സ്ത്രീകളെ ചിത്രീകരിച്ചിരുന്നത് മോശമായ രീതിയിൽ; ആദ്യ സിനിമ ചെയ്യാൻ മടിച്ചിരുന്നതായി അനു അഗർവാൾ

anu-aggarwal
Image credit. Aashiqui
SHARE

തൊണ്ണൂറുകളിൽ ഹിന്ദി സിനിമകളിൽ സ്ത്രീകളെ ചിത്രീകരിച്ചിരുന്ന രീതികണ്ട് അങ്ങേയറ്റം സങ്കടം തോന്നിയിരുന്നതായി മുൻകാല മോഡലും നടിയുമായ അനു അഗർവാൾ. ഒരു അഭിമുഖത്തിലാണ് ബോളിവുഡ് സിനിമകൾ കണ്ട് തനിക്ക് ഉണ്ടായ വിഷമതകളെ പറ്റി അനു അഗർവാൾ തുറന്നു പറഞ്ഞത്. 1990ല്‍ പുറത്തിറങ്ങിയ ‘ആഷിഖി’ എന്ന സിനിമയിലൂടെയാണ് അനു ചലച്ചിത്രലോകത്ത് ശ്രദ്ധേയയായത്. എന്നാൽ ‘ദേവദാസ്’ എന്ന ചിത്രം കണ്ടതിനു ശേഷം ആഷിഖിയിൽ അഭിനയിക്കാൻ തനിക്ക് മനസ്സ് വന്നിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് താരം.

അക്കാലത്ത് ഹിന്ദി സിനിമകളിൽ സ്ത്രീകൾ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നന്നേ കുറവായിരുന്നു. സുന്ദരിയായി അവതരിപ്പിക്കപ്പെടുക, രണ്ടോ മൂന്നോ ഗാന രംഗങ്ങളിൽ അഭിനയിക്കുക, ക്ലൈമാക്സിൽ കണ്ണീരണിയിക്കുന്ന ഒരു രംഗം അഭിനയിക്കുക എന്നിവ മാത്രമായിരുന്നു സ്ത്രീകൾക്ക് ഹിന്ദി സിനിമയിൽ ചെയ്യാൻ ഉണ്ടായിരുന്നത്. സിനിമ അടക്കമുള്ള മാധ്യമങ്ങൾ സ്ത്രീകൾക്കായി നല്ലതൊന്നും ചെയ്യുന്നില്ല എന്നു താൻ മനസ്സിലാക്കിയത് ഒരു സന്നദ്ധ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാലത്താണ് എന്നും അനു അഗർവാൾ പറയുന്നു.

ശരത്ചന്ദ്ര ചതോപാധ്യായയുടെ ദേവദാസ് എന്ന നോവലിനെ ആധാരമാക്കി പലകാലങ്ങളിലായി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ഒന്ന് സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന കാലത്ത് കാണുകയും ചെയ്തിരുന്നു. തന്നെ വിവാഹം ചെയ്യാൻ മടിച്ച സ്ത്രീയെ ദേവദാസ് മർദ്ദിക്കുന്ന രംഗവും സിനിമയിലുണ്ട്. ഇത് കണ്ടതിനുശേഷം ആഷിഖിയിൽ അഭിനയിക്കാൻ പോലും താൽപര്യം തോന്നിയിരുന്നില്ല എന്നും താരം പറയുന്നു. പിന്നീടാണ് സ്വന്തം നിലയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അനാഥയായ ഒരു പെൺകുട്ടിയെയാണ് താൻ അവതരിപ്പിക്കേണ്ടത് എന്ന് മനസ്സിലായത്. തന്റെ കഥാപാത്രത്തിന് സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ മോഡലിങ് ജീവിതത്തെക്കുറിച്ചും അനു അഗർവാൾ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. മോഡലിങ്ങും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ ഒരിക്കലും ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പുറത്തും ജോലി ചെയ്തിട്ടുണ്ട്. രാജ്യാന്തര സിനിമകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്രമേഖല വളരെ പിന്നിലാണെന്ന് അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നുവെന്നും താരം വെളിപ്പെടുത്തി.

English Summary: Anu Aggarwal reveals she was reluctant to do Aashiqui after watching Devdas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS