ADVERTISEMENT

ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിനു കൊടുക്കുന്ന പ്രാധാന്യം മറ്റുള്ളവരും തിരിച്ചറിയുമ്പോഴാണു പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ഉടലെടുക്കുന്നത്. അത്തരം ബന്ധങ്ങളാണ് ആരോഗ്യകരമായ സമൂഹത്തിന്റെ അടിസ്ഥാനവും. മറ്റ് ഏതെങ്കിലും വ്യക്തികളുമായി ചേർത്തു വിളിക്കപ്പെടുന്നതിനേക്കാൾ സ്വന്തം കഴിവുകളുടെ പേരിൽ അറിയപ്പെടാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. സ്വന്തം കഴിവുകൾ അറിയപ്പെടുക.. അവയുടെ പേരിൽ അംഗീകാരങ്ങൾ ലഭിക്കുക എന്നിവയും എല്ലാവരെയും സന്തോഷിപ്പിക്കും. നടി എന്ന നിലയിൽ ഇന്ത്യയും കടന്ന് ഹോളിവുഡിൽ വരെ എത്തിയ വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ഗായകൻ നിക് ജോനാസിനെ വിവാഹം കഴിച്ചതിലൂടെയും പ്രിയങ്ക പാശ്ചാത്യ രാജ്യങ്ങളിൽ അറിയപ്പെടുന്നുണ്ട്. എന്നാൽ അടുത്തിടെ, നടിയുടെ വ്യക്തിത്വം കൃത്യമായി മനസ്സിലാക്കാതെ നടത്തിയ അഭിസംബോധന വിവാദമായിരുന്നു. ഇപ്പോൾ ആ സംഭവത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം.

 

നടൻ റോസി ഓ ഡോണൽ സമൂഹ മാധ്യമത്തിൽ ഏതാനും വിഡിയോകൾ പോസ്റ്റ് ചെയ്യുന്നിടത്താണു സംഭവങ്ങളുടെ തുടക്കം. പ്രിയങ്കയെയും ഭർത്താവ് നിക് ജോനാസിനെയും കണ്ടതിനെക്കുറിച്ച് ഈ വിഡിയോകളിൽ പരാമർശമുണ്ടായിരുന്നു. എഴുത്തുകാരൻ ദീപക് ചോപ്രയുടെ മകളാണ് പ്രിയങ്ക എന്നാണ് ഓ ഡോണൽ ആദ്യം കരുതിയത്. എന്നാൽ പ്രിയങ്ക താൻ ആരാണെന്നു വ്യക്തമാക്കിയതോടെ ഓ ഡോണൽ നടത്തിയ ക്ഷമാപണവും വിവാദമായി. ചോപ്രയുടെ ഭാര്യ എന്നും ഏതോ ഒരു ചോപ്ര എന്നുമൊക്കെയാണ് നടൻ പറഞ്ഞത്. ഇതിനു മറുപടിയായി ആരുടെയും പേര് എടുത്ത് പറയാതെ പ്രിയങ്ക ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു.

 

‘എല്ലാവർക്കും വേണ്ടി ചില പ്രസക്തമായ ചിന്തകൾ പങ്കുവയ്ക്കുന്നു. ഞാൻ ആരാണെന്നും എന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്നും എല്ലാവരും അറിയണമെന്നൊന്നും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാൽ ഒരു വ്യക്തിയോട് ക്ഷമാപണം നടത്തുമ്പോൾ ആ വ്യക്തിയെക്കുറിച്ച് ഗൂഗിളിൽ എങ്കിലും നോക്കി അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കുന്നതു നന്നാകും. നമ്മളെല്ലാം നമ്മുടെ വ്യക്തിത്വത്തിന്റെ പേരിൽ ബഹുമാനിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. അല്ലാതെ ഇന്നയാളുടെ ഭാര്യ, മകൾ എന്ന രീതിയിൽ അറിയപ്പെടണം എന്നല്ലല്ലോ ആഗ്രഹിക്കുക. ക്ഷമാപണം നടത്തുമ്പോൾ പോലും പേരും നേട്ടങ്ങളും വ്യക്തമായി പറയാതെ ആരുടെയോ ഭാര്യ എന്നൊക്കെ പറയാമോ. എല്ലാവരും മറ്റുള്ളവരുമായുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്ന ഒരു ലോകത്തിലായിരിക്കണം നാം നമ്മുടെ കുട്ടികളെ വളർത്തിവലുതാക്കേണ്ടത്. ചോപ്ര എന്നു പേരുള്ളവരെല്ലാം ദീപക് ചോപ്രയുമായി ബന്ധമുള്ളവരല്ല. സ്മിത്ത് എന്നു പേര് ഉള്ളവരെല്ലാം വിൽ സ്മിത്തുമായി ബന്ധമുള്ളവരല്ലെന്ന് നമുക്കെല്ലാം അറിയാമല്ലോ.’–പ്രിയങ്ക പറയുന്നു

 

നിക് ജോനാസ് വിവാഹം കഴിച്ചിരിക്കുന്നത് ദീപക് ചോപ്രയുടെ മകളെയാണ് എന്നൊക്കെയാണ് പ്രിയങ്കയെ ഉദ്ദേശിച്ച് ഓ ഡോണൽ വിഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തിരുത്തിയപ്പോൾ പ്രിയങ്ക നടിയാണെന്നും അവർ ഭർത്താവ് നിക് ജോനാസിനെക്കാളും പ്രശസ്തയാണെന്നുമൊക്കെ ഓ ഡോണൽ പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിശദീകരിക്കുന്തോറും കൂടുതൽ അബദ്ധങ്ങളാണ് നടൻ പറഞ്ഞുവച്ചത്. ക്ഷമാപണം നടത്തിയപ്പോൾ അദ്ദേഹം പ്രിയങ്കയുടെ സമൂഹ മാധ്യമ അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ടും പോസ്റ്റും ചെയ്തിരുന്നു. 75 ദശലക്ഷം പേരാണ് നടിയെ പിന്തുടരുന്നതെന്ന് അതിൽ വ്യക്തമാക്കിയിട്ടുമുണ്ട്.യഥാർഥത്തിൽ ഡോ. അശോക് ചോപ്രയാണ് പ്രിയങ്കയുടെ പിതാവ്. 2013 ൽ അദ്ദേഹം അന്തരിച്ചു. 2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. വാടക ഗർഭപാത്രത്തിലൂടെ അടുത്തിടെ ദമ്പതികൾക്ക് ഒരു കുട്ടി ജനിച്ചിരുന്നു.

English Summary: Priyanka Chopra responds to Rosie O’Donnell’s apology: ‘Google my name… don’t refer to me as someone or wife’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com