ADVERTISEMENT

19-ാം വയസ്സിൽ വിവാഹിതയായ ശ്വേത ഢാ‍ഡ അടുത്ത 20 വർഷം കൂടി കാത്തിരിക്കേണ്ടിവന്നു, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കാൻ. വിട്ടമ്മയും 19 വയസ്സുള്ള മകളുടെ അമ്മയും എന്ന ഇമേജും കടന്ന് 42-ാം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടിയിരിക്കുകയാണ്. ജയ്പുരിൽ പ്ലാറ്റിനം കാറ്റഗറി വിഭാഗത്തിൽ മത്സരിച്ചാണ് ശ്വേത കാത്തിരുന്ന കിരീടം ചൂടിയതും സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള വികല ധാരണകളെ പൊളിച്ചെഴുതിയതും. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനായ രമൺ ഢാ‍ഡ യാണ് ശ്വേതയുടെ ഭർത്താവ്.

പത്തൊൻപതു വയസ്സുള്ള മകൾക്കു പുറമേ 10-ാം ക്ലാസ്സിൽ പഠിക്കുന്ന 15 വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ശ്വേത. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് .അസാധ്യമെന്നു തോന്നിച്ച സ്വപ്‌നത്തിൽ എത്തിപ്പിടിക്കാൻ തന്നെ സഹായിച്ചതെന്നു പറയുന്നു അവർ. സ്വപ്നത്തെ പാതിവഴിയിൽ ഉപേക്ഷിച്ചവരാണ് അധികവും. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവർ. എന്നാൽ, അത്തരം അസംതൃപ്തി ഒരു ഗുണവും സൃഷ്ടിക്കില്ലെന്നും അനാരോഗ്യകരമാണെന്നും ശ്വേത പറയുന്നു. എല്ലാവർക്കും സ്വപ്‌നങ്ങളുണ്ട്. അവ നേടാൻ പരമാവധി ശ്രമിക്കണം- അവർ പറയുന്നു.

സ്‌കൂൾ കാലം മുതലേ മത്സരങ്ങളിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സമ്മാനങ്ങളും നേടിയിരുന്നു. പഠിത്തത്തിലും കലാപരിപാടികളിലും മികവു പുലർത്തി എങ്കിലും 19-ാം വയസ്സിൽ എന്റെ വിവാഹം നടത്തി. തുടക്കത്തിൽ മക്കളുടെ ചെറുപ്പകാലത്തും മറ്റും ഞാൻ ഏറെ ബുദ്ധിമുട്ടി. എന്നാൽ മക്കൾ വളരുകയും അവർ അവരുടെ കാര്യങ്ങൾ സ്വന്തമായി നോക്കിത്തുടങ്ങുകയും ചെയ്തതോടെ എനിക്കു കൂടുതൽ സമയം കിട്ടി. എനിക്കു വേണ്ടിയും ഞാൻ സമയം മാറ്റിവയ്ക്കാൻ തുടങ്ങി- ശ്വേത പറയുന്നു.

പഞ്ചാബിലെ അമൃത്‌സറിൽ ജനിച്ച ശ്വേതയുടെ സ്‌കൂൾ, കോളജ് വിദ്യാഭ്യാസം അവിടെത്തന്നെയായിരുന്നു. വിവാഹത്തിനു ശേഷം ബിഎഡ് കൂടി വിജയച്ചതോടെ ഫിറ്റനസ് കോച്ചായി കുറച്ചുനാൾ ജോലി ചെയ്തു. ഒപ്പം മറ്റു സ്വപ്‌നങ്ങളും പൊടിതട്ടിയെടുത്തു. ഭർത്താവ് എല്ലാ ശ്രമങ്ങളിലും കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് മുന്നോട്ടുപോകാനും ആഗ്രഹങ്ങൾ നേടിയെടുക്കാനും എന്നെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും. ലോകത്തെ എല്ലാ സ്ത്രീകളോടും എനിക്കു പറയാനുള്ളതും ഇതുതന്നെ. സ്വപ്‌നങ്ങളെ കൈവിടാതിരിക്കുക. അവയ്ക്കു വേണ്ടി ശ്രമിക്കുക. വിജയം കൂടെ നിൽക്കും- ശ്വേത പറയുന്നു. ഇപ്പോഴും തന്റെ ശ്രമങ്ങൾ അവസാനിപ്പിക്കാനായിട്ടില്ലെന്ന് ശ്വേത വിശ്വസിക്കുന്നു. ഫിറ്റനസിനെക്കുറിച്ച് സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. തീർച്ചയായും സജീവമായ സാമൂഹിക ജീവിതമാണ് ശ്വേതയ്ക്കു മുന്നിലുള്ളത്.

English Summary: 42-yr-old Mrs India Shveta Dahda has a message for those trying to pursue their dreams. Full story here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com