ADVERTISEMENT

ചില ജോലികൾ ആണുങ്ങൾക്കേ ചേരൂ, ചിലത് പെണ്ണുങ്ങൾക്ക് എന്ന രീതിയിൽ തൊഴിൽ മേഖലയിൽ പോലും ലിംഗ അസമത്വം നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അവിടെയാണ് താൻ ഒരു കൊറിയർ ഗേൾ ആണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം സ്വദേശിനി സിന്ധുവിന്റെ വരവ്. പൊതുവെ കൊറിയർ ഡെലിവറി എന്നത് പുരുഷകേന്ദ്രീകൃതമായ ഒരു ജോലിയാണെന്നാണ് നമ്മുടെ നാട്ടിലെ വയ്പ്പ്. അങ്ങനെയിരിക്കെയാണ് ജീവിത പ്രാരാബ്ധങ്ങൾ ഏറ്റെടുത്തുകൊണ്ട് കൊറിയർ ഗേളായി സിന്ധുവിന്റെ എൻട്രി. ചുറ്റുമുള്ളവർ കളിയാക്കി, അധികനാൾ ഈ തൊഴിൽ ചെയ്യില്ലെന്ന് തീർത്ത് പറഞ്ഞു. എന്നിട്ടും സിന്ധു പിന്മാറിയില്ല. തൊഴിലിൽ ആൺപെൺ വ്യത്യസമില്ലെന്നു തന്റെ ജീവിതം കൊണ്ട് സിന്ധു തെളിയിക്കുകയായിരുന്നു. അതിനാൽ തന്നെയാണ്  ''സുസ്ഥിര നാളേക്കായി ലിംഗസമത്വം ഇന്ന്'' എന്ന ആശയത്തിൽ വനിതാദിനം കൊണ്ടാടുമ്പോൾ സിന്ധുവിന്റെ ജീവിതം ശ്രദ്ധേയമാകുന്നത്.

ദിവസക്കൂലി 350  രൂപ

ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന വ്യക്തിയാണ് സിന്ധു. ഭർത്താവും കുട്ടികളും ചേർന്ന കുടുംബത്തോടൊപ്പം ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നിലക്ക് സന്തോഷപൂർവം ജീവിച്ചു വരുമ്പോഴാണ് ഭർത്താവിന് കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതും അദ്ദേഹം കിടപ്പിലാകുന്നതും. ഭർത്താവിന് കുടുംബം പുലർത്തുന്നതിനായി ഭാരമുള്ള ജോലികൾ ഒന്നും ചെയ്യാൻ കഴിയില്ല എന്ന അവസ്ഥ വന്നതോടെ വരുമാനത്തിന് മറ്റു മാര്‍ഗങ്ങൾ കണ്ടെത്തേണ്ട അവസ്ഥയായി.

‘'അന്ന് ഞാൻ ചിറയിൻകീഴിൽ ഉള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കാരി ആയിരുന്നു. ഭർത്താവ് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി ഡ്രൈവർ. സൂപ്പർമാർക്കറ്റിൽ നിന്നുള്ള വരുമാനം തികയാതെ വന്നതോടെ പുതിയൊരു ജോലി തേടിയിറങ്ങി. എന്നാൽ വിദ്യാഭ്യാസം വില്ലനായി വന്നു. ഞാൻ പ്ലസ്ടൂ പാസ് ആയിട്ടില്ല. വയസ്സ് ആണെങ്കിൽ  48 ആയി. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ. പക്ഷേ, ആലോചിച്ചിരിക്കാനൊന്നും എനിക്ക് സമയമുണ്ടായിരുന്നില്ല. വരുമാനം കണ്ടെത്തേണ്ടത് അത്രക്ക് അത്യാവശ്യമായിരുന്നു. അങ്ങനെയിരിക്കെയാണ്  കൊറിയർ ഏജൻസിയിൽ ഒഴിവ് ഉണ്ടെന്ന് അറിയുന്നത്.   ദിവസം 350 രൂപാ കൈയിൽ മിച്ചം കിട്ടും എന്ന് അറിഞ്ഞതോടെ ഞാൻ ജോലിക്ക് വരാം എന്ന് ഏറ്റു. ചെറുപ്പം മുതൽ സ്‌കൂട്ടർ ഓടിക്കാൻ അറിയാം, ലൈസൻസും ഉണ്ട്. അതായിരുന്നു എന്റെ ഏക മുതൽക്കൂട്ട്'' സിന്ധു പറയുന്നു.

പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതം

ഏറെ പ്രതീക്ഷയോടെയാണ് സിന്ധു പുതിയ ജോലിക്കായി ഒരുങ്ങിയത്. എന്നാൽ കാത്തിരുന്നത് അത്രയും തിരിച്ചടികൾ ആയിരുന്നു. കേട്ടവർ കേട്ടവർ എതിർത്തു. ചിലർ കളിയാക്കി. വെയിലത്ത് കൊറിയർ ബാഗും തൂക്കിയുള്ള യാത്ര ഒരു ആഴ്ച പോലും തികക്കില്ല എന്ന് പലരും പറഞ്ഞു. ഇത്രയേറെ കഠിനമായ ജോലി ഒരു സ്ത്രീ  - അതും ഒരു മധ്യവയസ്‌ക - ഒരിക്കലും തുടരില്ല എന്ന് സഹ പ്രവർത്തകർ പറഞ്ഞപ്പോഴും സിന്ധു തളർന്നില്ല. കാരണം സിന്ധുവിന് ഒരു കുടുംബത്തെ താങ്ങി നിർത്തനമായിരുന്നു. തന്നെ എതിർത്തവരുടെ വാക്കുകളെ നിഷ്പ്രഭമാക്കിക്കൊണ്ട് സിന്ധു തന്റെ ജോലിയിൽ തിളങ്ങി. അങ്ങനെ സിന്ധു തിരുവനന്തപുരത്തെ ആദ്യ വനിതാ കൊറിയർ ഡെലിവറി ഏജന്റ് ആയി. സിന്ധു തന്റെ കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും മികച്ച സ്റ്റാർ റേറ്റിങ്ങ് വാങ്ങി ജോലിയിൽ ഒന്നാമതായതോടെ ഒരിക്കൽ എതിർത്തവരെല്ലാം കയ്യടിക്കാൻ തുടങ്ങി.

ജീവിതത്തോടായിരുന്നു വാശി

''എനിക്ക് ആരോടും വാശി ഉണ്ടായിരുന്നില്ല. എനിക്ക് വാശി ജീവിതോടായിരുന്നു. ദിവസം 350 രൂപ വരുമാനം എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ തുകയായിരുന്നു. അതിലൂടെ എനിക്കെന്റെ ജീവിതം കരുപ്പിടിപ്പിക്കണമായിരുന്നു.അതിനാൽ ഞാൻ തൊഴിലിൽ പിടിച്ചു നിന്നു.ചേട്ടൻ ഡ്രൈവർ ആണ്. വണ്ടി ഓടിക്കൽ ഞങ്ങൾക്ക് ജീവിതത്തിന്റെ ഒരു ഭാഗം ആണ്. അതുകൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായില്ല. വീട്ടിലെ കഷ്ടപ്പാട് മാറണം, മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കണം ഇത് മാത്രമായിരുന്നു എന്റെ ആഗ്രഹം. അതിനാൽ തന്നെ കിലോമീറ്ററുകൾ ചുമലിൽ ബാഗുമായി വെയിലത്ത് സഞ്ചരിക്കേണ്ടി വന്നപ്പോഴും ഞാൻ അതിൽ സന്തോഷം കണ്ടെത്തി'' സിന്ധുവിന്റെ വാക്കുകളിൽ ഒരു വിജയിയുടെ ആത്മ സംതൃപ്തി.

സഹോദരങ്ങൾക്കു ഈ അവസ്ഥ സഹിക്കില്ല

തനിക്ക് ഉയർത്താൻ പോലും കഴിയാത്ത അത്ര ഭാരവും താങ്ങി ടൂ-വീലറിൽ ബാലൻസ് ചെയ്ത് നട്ടുച്ചയ്ക്ക് ബ്ലോക്കിൽ നിൽക്കുമ്പോൾ സിന്ധുവിന് തന്റെ സഹോദരങ്ങളെ ഓർത്ത് വിഷമം തോന്നിയിട്ടുണ്ട്. അവർക്ക് ഈ കാഴ്ച സഹിക്കാനാവില്ലെന്ന തിരിച്ചറിവ് സിന്ധുവിനെ വേദനിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ സ്വന്തം ചേച്ചി ഈ കാഴ്ചകണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ സിന്ധുവിനെ വിളിച്ചു. വിഷമം തോന്നിയെങ്കിലും പിന്തിരിഞ്ഞില്ല സിന്ധു. മക്കളെ നല്ല നിലയിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ പ്രധാന ലക്ഷ്യം. രണ്ട് പെണ്മക്കളാണ് സിന്ധുവിന്.

''മൂത്തവൾക്ക് ജേണലിസ്റ്റ് ആകാൻ ആണ് ആഗ്രഹം. അവൾക്ക് ടിവിയിൽ വാർത്ത വായിക്കണം. ഇളയവർ എട്ടാം ക്ലാസ്സിൽ ആയിട്ടേ ഉള്ളൂ. പിള്ളേര് ഇഷ്ടം ഉള്ളത് പഠിക്കട്ടെ. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ''.സിന്ധു പറയുന്നു

സിന്ധുവിന്റെ അഭിപ്രായത്തിൽ കൂടുതൽ സ്ത്രീകൾ കൊറിയർ ഡെലിവറി രംഗത്തേക്ക് കടന്ന് വരേണ്ടി ഇരിക്കുന്നു. ആരെയും പേടിക്കാതെ ചെയ്യാവുന്ന സുരക്ഷിതമായ ജോലി ആണ് കൊറിയർ ഡെലിവറി. ഡ്രൈവിങ്ങിനോടും വണ്ടിയോടും യാത്രയോടും എല്ലാം ഒരു ഇഷ്ടം ഉണ്ടായാൽ മതി എന്നാണ് സിന്ധുവിന്റെ പക്ഷം.

English Summary: Women's  Day  Sprcial Story About Courier girl sindhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com