ADVERTISEMENT

ഫിറ്റനസിന് ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുത്ത കന്നഡ നടൻ പുനീത് രാജ്കുമാർ 46-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതിന്റെ ഞെട്ടൽ മാറുമുൻപേ ആഘാതമായി മറ്റൊരു മരണ വാർത്ത എത്തിയിരിക്കുന്നു. നടിയും റേഡിയോ ജോക്കി എന്ന നിലയിൽ പ്രശസ്തയുമായ രചനയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയിരിക്കുന്നത്. അതും 39-ാം വയസ്സിൽ. കർണാടകയിലെ ഏറ്റവും പ്രശസ്തയായ അവതാരകരുടെ കൂട്ടത്തിൽ സ്ഥാനമുള്ള വ്യക്തിയാണ് രചന. 

 

ഹൃദയാഘാതം തന്നെയാണ് അവരുടെ ജീവനെടുത്തിരിക്കുന്നത്. ബെംഗളൂരു ജെപി നഗറിലെ വീട്ടിലായിരുന്ന അവർ കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെക്കുറിച്ച് പറഞ്ഞിരുന്നു. വേഗം തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

എന്നും നീ സ്‌നേഹത്തോടെ ഓർമിക്കപ്പെടും രചനാ. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി- രക്ഷിത് ഷെട്ടി എന്ന നടൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഷെട്ടിക്കൊപ്പം നേരത്തെ ഒരു സിനിമയിലും രചന അഭനയിച്ചിട്ടുണ്ട്.

 

റേഡിയോ ജോക്കി എന്ന നിലയിലാണ് രചന വളരെ വേഗം കർണാടകയിൽ പ്രശസ്തയായത്. ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളായിരുന്നു അവർ. എന്നാൽ മൂന്നു വർഷം മുമ്പ് ജോലി മതിയാക്കിയിരുന്നു. എങ്കിലും കന്നഡ ജനതയുടെ മനസ്സിൽ സവിശേഷമായ സ്ഥാനം തന്നെ അവർക്കുണ്ടായിരുന്നു. രചനയ്‌ക്കൊപ്പം റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ള പ്രദീപിന് ഇപ്പോഴും മരണ വാർത്ത ഉൾക്കൊള്ളാനോ വിശ്വസിക്കാനോ കഴിഞ്ഞിട്ടില്ല.

 

പ്രിയപ്പെട്ട രചനാ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ബെംഗളൂരുവിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു റേഡിയോ ജോക്കി ഉണ്ടായിട്ടില്ല. ഇത്ര ചെറിയ പ്രായത്തിൽ ഒരു യുവതിക്ക് ഹൃദയാഘാതം ഉണ്ടാകും എന്ന വാർത്ത വിശ്വസിക്കാനാവുന്നില്ല. ലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുമില്ല. - പ്രദീപ് കുറിച്ചു.

 

നേരത്തെ രോഗങ്ങളൊന്നും ഇല്ലായിരുന്ന രചന, പെട്ടെന്നുണ്ടായ നെഞ്ചു വേദനയെത്തുടർന്നാണ് അപ്രതീക്ഷിതമായി മരിച്ചത്. കന്നഡയുടെ കലാലോകത്തിനുണ്ടായ വലിയ നഷ്ടം തന്നെയാണിത്. ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കഴിവുകളുടെ പേരിൽ പ്രശസ്തിയിലേക്ക് ഉയർന്ന ഒരു വനിതയ്ക്ക് ഒരിക്കലും സംഭവിക്കാതിരിക്കേണ്ട ദുരന്തം. എന്നാൽ, എന്തു പറഞ്ഞ് ആശ്വസിക്കും എന്നറിയാത്ത അവസ്ഥയിലാണ് കന്നഡയിലെ കലാലോകവും പ്രത്യേകിച്ചു വനിതാ താരങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com