പത്തനംതിട്ടയിലെ തിരുവല്ലയിൽ ജനിച്ച, ഡയാന മരിയം കുര്യൻ ഇന്ത്യ അറിയപ്പെടുന്ന താരമാണെന്ന് പറഞ്ഞാൽ അതാര് എന്നരീതിയിൽ നെറ്റി ചുളിക്കുന്നവരാകും കൂടുതലും. മോഡലിങ് ചെയ്യുന്ന, പ്രമുഖ മാസികകളിൽ മുഖചിത്രമായ, ടെലിവിഷൻ അവതാരകയായ ഒരു പെൺകുട്ടി ഡിഗ്രിക്ക് പഠിക്കുമ്പോൾ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽ പെടുകയും സിനിമാ താരമാവുകയും ചെയ്യുന്നു. വായിക്കുമ്പോൾ തീർത്തും സാധാരണമായ ഒരു കഥ പോലെ തോന്നാം. എന്നാൽ ഈയൊരു സാധാരണ കഥയിൽനിന്നാണ് ഇന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നയൻതാരയുടെ ജനനം.
നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും, ഗൗതം മേനോൻ സംവിധാനം ചെയ്യും എന്നൊക്കെ വാർത്തകൾ പരക്കുന്ന അവരുടെ വിവാഹദിനത്തിൽ എത്തിനിൽക്കുമ്പോൾ താരമൂല്യം കൊണ്ട് നയൻതാര ഉണ്ടാക്കിയെടുത്ത ഇടം വളരെ വലുതാണ്. നിമിഷങ്ങൾക്കു ലക്ഷങ്ങൾ വിലയുള്ള സൂപ്പർ താരങ്ങളുടെ കഥ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരത്തിൽ വൻപ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാറുകൾ നയൻതാരയ്ക്കു മുൻപ് ഉണ്ടായിരുന്നോ എന്ന് സംശയമാണ്

തുടക്കം സൂപ്പർ താരങ്ങളോടൊപ്പം
2003 ൽ ‘മനസിനക്കരെ’യിൽ അഭിനയിക്കുമ്പോൾ നയൻതാര നമ്മുടെയെല്ലാം കണ്ണിൽ സുന്ദരിയായ ഒരു മലയാളിപ്പെൺകുട്ടി മാത്രമായിരുന്നു. കരിയറിന്റെ തുടക്കത്തിൽത്തന്നെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയവൾ എന്ന് നമ്മളവരെ ചുരുക്കി. ഇതര ഭാഷകളിലേക്കു ചേക്കേറിയപ്പോൾ മലയാളികൾ അവരെ പരിഹസിച്ചു. അവരുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവിനെക്കുറിച്ചു സംസാരിച്ചു. അവിടെനിന്ന് തുടർച്ചയായി ഒറ്റയ്ക്കുള്ള ഹിറ്റുകൾ നൽകുന്ന ഇന്നത്തെ നയൻതാരയിലേക്കുള്ള വളർച്ച, അതൊട്ടും എളുപ്പവുമായിരുന്നില്ല.

തലവര മാറ്റിയ തമിഴ്
നയൻതാരയുടെ ആദ്യ സിനിമ ‘മനസിനക്കരെ’ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്നഭിനയിച്ച ‘വിസ്മയത്തുമ്പത്തി’ലും ‘നാട്ടുരാജാവി’ലും എല്ലാം ബോക്സ് ഓഫിസ് കലക്ഷൻ കണക്കുകൾക്കപ്പുറം പ്രേക്ഷകർ നയൻതാരയെ ശ്രദ്ധിച്ചു. പക്ഷേ നയൻതാരയുടെ കരിയർ അതിന്റെ ഉയരത്തിൽ എത്തുന്നത് തമിഴ് സിനിമാ പ്രവേശത്തോടെയായിരുന്നു. ‘അയ്യാ’യിലൂടെ തമിഴിൽ എത്തിയ നയൻതാരയുടെ ഗതി മാറ്റിയ സിനിമയായിരുന്നു ‘ചന്ദ്രമുഖി’. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക്. ആയിരത്തോളം ദിവസം തുടർച്ചയായി തിയറ്ററിൽ ഓടിയ റെക്കോർഡ് നേടിയ ചന്ദ്രമുഖിയോടെ തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയായി മാറി നയൻതാര. തസ്ക്കര വീരൻ, ഗജിനി, രാപ്പകൽ, കൽവനിൽ കാതലി, ശിവകാശി, ലക്ഷ്മി, വല്ലവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും നയൻതാര നായികയായി.

നയൻതാരയുടെ താരാഭിനിവേശം കുറച്ചു പേരെയൊന്നുമല്ല അസൂയാലുക്കലാക്കിയത്. അസിനും, തൃഷയുമൊക്കെ നയൻതാരക്കൊപ്പം സമാന്തരമായി പല ചിത്രങ്ങളിലും മത്സരിച്ചഭിനയിച്ചെങ്കിലും നിശബ്ദ പോരാളിയായി തന്റെ കരിയർ വളർത്തുകയായിരുന്നു നയൻ.
എന്നും വിവാദങ്ങളിൽ
നയൻതാരയുടെ പ്രണയബന്ധങ്ങൾ ആയിരുന്നു എന്നും അവരുടെ കരിയറിനെക്കാൾ വലിയ ചർച്ച. ഒരു പ്രണയബന്ധത്തിലെ അടുത്തിടപഴകുന്ന ദൃശ്യം പുറത്തുവന്നതു വലിയ വിവാദമായി. ഇതേ തുടർന്ന് അവരുടെ മുഖമുള്ള പോസ്റ്ററുകൾ തമിഴ്നാട്ടിൽ ഉടനീളം വലിച്ചു കീറി. മറ്റൊരു പ്രണയ ബന്ധത്തെ തുടർന്നുള്ള മതം മാറ്റവും മറ്റു പരാതികളും ഒക്കെ ഇന്ത്യ മുഴുവൻ ചർച്ചയായി. വിവാഹിതനായ ഒരു നായകനുമായുള്ള പ്രണയവും അതിനെതിരെ അയാളുടെ ഭാര്യ നൽകിയ പരാതിയും നയൻതാരക്കെതിരെ തമിഴ്നാട്ടിലെ ചില വനിതാ സംഘടനകൾ നടത്തിയ സമരവും ഒക്കെ വലിയ വാർത്തകളായി.
അകന്നു പോകലുകൾ വേദനയാണെങ്കിലും മുന്നോട്ടുള്ള പോക്കിനെ അതൊരിക്കലും ബാധിക്കരുതെന്ന് ഒരു കടുത്ത പ്രണയ നഷ്ടത്തിനോടുവിൽ അവർ കുറിച്ചു. ലോകം മുഴുവനും ഈ പ്രണയത്തകർച്ച ആഘോഷിച്ചപ്പോഴും ഈ ഒറ്റ വാചകത്തിനപ്പുറം നയൻതാര നിശബ്ദയായിരുന്നു. പല പ്രതിഷേധങ്ങൾ വന്നപ്പോഴും നയൻതാരയുെട തമിഴ് കരിയർ അവസാനിച്ചെന്ന് കരുതുന്നിടത്ത് നിന്നാണ് കൂടുതൽ ആർജവത്തോടെ നയൻ ഉയർത്തെഴുന്നേറ്റത്.

കരിയറിലെ മറ്റൊരു ഘട്ടം
വിവാദങ്ങൾ, വിമർശനങ്ങൾ, വ്യക്തിപരമായ നഷ്ടങ്ങൾ ഒക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിൽ നിന്നാണ് നയൻതാര എന്ന സൂപ്പർ താരത്തിന്റെ കരിയറിലെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. ഇവിടെ തുടർച്ചയായി മാസ് മസാല ഹിറ്റുകൾക്കൊപ്പം നായികയായി നിരവധി സോളോ ഹിറ്റുകളും അവർ നൽകി. ‘രാമരാജ്യ’ത്തിലെ സീതയായി ആന്ധ്ര സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവർ സ്വന്തമാക്കി. മായ, രാജാറാണി, ഇരുമുഖൻ, ഡോറ, ഇമൈക്ക ഞൊടികൾ, ഐറ, നാനും റൗഡി താൻ, ആരംഭം, തനി ഒരുവൻ, ബോസ് എന്തിര ഭാസ്കരൻ, പുതിയ നിയമം, വേലക്കാരൻ, കോലമാവ് കോകില, ബിഗിൽ, വിശ്വാസം, കൊലയുതിർ കാലം, ലവ് ആക്ഷൻ ഡ്രാമ, നിഴൽ, മൂക്കുത്തി അമ്മൻ, നെട്രിക്കൺ തുടങ്ങി ഒറ്റയ്ക്കും മറ്റു സൂപ്പർ താരങ്ങൾക്കൊപ്പവും എതിരാളികൾ ഇല്ലാതെ തന്റെ ഇടം നയൻതാര ഉറപ്പിച്ചു. അവിടെ മറ്റൊരാൾക്ക് ഇടമില്ലെന്ന് ആത്മവിശ്വാസത്തിലൂടെ അവർ തെളിയിച്ചു.
അഭിമുഖങ്ങൾ വിരളം
നയൻതാരയുടെ സ്വകാര്യ ജീവിതം എന്നും ഗോസിപ്പുകളിലൂടെ മാത്രമാണ് പുറംലോകം അറിഞ്ഞിട്ടുള്ളത്. വളരെ വിരളമായാണ് അവരുടെ അഭിമുഖങ്ങൾ പുറത്തുവന്നിരുന്നത്. സിനിമ പ്രമോഷനുകളിൽ നയൻതാര പങ്കെടുക്കാറേയില്ല. ഇടയ്ക്ക് നയൻതാര തമിഴ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നൊരു വാർത്തയും വന്നിരുന്നു. അവരുടെ ചില സിനിമകൾ അത്തരം സൂചനകൾ നൽകുകയും ചെയ്തിരുന്നു. പക്ഷേ ഒടുവിൽ അതും മറ്റൊരു ഗോസിപ്പ് ആയി ഒതുങ്ങി.
നായകൻമാർക്കൊപ്പം പ്രതിഫലം
സൂപ്പർ നായിക എന്നത് ആ വിശേഷണത്തിൽ മാത്രം ഒതുക്കാതെ എല്ലാതലത്തിലും പ്രാവർത്തികമാക്കാനാണ് നയൻ താര ശ്രമിച്ചത്. നായകൻമാർക്കൊപ്പം പ്രതിഫലം വാങ്ങുന്ന ലേഡി താരമായി നയൻതാര വളർന്നതങ്ങനെയാണ്. സിനിമകൾ ചെയ്യുന്നത്, വളരെ സെലക്റ്റീവായി എന്നതായിരുന്നു മറ്റൊരു പ്രധാന മാറ്റം. നായിക പട്ടം മാത്രം കിട്ടുന്ന സിനിമകളായിരുന്നില്ല അവരുടെ ചോയ്സ്. ,പകരം നായികയ്ക്ക് കൂടി എന്തെങ്കിലും പ്രാധാന്യം വേണം. ഭാഷേതരമായി നോക്കിയാൽ നായികാ പ്രാധാന്യമുള്ള ഏറ്റവുമധികം കഥാപാത്രങ്ങൾ അടുത്തിടെ ചെയ്ത നടിയും നയൻതാരയാണെന്ന് പറയാം. അത്തരം പ്രമേയങ്ങൾ ഏറ്റെടുത്ത് അഭിനയിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചതാണ് അവരുടെ കരിയറിലുണ്ടായ ഏറ്റവും വലിയ വളർച്ച.
നയൻ താരയും വിഗ്നേഷും
നാനും റൗഡിതാൻ എന്ന വിഗ്നേഷ് ശിവൻ സിനിമയിൽ അഭിനയിക്കുമ്പോഴാണ് നയൻ താരയും വിഗ്നേഷും തമ്മിൽ പ്രണയത്തിലാണ് എന്ന കഥ പരക്കുന്നത്. ആ ബന്ധം ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നു.

ദശാബ്ദത്തിലധികം നീണ്ട നയൻതാരയുടെ താര ജീവിതം ഒരു പാഠപുസ്തകമാണ്. കഠിനാധ്വാനത്തിന്റെ, ആത്മാർഥതയുടെ വലിയൊരു പാഠം. അത് സിനിമ സ്വപ്നം കാണാൻ ഒരുപാടുപേരെ പ്രേരിപ്പിക്കുന്നു. താര പരിവേഷം സ്ത്രീകൾക്ക് അസാധ്യമല്ലെന്നും അവർ തെളിയിക്കുന്നു. വിവാഹത്തോടെ നയൻതാര എന്ന സൂപ്പർസ്റ്റാർ അഭിനയലോകം വിട്ടു പോകില്ല എന്ന പ്രതീക്ഷയോടെ..നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എല്ലാ വിവാഹാശംസകളും നേരുന്നു.
English Summary: Vignesh Nayanthara Love Story