ലൈംഗിക തൊഴിലാളികളുടെ ഇരുണ്ട ലോകത്തേക്ക് ഇറങ്ങി; അവരും സാധാരണ സ്ത്രീകളാണ്: ഷെഫാലി

shefali
Shefali Jariwala/ Instagram
SHARE

‘രാത്രി കെ യാത്രി 2’ എന്ന വെബ് സീരീസിൽ ലൈംഗിക തൊഴിലാളിയായി വേഷമിട്ട സമയത്ത് തനിക്കുണ്ടായ തിരിച്ചറിവുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനേത്രിയും മോഡലുമായ ഷെഫാലി ജരിവാല. കഥാപാത്രമായി മാറുന്നതിനു വേണ്ടി ലൈംഗിക തൊഴിലാളികളുടെ ജീവിതം അടുത്തറിയാൻ അവരുമായി ഇടപഴകിയിരുന്നു.  സ്വന്തം ശരീരം വിറ്റു ജീവിക്കുന്നവരെക്കുറിച്ച് തനിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റിമറിച്ച അനുഭവമായിരുന്നു അതെന്ന് ഷെഫാലി പറയുന്നു.

കഥാപാത്രത്തെ കൂടുതൽ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഈ ഇടപഴകലുകൾ ഏറെ സഹായിച്ചു. എന്നാൽ അതിലുമുപരി ലൈംഗിക തൊഴിലാളികളുടെ ജീവിതം അടുത്തറിഞ്ഞതോടെ ഇരുളടഞ്ഞ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ട പ്രതീതിയാണ് തനിക്കുണ്ടായതെന്നും താരം വെളിപ്പെടുത്തുന്നു. അവർ ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ പ്രവൃത്തി എന്നതായിരുന്നു മുൻപ് തന്റെ ചിന്ത. എന്നാൽ അവരെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ തന്റെ മനസ്സിലുണ്ടായിരുന്ന ഇത്തരം വിശ്വാസങ്ങളെ സ്വയം ചോദ്യംചെയ്യാൻ തുടങ്ങി. 

സമൂഹം ലൈംഗിക തൊഴിലാളികളെ പുറത്താക്കപ്പെട്ടവരായാണ് കണക്കാക്കുന്നത്. എന്നാൽ അവരും മറ്റുള്ളവരെ പോലെ സാധാരണ സ്ത്രീകൾ തന്നെയാണെന്ന വസ്തുത സമൂഹം അവഗണിക്കുന്നു. ഇത്തരമൊരു തൊഴിലിലേക്ക് അവർ ഇറങ്ങിപ്പുറപ്പെടാനുള്ള കാരണങ്ങളും ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല എന്ന് ഷെഫാലി പറയുന്നു,

നിരവധി ലൈംഗിക തൊഴിലാളികളെ അടുത്ത് പരിചയപ്പെട്ടിരുന്നു. അവരുടെ കഥകൾ തന്റെ മനസ്സിനെ അങ്ങേയറ്റം വേദനിപ്പിച്ചു. വെബ് സീരീസിന്റെ ചിത്രീകരണം പൂർത്തിയായ ശേഷവും ആ മനഃസ്ഥിതിയിൽ നിന്നും പുറത്തുവരാൻ സാധിച്ചതുമില്ല. ഇപ്പോഴും ഈ അനുഭവങ്ങൾ മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു എന്നും എങ്ങനെ പുറത്തുവരണമെന്ന് തനിക്ക് അറിയില്ല എന്നുമാണ് താരം വെളിപ്പെടുത്തുന്നത്. അഭിനേത്രി എന്ന നിലയിൽ ഒരു പടികൂടി മുന്നോട്ടുവയ്ക്കാനായി എന്നതിലുപരി   മനുഷ്യൻ എന്ന നിലയിൽ മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും ഈ അനുഭവങ്ങൾ തന്നെ പഠിപ്പിച്ചു. 

അഭിനേത്രി എന്ന നിലയിൽ സമൂഹം തന്നെ കുറച്ചുകൂടി അംഗീകരിച്ചു തുടങ്ങിയതായി അനുഭവപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഗ്ലാമർ വേഷങ്ങൾക്കോ നൃത്തങ്ങൾക്കോ വേണ്ടി മാത്രമാണ് മുൻപ് ആളുകൾ സമീപിച്ചിരുന്നതെങ്കിൽ ഇപ്പോൾ മികച്ച കഥാപാത്രങ്ങൾ തന്നെ തേടി വരുന്നുണ്ട് എന്ന സന്തോഷവും ഷെഫാലി പങ്കുവയ്ക്കുന്നു.

English Summary: Interacting with sex workers took me to a very dark place and it changed my perspective towards them

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS