4 പ്രണയ ബന്ധങ്ങൾ; 40 വർഷത്തെ സ്വകാര്യ ജീവിതം ആസ്വദിച്ചതിനെ കുറിച്ച് കിം കർദാഷിയാൻ
Mail This Article
ലോകമാകെ ആരാധകരുള്ള താരമാണ് കിം കർദാഷിയാൻ. അടുത്തിടെ വോഗ് മാസികയ്ക്ക് കിംകർദാഷിയാൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഒരോ പതിറ്റാണ്ടിലും തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് കിംകർദാഷിയാൻ മനസ്സു തുറന്നത്.
‘മറ്റുള്ളവരുടെ സന്തോഷത്തിനായി എന്തു ചെയ്യാൻ കഴിയുമെന്ന് കുറെക്കാലമായി ഞാൻ ചിന്തിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി എന്റെ മനസ്സിനെ എങ്ങനെയെല്ലാം സന്തോഷിപ്പിക്കാനാകുമെന്നാണ് ഞാൻ ചിന്തിച്ചത്. അത് എനിക്ക് വളരെ സന്തോഷം നൽകി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാറ്റങ്ങൾ എനിക്ക് മാനസിക പ്രശ്നങ്ങളുണ്ടാക്കി. അപ്പോഴാണ് നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടതെന്ന് എനിക്ക് തോന്നി തുടങ്ങിയത്. ഇപ്പോൾ ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നു. വ്യായാമം ചെയ്യുന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുന്നു.’- 41വയസ്സുള്ള കിം കർദാഷിയാൻ തന്റെ സമീപകാലത്തെ ജീവിതത്തെ കുറിച്ചു പറഞ്ഞു വച്ചത് ഇങ്ങനെയാണ്.
ഇരുപതുകളിൽ തന്റെ ജീവിതം എങ്ങനെയായിരുന്നു എന്നും താരം വിശദീകരിച്ചു. ‘ചെറുപ്പത്തിന്റെതായ എല്ലാ തെറ്റുകളും ഭ്രാന്തുകളും നിറഞ്ഞതായിരുന്നു എന്റെ ഇരുപതുകൾ. പ്രതീക്ഷയോടെ നിങ്ങൾ ജീവിതയാത്ര തുടരും. അനുഭവങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊള്ളും. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.’– കിം കർദാഷിയാൻ പറയുന്നു. 30കളിൽ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്നും കിം വ്യക്തമാക്കി. ‘മറ്റുള്ളവർ നമ്മെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിച്ചു സമയം കളയാതിരിക്കാൻ ശ്രദ്ധിച്ചു. ഓരോനിമിഷവും ആസ്വദിച്ച് ജീവിക്കുകയായിരുന്നു.’
2022ലാണ് പോപ് ഗായകൻ കെന്യേ വെസ്റ്റുമായുള്ള വിവാഹ ബന്ധം കിം കർദാഷിയാൻ വേർപ്പെടുത്തിയത്. കൊമേഡിയനായ പിറ്റ് ഡേവിഡ്സണുമായുള്ള പുതിയ ബന്ധം വെളിപ്പെടുത്തിക്കൊണ്ടുള്ള ഗ്ലാമർ ചിത്രങ്ങളും അടുത്തിടെ കിം കർദാഷിയാൻ സോഷ്യൽ മീഡിയയിലുടെ പങ്കുവച്ചിരുന്നു.
English Summary: Kim Kardashian Explains Her Personal Life