ADVERTISEMENT

അമിതാഭ് ബച്ചന്റെ ഭാര്യ എന്നതിലുപരി പതിറ്റാണ്ടുകളായി അഭിനയരംഗത്ത് തന്റേതായ  സ്ഥാനമുറപ്പിച്ച താരമാണ് ജയ ബച്ചൻ. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ ജയ ചലച്ചിത്ര ലോകത്തിന്റെ ഭാഗമായിരുന്നു. ഏറെ ആഘോഷിക്കപ്പെടുന്ന മേഖലയാണെങ്കിൽ പോലും ഇന്നത്തെ അഭിനേതാക്കൾക്ക് ഉള്ളത്ര സൗകര്യങ്ങളൊന്നും ലഭിക്കാതിരുന്ന അക്കാലത്ത് ഒരു സ്ത്രീ എന്ന നിലയിൽ ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്കിടെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ജയ ബച്ചൻ. ലൊക്കേഷനുകളിൽ കാരവാൻ പോയിട്ട് കൃത്യമായി ശുചിമുറികൾ പോലും ഇല്ലാതിരുന്ന അക്കാലത്ത് ആർത്തവ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച്  ചെറുമകളയ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലാണ് താരം വിശദീകരിച്ചത്.

ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ നടക്കുന്നത് ആർത്തവ ദിനങ്ങളിലാണെങ്കിൽ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകൾ കണ്ടുപിടിച്ച് അതിന്റെ മറവിൽ സാനിറ്ററി പാഡുകൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജയ ബച്ചൻ പറയുന്നത്. അങ്ങേയറ്റം ലജ്ജാകരവും വിഷമകരവുമായ കാര്യമായിരുന്നു അതെന്നും ജയ പറയുന്നു. കേട്ടത് വിശ്വസിക്കാനാവാത്ത  ചെറുമകളോട് സംഭവം സത്യമാണെന്ന് ആവർത്തിച്ചു പറയുകയാണ് താരം. 

ബുദ്ധിമുട്ടുകളോർത്ത് ഒന്നിനു പകരം മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. ശരിയായി ഒന്ന് ഇരിക്കാൻ പോലും സാധിക്കാതെ  ബുദ്ധിമുട്ടുന്നതിനിടയിലും  അതെല്ലാം സഹിച്ച് ക്യാമറയ്ക്ക് മുന്നിൽ   അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പാഡുകൾ യഥാസമയത്ത് മാറ്റുന്നതിന് മാത്രമല്ല നീക്കം ചെയ്തവ  നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങൾ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡുകൾ നിക്ഷേപിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ കയ്യിൽ കരുതിയിരുന്നു.  ഈ ബാഗുകൾ  ബാസ്കറ്റിനുള്ളിലാക്കി വീട്ടിലെത്തിച്ച ശേഷമാണ് കൃത്യമായി നിർമാർജനം ചെയ്തിരുന്നത്.

താൻ കടന്നുപോയ സാഹചര്യങ്ങൾ ഓർത്തെടുക്കുന്നതിനിടെ ആർത്തവകാലത്ത് സ്ത്രീകൾക്ക് അവധി നൽകാൻ മടിക്കുന്ന രീതിയെ ജയ ബച്ചൻ വിമർശിക്കുകയും ചെയ്യുന്നുണ്ട്. മാതൃദിനത്തിൽ അമ്മമാരോടുള്ള സ്നേഹം പങ്കുവയ്ക്കാൻ മത്സരിക്കുന്നവർ പോലും സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയങ്ങളിൽ സ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തെ അവധി അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു പകരമായി മറ്റേതെങ്കിലും ദിവസങ്ങളിൽ ജോലി പൂർത്തിയാക്കണമെന്ന്  ഉപാധിവച്ചാൽ പോലും തെറ്റില്ല എന്നും താരം പറയുന്നു. 

പ്രത്യേകിച്ച് പുരുഷന്മാർ ഈ ഒരു അവസ്ഥയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. എന്നാൽ പുരുഷന്മാർ മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ കൃത്യമായി അറിയുന്ന ചില സ്ത്രീകൾ പോലും ആർത്തവ ദിനങ്ങളിൽ മറ്റു സ്ത്രീകൾക്ക്  വേണ്ട പരിഗണന നൽകാൻ മടിക്കുന്ന പ്രവണതയുണ്ട്. ഇതിന്  മാറ്റം വരേണ്ടത് അനിവാര്യമാണ്. ആർത്തവ വിരാമത്തെക്കുറിച്ചും ജയ ബച്ചൻ പോഡ്കാസ്റ്റിൽ പ്രതികരിക്കുന്നുണ്ട്.  മാനസികവും ശാരീരികവുമായ തലത്തിൽ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന മധ്യവയസ്കരായ സ്ത്രീകളോട് എപ്പോഴും മൃദുസമീപനത്തോടെ പെരുമാറാൻ ആളുകൾ ശ്രമിക്കണം എന്നാണ്  താരം അഭിപ്രായപ്പെടുന്നത്.

English Summary: Jaya Bachchan opens up about changing sanitary pads behind bushes during shoots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com