ADVERTISEMENT

പരിശ്രമത്തിലൂടെ നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് വെറുതെയെങ്കിലും പലപ്പോഴും നമ്മൾ പറയാറുണ്ട്. എന്നാൽ ആർത്തി ദോഗ്ര എന്ന വനിതാ ഐഎഎസ് ഓഫിസറുടെ കാര്യത്തിൽ ഇക്കാര്യം അക്ഷരാർഥത്തിൽ ശരിയാണെന്നു കാലം തെളിയിച്ചു. സ്വപ്നത്തിലേക്കുള്ള ആർത്തിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആത്മധൈര്യവും കഠിനാധ്വാനത്തിനുള്ള മനസ്സും ഉണ്ടെങ്കിൽ ഏത് സ്വപ്നവും നിങ്ങൾക്കു സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ആർത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ജന്മനാ ശാരീരിക വൈകല്യങ്ങളുള്ള, സമൂഹം അകറ്റി നിർത്തിയ ഒരു പെൺകുട്ടി അപ്രാപ്യമെന്നു കരുതിയ സ്വപ്നം ദൃഢനിശ്ചയത്തിലൂടെ മാത്രമാണ് സ്വന്തമാക്കിയത്. 

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ആർത്തി ദോഗ്ര ജനിച്ചത്. 3.5 അടി മാത്രമാണ് ഉയരം. സൈനികനായ രാജേന്ദ്രയുടെയും അധ്യാപികയായ കുങ്കും ദോഗ്രയുടെയും മകളാണ് ആർത്തി. ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ആർത്തിയോടൊപ്പം നിന്നതും മാതാപിതാക്കളാണ്. സാധാരണ കുട്ടികളെ പോലെ വിദ്യാഭ്യാസം നേടാൻ വൈകല്യമുള്ള ആർത്തിക്കു കഴിയില്ലെന്ന് ജനിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി. എങ്കിലും മകളെ അവള്‍ക്കു പറ്റുന്നതു പോലെ പഠിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഡെറാഡൂണിലെ പ്രസ്റ്റീജിയസ് ഗേൾസ് സ്കൂളിൽ നിന്നും ആർത്തി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടി.

വൈകല്യത്തിന്റെ പേരിൽ ചെറുപ്പത്തിൽ തന്നെ ആർത്തി വിവേചനം നേരിട്ടിരുന്നു. എങ്കിലും ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്ര ആർത്തി തുടർന്നു. 2005ൽ ആദ്യ ശ്രമത്തിൽ 56–ാം റാങ്കോടെ ആർത്തി ഐഎഎസ് സ്വന്തമാക്കി. അന്ന് മുതൽ ആർത്തി പൂർണമായും സമൂഹസേവനത്തിനായി ജീവിതം മാറ്റിവച്ചു. രാജസ്ഥാൻ സർക്കാരിന്റെ വിവിധ തസ്തികകളിൽ ആർത്തി തന്റെ സേവനം തുടർന്നു. 

ജോലിയുടെ ആരംഭത്തിൽ ഉയരക്കുറവിലൂടെയാണ് ആർത്തി വാർത്തകൾ ഇടം നേടിയത്. എന്നാല്‍ പിന്നീട് ആ ഉയരക്കുറവ് അവരുടെ ജോലിയെ ബാധിക്കുന്നതല്ലെന്ന് പ്രവൃത്തികളിലൂടെ ആർത്തി തെളിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിനായി മുൻകൈ എടുത്തു. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. അജ്മീറിൽ കലക്ടറായിരുന്നപ്പോൾ ശാരീരിക വൈകല്യമുള്ളവർക്കു വോട്ടു ചെയ്യാൻ ബൂത്തുകളിലേക്ക് എത്താൻ വീൽചെയറുകൾ നൽകി മാതൃകയായി 

2018ലെ തിരഞ്ഞെടുപ്പു കാലത്ത് മികവു പുലർത്തിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുള്ള ദേശീയ പുരസ്കാരവും ആർത്തി ദോഗ്ര സ്വന്തമാക്കി. നിലവിൽ രാജസ്ഥാനിലെ അജ്മീർ കലക്ടറാണ് ആർത്തി ദോഗ്ര. നിരവധി പേർക്കു പ്രചോദനം നൽകുന്ന ആർത്തി ദോഗ്ര തന്റെ ജീവിതയാത്ര തുടരുകയാണ്. 

English Summary: Life Story Of Arti Dogra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com