ ആണ് എനിക്ക് മകൻ ശ്രീവിനായകും മകൾ ശ്രീരശ്മിയും. രണ്ടുപേരും വിവാഹിതരായി കുഞ്ഞുങ്ങളുമായി. മകൻ എൻജിനീയർ ആണ് അവൻ ആണ് ഇപ്പോൾ കമ്പനി നോക്കി നടത്തുന്നത്. എം എസ് സി ഫിസിക്സ് കഴിഞ്ഞ മകളും കമ്പനിയിൽ സഹായിക്കുകയാണ്. മക്കൾ മുതിർന്നതോടെ എനിക്ക് ചിറകു മുളച്ചതുപോലെ ആയി. ഇപ്പോൾ ശേഷിയുള്ള കാലിനു ചെറിയ പരുക്കുപറ്റിയതു കാരണം ഓഫീസിൽ പോകാൻ കഴിയുന്നില്ല എങ്കിലും എന്നേക്കാൾ ഭംഗിയായി മക്കൾ കമ്പനിക്കാര്യങ്ങൾ നോക്കുന്നുണ്ട്. തിരുവനന്തപുരത്ത് കല്ലയത്താണ് താമസം. ഭർത്താവും മകനും അവന്റെ ഭാര്യ ലക്ഷ്മിയുമാണ് ഒപ്പമുള്ളത്. മകൾ വിവാഹിതയായി അവളുടെ ഭർത്താവ് രാഗിൽ രാജിന്റെ വീട്ടിലാണ്.

success-story-of-radhambika2

ചെറിയൊരു പിഴവ് പോലും വലിയ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകാം

ശാരീരിക വൈകല്യമുള്ളവരെ ജോലിക്കെടുക്കാൻ ആരും മുൻകൈ എടുക്കാറില്ല. പരിഹാസവും അപമാനവും സഹിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമായിരുന്നു എപ്പോഴും ധൈര്യം തന്ന് പിന്തുണച്ചത്. വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിൽ പഠിച്ചപ്പോഴാണ് ഒരു ആത്മവിശ്വാസം കിട്ടിയത്. ഐ എസ് ആർ ഒയുടെ സഹായം ഉള്ളതുകൊണ്ടാണ് എനിക്ക് ഇത്തരത്തിൽ ഉയർന്നു വരാൻ കഴിഞ്ഞത്. ഞാൻ തന്നെ ഒരു സ്ഥാപനം തുടങ്ങുകയാണെങ്കിൽ എന്നെപ്പോലെ ബുദ്ധിമുട്ടുന്നവർക്കുകൂടി അതൊരു സഹായമാകുമെന്ന് തോന്നി. ശിവവാസു ഇലക്ട്രോണിക്സ് എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ ആത്മവിശ്വാസവും അച്ഛനമ്മമാരുടെ പിന്തുണയും ഭിന്നശേഷിക്കാരിയായി പോയതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പരിഹാസത്തിന്റെ കയ്പിൽ നിന്നുയിർകൊണ്ട ദൃഢനിശ്ചയവുമായിരുന്നു മൂലധനം. ഒരു നിലയുള്ള കെട്ടിടത്തിൽ ആദ്യം ചെറുതായി തുടങ്ങി പത്തിരുപത് വർഷം കൊണ്ടാണ് മൂന്നു നിലയുള്ള കെട്ടിടമായി മാറിയത്. സാറ്റലൈറ്റുകൾക്ക് വേണ്ടി പാക്കേജ് ആയിട്ടാണ് വർക്ക് എടുക്കുന്നത്. ഐ സ് ആർ ഒ നിർമിക്കുന്ന എല്ലാ റോക്കറ്റിനും പാർട്സ് ചെയ്തു കൊടുക്കാറുണ്ട്. എഎസ്എല്വി (Augmented Satellite Launch Vehicle), മംഗൽയാൻ, പിഎസ്എൽവി (Polar Satellite Launch Vehicle) തുടങ്ങി ഇന്ത്യയുടെ അഭിമാനമുയർത്തിയ ബഹിരാകാശ പദ്ധതികൾക്ക് പിന്നിൽ ശിവവാസുവിൽ നിന്നുളള ഭിന്നശേഷിക്കാരുടെ ആത്മസമർപ്പണവുമുണ്ട്. ISROയുടെ ഉപഗ്രഹങ്ങളിലും വിക്ഷേപണവാഹനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഹാർഡ് വെയർ ഭാഗമായ പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെ (PCB ) വയറിങ്ങ്, ഹാർനെസ്സിങ്ങ്, ടെസ്റ്റിങ് ജോലികളാണ് പ്രധാനമായും ശിവവാസുവിൽ ചെയ്യുന്നത്. വളരെ സൂക്ഷ്മതയും കണിശതയും ആവശ്യമായ ജോലിയാണിത്. സോൾഡറിങ്ങിലെ ചെറിയൊരു പിഴവ് പോലും വലിയ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകാം എന്നുളളതുകൊണ്ട് തന്നെ ഒരു വർഷം നീളുന്ന വിദഗ്ധപരിശീലനത്തിനു ശേഷമുളള ക്ഷമതാപരീക്ഷയിൽ വിജയിക്കുന്നവരെയേ പ്രോജക്ടിൽ ജോലി ചെയ്യാനുൾപ്പെടുത്താറുളളൂ. ആയിരത്തോളം കുട്ടികൾ ജോലി ചെയ്തിരുന്നതാണ് കോവിഡ് വന്നതിനു ശേഷം താമസസൗകര്യം കൊടുക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടു ഇപ്പോൾ കുറച്ചു കുട്ടികൾക്കെ ജോലി കൊടുക്കാൻ കഴിയുന്നുള്ളൂ ഞങ്ങൾ ട്രെയിനിങ് കൊടുത്ത് മറ്റു ചില സ്ഥലങ്ങളിൽ ജോലിക്ക് വിടുന്നുമുണ്ട്.

ശാരീരിക വൈകല്യം ദൈവശിക്ഷയല്ല

പണ്ടത്തെ കാലത്ത് ചെയ്ത പാപത്തിന്റെ ഫലമാണ് ശാരീരിക വൈകല്യം എന്നായിരുന്നു എല്ലാവരുടെയും ധാരണ. വൈകല്യമുള്ളതിന്റെ പേരിൽ എന്നെ പലയിടത്തും മാറ്റി നിർത്തിയിട്ടുണ്ട്. മൊണ്ടി എന്ന വിളികേട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ട്. വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിൽ പോയതോടെ എന്നെപ്പോലെ ഒരുപാട് പേരോട് സഹകരിക്കാനും സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തണം എന്ന ചിന്ത വരാനും കാരണമായി. ഇന്നത്തെ കാലത്ത് മനുഷ്യരുടെ മനസികാവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ശാരീരിക വൈകല്യം ഒരു കുറ്റമല്ല എന്ന അവസ്ഥ ആയിട്ടുണ്ട്. ഇപ്പോൾ ഞങ്ങളെ സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. ഇന്ന് എനിക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞു അതുപോലെ ഒരുപാട് കുട്ടികൾക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കാനും കഴിഞ്ഞു. എന്റെ കമ്പനിയിൽ വന്നതിനു ശേഷം ഒരുപാടു കുട്ടികൾ വിവാഹിതരായി. ഞാൻ കമ്പനി തുടങ്ങാൻ പോയപ്പോൾ നിരുത്സാഹപ്പെടുത്തിയവർ ആയിരുന്നു കൂടുതൽ. ഇവൾ ഈ കാലും വച്ചുകൊണ്ടു എന്ത് ചെയ്യാൻ പോകുന്നു എന്ന ഭാവം. അവരുടെ മുന്നിൽ വിജയിച്ചു കാണിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഐ എസ് ആർ ഓ വർക്ക് തന്നതുകൊണ്ടാണ് ധൈര്യമായി ഇറങ്ങിത്തിരിച്ചത്. അച്ഛന്റെയും അമ്മയുടെയും ദുഖമായിരുന്ന ഞാൻ സ്വന്തം കാലിൽ നിൽക്കുന്നത് കണ്ടിട്ടാണ് അവർ രണ്ടുപേരും വിടപറഞ്ഞത്. എനിക്കിപ്പോൾ അറുപതു വയസ്സ് കഴിഞ്ഞു. പിന്നോട്ടുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചാരിതാർഥ്യമുണ്ട്

വൈകല്യം മനസിനെ ബാധിക്കാതെയിരിക്കട്ടെ

അംഗപരിമിതരും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യരുത്. ശാരീരിക പരിമിതികൾ ഉള്ളവർ ഒറ്റപ്പെട്ട് വീട്ടിൽ കയറി അടച്ചിരുന്നാൽ കൂടുതൽ മാനസികമായി തളർന്നുപോവുകയേ ഉള്ളൂ. എല്ലാവർക്കും എന്തെങ്കിലും കഴിവുണ്ടാകും അത് കണ്ടെത്തി വികസിപ്പിച്ച് എടുക്കണം. നമ്മൾ തന്നെ മുന്നിട്ടിറങ്ങിയാൽ മാത്രമേ നമുക്ക് വിജയിക്കാൻ കഴിയൂ അല്ലാതെ ആരും നമുക്കായി ഒന്നും എത്തിച്ച് തരില്ല. താൻ പാതി ദൈവം പാതി എന്നാണല്ലോ. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നുള്ളതാണ് പ്രധാനം. മറ്റൊരാൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ നമുക്ക് അതിന്റെ ഇരട്ടി ചെയ്യാൻ കഴിയും. മാനസിക ധൈര്യവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഏതു പരിമിതിയും അതിജീവിക്കാൻ കഴിയും. ഇതാണ് എനിക്ക് അംഗപരിമിതരായ കുട്ടികളോട് പറയാനുള്ളത്.

English Summary: Success Story of Radhambika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS