ADVERTISEMENT

സ്വന്തം മക്കൾക്ക് ഏറ്റവും ഉചിതമായ ജീവിത പങ്കാളിയെ കണ്ടെത്താനാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കുന്നത്. ചിലർ ബന്ധുക്കൾ മുഖേനയും മറ്റുചിലർ മാട്രിമോണിയൽ സൈറ്റു വഴിയും മക്കളുടെ വിവാഹത്തിനുള്ള ശ്രമം നടത്താറുണ്ട്. ഇതിനിടെ ഒരു പിതാവ് വരന്റെ പ്രൊഫൈൽ മകൾക്ക് അയച്ചപ്പോൾ സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മകൾ തന്നെയാണ് മാട്രിമോണിയൽ സൈറ്റിലെ രസകരമായ അനുഭവം പങ്കുവച്ചത്. 

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് സ്ഥാപനമായ ഫിൻടെകിന്റെ സഹസ്ഥാപകയായി പ്രവർത്തിക്കുകയാണ് ഉദിത പൽ എന്ന യുവതി. പിതാവ് തനിക്കു വേണ്ടി കണ്ടെത്തിയ ഒരാളുടെ പ്രൊഫൈൽ പങ്കുവച്ചു. എന്നാൽ പങ്കുവച്ച പ്രൊഫൈലിന്റെ ഉടമയെ ജോലിക്കു വിളിച്ച യുവതി അച്ഛനുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

നമുക്ക് സംസാരിക്കാൻ കഴിയുമോ? അത്യാവശ്യമായി ഒരുകാര്യം പറയാനുണ്ട് എന്നു പറഞ്ഞാണ് ഉദിതയുടെ പിതാവ് സംഭാഷണം ആരംഭിക്കുന്നത്. നീയെന്താണ് ചെയ്യുന്നതെന്ന് നിനക്കറിയാമോ എന്നാണ് അടുത്ത ചോദ്യം. ‘മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് നിനക്ക് ആളുകളെ ജോലിക്കു വിളിക്കാനാകില്ല. അവന്റെ അച്ഛനോട് എന്താണ് പറയേണ്ടത്?–യുവതിയോടു പിതാവ് ചോദിക്കുന്നു. ‘നീ അവർക്കയച്ച സന്ദേശം ഞാൻ കണ്ടു. അവർക്ക് അഭിമുഖത്തിന്റെ ലിങ്കും നീ അയച്ചു കൊടുത്തിരുന്നല്ലോ. അവന്റ പേരു വിവരങ്ങളും നീ ചോദിച്ചിരുന്നു.’– പിതാവ് യുവതിയോടു പറയുന്നു. 

അച്ഛന്റെ ചോദ്യങ്ങൾക്കു വളരെ നിസ്സംഗമായ മറുപടിയാണ് യുവതി നൽകിയത്. ‘ഏഴുവർഷത്തെ ഫിൻടെക് അനുഭവം ഇതാണ്. ഞങ്ങള്‍ ആളുകളെ തിരഞ്ഞെടുക്കുന്ന രീതി ഇങ്ങനെയാണ്. എന്നോട് ക്ഷമിക്കണം.’– യുവതി അച്ഛനു നൽകിയ മറുപടിയിൽ പറയുന്നു. അച്ഛനിൽ നിന്ന് നിരസിക്കപ്പെടുമ്പോൾ എന്ന കുറിപ്പോടെയാണ് യുവതി സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചത്. 

11000ത്തോളം പേരാണ് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. 62 ലക്ഷം രൂപ വാർഷിക വരുമാനം വേണമെന്നാണ് അയാൾ ആവശ്യപ്പെടുന്നത്. കമ്പനിക്ക് അത് സ്വീകാര്യമല്ലെന്നും ഉദിത പൽ പറയുന്നുണ്ട്. ഇതേ തുടർന്ന് തന്റെ പേര് വിവാഹ വെബ്സൈറ്റിൽ നിന്നും പിതാവ് ഒഴിവാക്കി എന്നും ഉദിത പൽ പറയുന്നു. നിരവധി പേരാണ് ഉദിത പലിനെ പിന്തുണച്ചത്. നിരവധി പേർ ഉദിതയ്ക്ക് ഉചിതമായ പങ്കാളിയെ ലഭിക്കട്ടെ എന്ന് ആശംസിക്കുകുയും ചെയ്തു. 

English Summary: Start-Up Owner Offers Job To Matrimonial Match Sent By Father.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com