കീമോയ്ക്ക് ശേഷം മുടി നഷ്ടമായി; ഇനി ഷോ ചെയ്യേണ്ട എന്ന് അവർ പറഞ്ഞു: അനുഭവം പറഞ്ഞ് ലിസ റേ

lissa
Image Credit∙ Lisa Ray/Instagram
SHARE

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിലൂടെയും മനുഷ്യർക്ക് കടന്നുപോകേണ്ടിവരും. അത്തരത്തിൽ തനിക്കു നേരിടേണ്ടി വന്ന പരീക്ഷണത്തെ കുറിച്ച് പറയുകയാണ് നടിയും മോഡലുമായ ലിസ റേ. കാൻസറിനെതിരെ പോരാടിയ ജീവിതാനുഭവമാണ് ലിസ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ മജ്ജയിൽ കാൻസർ സ്ഥിരീകരിച്ചതിനെ കുറിച്ചാണ് ലിസ പറയുന്നത്. 

ലിസയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് 2009ൽ ഞാൻ ഡോക്ടറെ  കണ്ടു. എന്റെ രക്തപരിശോധനാഫലം കണ്ട ഡോക്ടർ ചോദിച്ചു. ‘എങ്ങനെയാണ് നിങ്ങൾ ഇങ്ങനെ നിൽക്കുന്നത്. നിങ്ങളുടെ ശരീരത്തിൽ ചുവപ്പ് രക്താണുക്കളുടെ അളവ് വളരെ കുറവാണ്. ഏത് നിമിഷവും നിങ്ങൾക്ക് ഹൃദയസ്തംഭനം സംഭവിക്കാം.’കുറച്ചു ദിവസങ്ങൾക്കു ശേഷം മറ്റു ചില പരിശോധനകൾ കൂടി നടത്തി. പരിശോധനയിൽ മജ്ജയിൽ കാൻസറാണെന്ന് ഡോക്ടർ എന്നെ അറിയിച്ചു. ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നും ഡോക്ടർ അറിയിച്ചു. പുറമെ ഞാൻ ശാന്തയായിരുന്നു. കാൻസറാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഒരു ദീർഘശ്വാസം എടുത്തു. ഇരുപതു വയസ്സായിരുന്നു എന്റെ പ്രായം. മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന സമയം. സമാധാനത്തിനായി എന്തു ചെയ്യണമെന്ന് ആലോചിച്ചു. ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.

ശസ്ത്രക്രിയ സമയത്ത് മരണത്തെ മുഖാമുഖം കണ്ടു. ഇത് എന്റെ പുനർജന്മമാണ്. കാന്‍സർ എന്റെ ജീവിതം പൂർണമായും മാറ്റിമറിച്ചു.  ജീവിതത്തിന്റെ മൂല്യം എന്താണെന്ന് എനിക്കു മനസ്സിലായി. എന്റെ അനുഭവങ്ങൾ ഞാൻ  മറ്റുള്ളവരുമായി പങ്കുവച്ചു. കീമോ ചെയ്തതിനെ തുടർന്ന് മുടി കൊഴിഞ്ഞു. വിഗ് വച്ചാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയത്. അതുപക്ഷേ, എന്നെ അലോസരപ്പെടുത്തി. ഞാൻ വിഗ് എടുത്തുമാറ്റി. അന്ന് ഒരുപാടുപേർ എന്നെ അഭിനന്ദിച്ചു. മാധ്യമങ്ങള്‍ എെന്ന കുറിച്ച് വാർത്തകൾ ചെയ്തു. മുടിയില്ല എന്ന കാരണത്താൽ ചാനൽ എന്നെ ഒരു ട്രാവൽ ഷോയിൽ നിന്ന് ഒഴിവാക്കി. അവർക്ക് നീണ്ട മുടിയുള്ള ഒരാളെയായിരുന്നു ആവശ്യം. ഈ സംഭവം എന്റെ ഹൃദയം തകർത്തു.

പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. 2012ൽ ഞാൻ വിവാഹിതയായി. ആ സമയത്ത് വീണ്ടും കാൻസർ സ്ഥിരീകരിച്ചു. ആത്മീയപാതയിലൂടെ സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യത്തേതു പോലെയുള്ള  പരിഭ്രമങ്ങൾ എനിക്കുണ്ടായില്ല. ധൈര്യമായി നേരിട്ടു. രണ്ട് വർഷത്തിനുള്ളിൽ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഞാൻ കാന്‍സറിനെ അതിജീവിച്ചു. അതിനുശേഷം ഒൻപതു വർഷങ്ങള്‍ പിന്നിട്ടു. ഞാൻ സിനിമകൾ ചെയ്തു. പുസ്തകം എഴുതി. കാൻസർ ബോധവത്കരണ പരിപാടികളിൽ എപ്പോഴും പങ്കെടുത്തു. എനിക്കു കുട്ടികളുണ്ടായി. ഒരു ആർട്ട് പ്ലാറ്റ്ഫോം തുടങ്ങി. ഇപ്പോൾ ഞാൻ കൂടുതൽ ആക്ടീവായി നിൽക്കുന്നു.’–ലിസ കുറിച്ചു.

English Summary: Lisa Ray Shares Her Battle with cancer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS