ADVERTISEMENT

ഒരു സ്ത്രീ ഏറ്റവും സന്തോഷവതിയായി ഇരിക്കേണ്ട കാലമാണ് അവളുടെ ഗര്‍ഭകാലം. എന്നാൽ അക്കാലത്തു തന്നെ പ്രിയപ്പെട്ടവന്റെ വേർപാടുണ്ടായാൽ ഒരു സ്ത്രി എത്രമാത്രം തളർന്നു പോകുമെന്നത് ഒരു പക്ഷേ മറ്റുള്ളവർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയ വ്യക്തിയാണ് നേഹ അയ്യർ. പിന്നീട് സിംഗിൾ മദറായി കുഞ്ഞിനെ വളർത്തിയതിനെ കുറിച്ചും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും  ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെ പങ്കുവയ്ക്കുകയാണ് താരം. അന്‍ഷ് എന്ന മകനെ അവന്റെ പപ്പയെ പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വിഡിയോ പങ്കുവയ്ക്കുന്നത്. മുപ്പതു സെക്കന്റു ദൈർഘ്യമുള്ള വിഡിയോയിൽ പ്രണയവും സൗഹൃദവും അൻഷിന്റെ ജനനവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 

അവിനാശും ഞാനും കോളജിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. 8 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. 6 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കാത്തിരുന്ന് സന്തോഷവാർത്ത എത്തി. ഇത് അറിഞ്ഞ് അഞ്ചു ദിവസങ്ങൾക്കകം മറ്റൊരു വാർത്ത എന്നെ തേടിയെത്തി. ഹൃദയസ്തംഭനം സംഭവിച്ച് എനിക്ക് അവിനാശിനെ നഷ്ടമായിരിക്കുന്നു. ഞാനാകെ തകർന്നു പോയി. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനു വേണ്ടി എനിക്ക് ശക്തയാകണമായിരുന്നു. എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ എല്ലാ സമയത്തും എനിക്കൊപ്പം നിന്നു. ഒൻപതു മാസങ്ങൾക്കു ശേഷം അവിനാശിന്റെ ജന്മദിനത്തിൽ ഞാൻ അൻഷിനു ജന്മം നൽകി. 

ഒരു അമ്മ എന്ന നിലയിലു നടി എന്ന നിലയിലും ഞാൻ ഏറെ മാനസിക സമ്മർദങ്ങളിലൂടെ കടന്നു പോയ സമയമായിരുന്നു അത്. അൻഷ് അവന്റെ പപ്പയുടെ ഫോട്ടോ നോക്കുമ്പോഴെല്ലാം ഞാൻ കരയുമായിരുന്നു. ഞങ്ങളുടെ കുഞ്ഞ് വളരുന്നത് അവൻ ഇവിടെ ഇരുന്നു കാണുന്നു എന്ന് ഞാൻ കരുതാറുണ്ട്. അൻഷ് രൂപത്തില്‍ അവിനാശിനെ പോലെയാണ്. അവന്റ അച്ഛനെ പോലെ ഒരാളായി അവനെ വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.’– വിഡിയോയിൽ നേഹ കുറിച്ചു. 2019ലായിരുന്നു അവിനാശിന്റെ മരണം. ഇക്കാര്യം നേഹ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

English Summary: ‌Story Of Neha Iyer 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com