ആള് റോങ്ങാണെന്നു കണ്ടാൽ ഞാൻ ചന്ദ്രമുഖിയാകും: ‘ചങ്കിലെ കൂട്ടുകാരി’യുടെ ജീവിതം

SHARE

ജീവിതത്തിന്റെ ഉപ്പും കയ്പ്പും ചവർപ്പുമെല്ലാം കുടിച്ചിറക്കുമ്പോളും ലക്ഷ്മിയുടെ മുഖം എപ്പോളും ചിരിച്ചുകൊണ്ടല്ലാതെ, വാക്കുകളിൽ സ്നേഹവും ചിരിയും നിറച്ചല്ലാതെ ആർക്കും അവരെ കാണാൻ കഴിയില്ല. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ്സിനു മുൻപിലെ വെറുമൊരു കുലുക്കി സർബത്ത് കടക്കാരിയിൽ നിന്നും ‘കിടു’ കുലുക്കി സർബത്ത് കടക്കാരിയിലേക്ക് ലക്ഷ്മി കടക്കുമ്പോൾ അവിടെ പറയാൻ ലക്ഷ്മിക്കൊരു കിടു കഥയുണ്ട്. തളർച്ചകളിൽ അടിപതറി നിന്നു പോയ സ്ത്രീയുടെ കഥയല്ല, അതിജീവിച്ച കഥ.. കുത്തുവാക്കുകളെ മറികടന്ന കഥ.. വലിയ വേദനയിലും ചെറിയ സന്തോഷങ്ങൾ കണ്ടെത്തി, ആ സന്തോഷം ടിക് ടോകിലും റീൽസിലും വീഡിയോ ആക്കി മാറ്റി, തന്റെ മുന്നിൽ വരുന്ന ചങ്കുകൾക്ക് സ്നേഹത്തോടെ കുലുക്കി സർബത്ത് നൽകുന്ന ലക്ഷ്മിയുടെ ആ കഥ. മലയാളികളുടെ 'ചങ്കിലെ കൂട്ടുകാരി' മനോരമ ഓൺലൈനിനോട് മനസ്സ് തുറന്നപ്പോൾ.. 

കിടുകുലുക്കിയുമായി റോഡരികിലേക്ക്...

ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയ, ജീവിതം തന്നെ വെറുത്ത ഒരു സാഹചര്യവും സമയവുമുണ്ടായിരുന്നു ലക്ഷ്മിയ്ക്ക്. അവർ അതിനെ ഓർത്തെടുക്കുന്നതിങ്ങനെ. " ഒരു സമയത്ത്, ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ അന്നതിലൊന്നും തകർന്ന് പോകാനോ, മരിക്കാനോ ഒരിക്കലും ഞാൻ തയാറല്ലായിരുന്നു. അതുകൊണ്ട് തന്നെ എങ്ങിനെ ജീവിക്കാം എന്ന് ചിന്തിച്ചപ്പോളാണ് ഈ സംരംഭവുമായി, കുലുക്കി സർബത്ത് കടയുമായി ഞാൻ മുന്നോട്ട് വരുന്നത്. ഇപ്പോ നന്നായി തന്നെ പോകുന്നുണ്ട്."- ലക്ഷ്മി പറയുന്നു. കുലുക്കി കട ചെറുതാണെങ്കിലും,  ലക്ഷ്മിയുടെ ആത്മവിശ്വാസം അത്ര ചെറുതല്ല എന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. എങ്കിലും മാനം മുട്ടെ വലിയ ആഗ്രഹങ്ങളൊന്നുമില്ല ലക്ഷ്മിക്ക്. സ്വന്തമായി ചെറിയ ഒരു കട, ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട്, കുട്ടികളുടെ പഠനം, ലക്ഷ്മിയുടെ ലക്ഷ്യങ്ങൾ ഇതെല്ലാമാണ്.

ടിക് ടോക്കും റീൽസും പ്രിയം..

ടിക് ടോക് വീഡിയോസിലൂടെ മൊബൈൽ സ്ക്രീനിലേക്ക് എത്തുന്നതിനു മുൻപ് ജീവിതത്തിന്റെ ദുരിതവഴികൾ ഒന്നൊന്നായി മറികടന്നുകൊണ്ടിരുന്നവളാണ് ലക്ഷ്മി. ഇപ്പോഴും ദുരിതങ്ങൾക്കു ഫുൾസ്റ്റോപ്പ് വീണിട്ടില്ലെങ്കിലും... ടിക് ടോകും റീൽസുമെല്ലാം ലക്ഷമിക്ക് ആശ്വാസമാകുന്നത് അവിടെയാണ്. 

lakshmi3

" വെറുതെ ഇരിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഓരോന്നോർത്ത് ടെൻഷനടിക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ ഞാൻ വെറുതെ ഇരിക്കാറില്ല. ഒന്നെങ്കിൽ ഞാൻ മറ്റുള്ളവരുടെ വീഡിയോസ് കാണും. അതുമല്ലെങ്കിൽ ഞാൻ തന്നെ വീഡിയോസ് ചെയ്യും.  സത്യം പറഞ്ഞാൽ എന്റെ ഒരു കൂട്ടുകാരിയെ പോലെയാണ് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും. ഞാൻ കട തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ വളരെ വലിയ വിഷമതകളിലൂടെ കടന്നു പോയിരുന്നു. ആ സമയത്തു ഞാൻ ഇവിടെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിച്ചു. അങ്ങിനെ രണ്ട് ദിവസം കഴിഞ്ഞ് ഒരു ഹർത്താൽ ദിവസം കടയിൽ വന്നപ്പോൾ ടിക് ടോക് ഒന്നെടുത്തു നോക്കാമെന്നു കരുതി. അങ്ങിനെ അതിന്റെ സെറ്റിംഗ്സ് ഒക്കെ നോക്കി. ചെറുതെയിട്ടൊക്കെ ആപ്പിനെ പറ്റി പഠിച്ചെടുത്തു. അങ്ങിനെ അന്നുമുതൽ സ്വന്തം ശബ്ദത്തിലും അല്ലാതെയും വിഡിയോകൾ ചെയ്യാൻ തുടങ്ങി. ഒരിക്കൽ നെയ്യാറ്റിൻകരയിൽ നിന്നും ഒരു കുടുംബം എന്നെ കാണാനായി വന്നിരുന്നു. ലക്ഷ്മിയുടെ ടിക് ടോക് കാണാറുണ്ട് എന്നെല്ലാം അവർ പറഞ്ഞു. അതുപോലെ ഒരുപാടു പേർ വന്നു. അതൊക്കെ ഒത്തിരി സന്തോഷം തരുന്ന കാര്യങ്ങളാണ്."

ലക്ഷ്മി എങ്ങനെ ചങ്കിലെ കൂട്ടുകാരിയായി..?

ഒന്നിനു പിറകെ ഒന്നായി ഒരുപാട് വിഡിയോകൾ ചെയ്യാൻ തുടങ്ങിയതോടെ ഒരുപാട് പേർ ലക്ഷ്മിയെ തേടിയെത്തിയിരുന്നു. അതിനിടയിൽ ഒരിക്കൽ ടിക് ടോക് താരമായ ഫുക്രു എന്ന കൃഷ്ണജീവും കൂട്ടരും കടയിൽ എത്തി. ലക്ഷ്മി പറയിന്നതിങ്ങനെ, "അന്ന് ഫുക്രുവാണ് എന്നോടു  ചോദിച്ചത്, ചേച്ചി അക്കൗണ്ടിനു പേര് നൽകിയിട്ടില്ലല്ലോ എന്ന്. അങ്ങനെ അവനാണ് എന്റെ അക്കൗണ്ടിൽ ചങ്കിലെ കൂട്ടുകാരി എന്ന പേര് ചേർത്തത്. അങ്ങിനെ ഒരു പേര് നൽകാൻ കാരണം മറ്റൊന്നുമല്ല, ഞാൻ എന്റെ വീഡിയോ തുടങ്ങിയിരുന്നത് ചങ്കിലെ കൂട്ടുകാരെ.. കിടിലൻ കൂട്ടുകാരെ.. എന്ന് പറഞ്ഞാണ്. അതിൽ നിന്നാണ് ചങ്കിലെ കൂട്ടുകാരി ഉണ്ടാകുന്നത്." 

നെഗറ്റീവ് കമന്റുകൾ നിറഞ്ഞ ആദ്യകാലം

ആദ്യമൊക്കെ ചെയ്യുന്ന വീഡിയോകൾക്കെല്ലാം നെഗറ്റീവ് കമന്റുകൾ കുമിഞ്ഞു കൂടിയപ്പോളും ലക്ഷ്മിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. കാരണം ട്രോളന്മാർ ട്രോളിയതുകൊണ്ടാണ് ഞാനിന്ന് ഇവിടെ വരെ എത്തിയതെന്നാണ് ലക്ഷ്മി പറയുന്നത്. " ആദ്യമൊക്കെ ഒരുപാട് ട്രോൾ കിട്ടിയിട്ടുണ്ട്. എന്നാൽ അതേ ട്രോളുകൾ കാരണമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. പിന്നെ ടിക് ടോക്കിലും റീൽസിലും നെഗറ്റീവും പോസിറ്റീവും കാണും. അതിനെ ഒന്നും വലിയ വിഷയമായി കാണേണ്ടതില്ല. അതിപ്പോൾ ഈ കച്ചവടത്തിലായാലും അങ്ങിനെ തന്നെയാണ്. പിന്നെ ടിക് ടോക് പോയതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു. പിന്നീട് ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നു. അതോടെ പിന്നെയും ഞാൻ വിഡിയോ ചെയ്യാൻ തുടങ്ങി. സമയം കിട്ടുമ്പോഴെല്ലാം ഞാൻ വിഡിയോ ചെയ്യും. അതിപ്പോള്‍ കസ്റ്റമർ ജ്യൂസ്‌ കുടിക്കുമ്പോൾ ആണെങ്കിൽപോലും ഞാൻ വീഡിയോ ചെയ്യും. അതെന്റെ ഒരിഷ്ടമാണ്. ഞാൻ ഇങ്ങനെയാണ്. എനിക്ക് ഞാനാകാനേ കഴിയൂ. " ലക്ഷ്മിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.

lakshmi4

ഞാനും ശാരദാമ്മയും പിന്നെ അഭിനയവും

ജീവിതകഥ ഒരു സിനിമയാക്കി മാറ്റണമെന്നാണ് സിനിമാ ആലോചനകളെ പറ്റിയുള്ള ചോദ്യത്തിൽ ആദ്യം ലക്ഷ്മി തന്ന മറുപടി. അഭിനയിക്കാൻ ആഗ്രഹമുണ്ടോ. അവസരം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും ലക്ഷ്മിയുടെ കൈയിൽ മറുപടി റെഡിയാണ്."സിനിമയിൽ അഭിനയിക്കുക എന്നത് എല്ലാർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ. നല്ല വേഷങ്ങൾ കിട്ടിയാൽ ചെയ്യാൻ ആഗ്രഹമുണ്ട്. ആദ്യമൊക്കെ ഷോർട് ഫിലിമിനും മറ്റും വിളിച്ചിരുന്നെങ്കിലും അന്നൊന്നും എനിക്കിതിനോട് താല്പര്യവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അതിനൊന്നും നിന്നില്ല." 

ഒരുപാട് നെഗറ്റീവ് കമെന്റ്സിനിടയിലും ലക്ഷ്മി ചെയ്ത ശാരദാമ്മയുടെ വീഡിയോ കുറച്ചുകൂടി ലക്ഷ്മിയെ ജനപ്രിയയാക്കി മാറ്റിയിരുന്നു. ആ രൂപത്തിൽ ചാനലുകളിലെ കോമഡി ഷോകളിൽ ഒന്നഭിനയിക്കണം എന്നത് മാത്രമാണ് ലക്ഷ്മിയുടെ നിലവിലെ ആഗ്രഹം. ഒപ്പം ശാരദമ്മയെ ഒന്ന് കാണണമെന്നും.

"പാമരം പളുങ്കുകൊണ്ട് എന്ന പാട്ടിനു ശാരദാമ്മയുടെ വേഷത്തിൽ ചെയ്ത വീഡിയോക്ക് ഒരുപാട് ലൈക്കും ഷെയറും കിട്ടിയിരുന്നു. ഒരുപാട് പേർ ഡ്യുയറ്റ് ചെയ്ത വിഡിയോയും അതായിരുന്നു. അതിനുശേഷം ആ വേഷത്തിൽ കൂടുതൽ വീഡിയോകൾ ചെയ്തു തുടങ്ങി."

ടിക് ടോക് കാലത്തെ കല്ലേറുകൾ 

റീൽസും ടിക് ടോകും ചെയ്യുമ്പോളെല്ലാം, ലക്ഷ്മിക്കു ഏറ്റവും കൂടുതൽ കല്ലേറ് കിട്ടിയിട്ടുള്ളത് മേക്കപ്പ് കൂടുതലാണെന്നും ഇതെന്തു വേഷമാണെന്നും ചോദിച്ചുകൊണ്ടു തന്നെയാണ്. അതെല്ലാം ഒരാളുടെ സ്വാതന്ത്ര്യമാണ് എന്നിരിക്കെ തന്നെ തനിക്ക് കേൾക്കേണ്ടി വന്ന കുത്തുവാക്കുകളെ പറ്റി ലക്ഷ്മി പറയുന്നതിങ്ങനെ, "ഞാനിടുന്ന വേഷം പോരാ.. മേക്കപ്പ് കൂടുതലാണ് എന്നെല്ലാം പലരും പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ ഞാൻ മേക്കപ്പ് ചെയ്യാറില്ല. ഇതെന്റെ നിറമാണ്(മുഖം കഴുകി കാണിക്കുന്നു.). പിന്നെ ലിപ്സ്റ്റിക്കും കണ്മഷിയും എനിക്ക് നിർബന്ധമാണ്. അല്ലാതെ ഞാൻ ബ്യൂട്ടിപാർലറിൽ പോലും പോകാറില്ല. 

അടുത്ത വിഷയം ഞാനിടുന്ന വസ്ത്രമാണ്. ഒരേ വേഷത്തിൽ അടുപ്പിച്ചു വിഡിയോകൾ ചെയ്യുന്നതാണ് പലർക്കും പ്രശ്നം. പലരും ചോദിച്ചിട്ടുണ്ട് എന്നും ഒരു വേഷമേയുള്ളോ എന്ന്. ഒരിക്കൽ ഒരാൾ വന്നു ദേഷ്യപ്പെട്ടിരുന്നു. നിങ്ങളാണോ ചങ്കിലെ കൂട്ടുകാരി എന്ന് ചോദിച്ചു. മേലാൽ ടിക് ടോക് ചെയ്തു പോകരുത്, നിങ്ങളെക്കൊണ്ട് വലിയ ശല്യമാണ് എന്നെല്ലാം പറഞ്ഞു. എപ്പോൾ ടിക് ടോക് എടുത്താലും ഞാനാണ് എന്നതായിരുന്നു അയാളുടെ പ്രശ്നം. അന്ന് ഞാൻ അല്പം കടുപ്പിച്ചു സംസാരിച്ചു. ശരിക്കും നമ്മൾ ധരിക്കുന്ന വേഷത്തിലല്ല, നമ്മൾ ഒരാളോട് എങ്ങിനെ പെരുമാറുന്നു എന്നതിലാണ് കാര്യം. അതുകൊണ്ട് തന്നെ മറ്റൊരാൾ പറയുന്നത് കേട്ട് ഞാനൊന്നും ചെയ്യാറില്ല. എനിക്കിഷ്ടമെന്ന് തോന്നിയാൽ ഞാൻ ചെയ്യും."

lakshmi2

ഞാൻ ചന്ദ്രമുഖിയാകും..!

ഈ മേഖലയിൽ ഒരുപാട് വിഷമതകൾ അനുഭവിച്ചുകൊണ്ട് തന്നെയാണ് ലക്ഷ്മി മുന്നോട്ട് നീങ്ങുന്നത്. എന്നുകരുതി തളരാൻ ലക്ഷ്മി തയ്യാറല്ല. അതുപോലെ തളർത്താനും കളിയാക്കാനും മോശമായി പെരുമാറാനും വരുന്നവരോട് ലക്ഷ്മി പൊട്ടിത്തെറിക്കുകയും ചെയ്യും." വരുന്നവരുടെ പെരുമാറ്റം ശ്രദ്ധിച്ചാണ് അവരോട് നമ്മൾ പെരുമാറുന്നത്. അവരുടെ സംസാരം ശരിയല്ല എന്നു കണ്ടാൽ ഉടനെ സ്ഥലം വിട്ടോളാൻ പറയും. ജ്യുസ് കുടിക്കാൻ വന്നാൽ കുടിച്ചിട്ട് പോവുക. അതിനപ്പുറത്തേക്ക് വരേണ്ട എന്ന് തന്നെ പറയും. ആള് റോങ്ങ്‌ ആണെന്ന് കണ്ടാൽ ഞാനിനി ചന്ദ്രമുഖി ആകുമെന്നു കൂടി അവരോടു പറയും. എന്നിട്ടും അവർ പോയില്ലെങ്കിൽ, എന്റെ ഈ ചിരിയെല്ലാം മായും. അങ്ങിനെ ഒന്ന് രണ്ടു കേസുകൾ മാത്രം. അതൊക്കെ ഈ ഫീൽഡിന്റെ ഭാഗമാണ്. അതിനെ നേരിടാൻ ഞാൻ പഠിച്ചു കഴിഞ്ഞു." ലക്ഷ്മി പറയുന്നു.

ആദ്യം പറഞ്ഞതു പോലെ ഒരു സാധാരണക്കാരിയുടെ അസാമാന്യ ധൈര്യവും വാക്കുകളിലെ അസാധാരണ ആത്മവിശ്വാസവും തന്നെയാണ് ലക്ഷ്മിയെ അവരുടെ ജീവിത സാഹചര്യങ്ങളിലും പിടിച്ചു നിർത്തുന്നത്. അവരെ വ്യത്യസ്തയാക്കുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഈ ചങ്കിലെ കൂട്ടുകാരി കുലുങ്ങില്ല. കാരണം ജീവിതം തളർത്തുമ്പോൾ അവർ തളരാതെ പോരാടുന്നത് അവരുടേതായ വഴിയിലൂടെയാണ്, അവരുടേതായ സന്തോഷം കണ്ടെത്തിയാണ്, ആ സന്തോഷത്തിലൂടെ മറ്റുള്ളവർക്ക് മധുരമേറുന്ന സർബത്ത് നൽകിയാണ്. ഇന്ന് കേരളം മുഴുവൻ ഈ കുലുക്കി സർബത്ത് കടക്കാരിയെ അറിയുന്നെങ്കിൽ,  അതവരുടെ പ്രയത്നഫലം ഒന്ന് കൊണ്ടു മാത്രമാണ്. അവിടെ അവരെ തളർത്താൻ ആർക്കുമാവില്ല, കാരണം ഈ ചിരിയുടെ ഉടമയിൽ, മനസ്സിൽ സ്നേഹം സൂക്ഷിക്കുന്ന, എല്ലാവരെയും ചങ്കായി കാണുന്ന ഈ ചങ്കിലെ കൂട്ടുകാരിയിൽ, ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്, ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹവുമുണ്ട്.

English Summary: Life Story Of Lakshmi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA