ഓരോ വിമാനയാത്രയിലും യാത്രികര്‍ക്കുള്ള മുന്നറിയിപ്പുകള്‍ പതിവാണ്. നിരന്തരം ആവര്‍ത്തിക്കുന്ന വാക്കുകളും ശൈലിയുമാണ് പൊതുവേ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങളിലുണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ പലപ്പോഴും സ്ഥിരം യാത്രക്കാര്‍ ഇത്തരം സന്ദേശങ്ങളെ ശ്രദ്ധിക്കാറു പോലുമില്ല. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചാല്‍ എത്ര ബോറന്‍ സന്ദേശവും ആരുടേയും മനംകവരുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഡിയോ. അത്തരത്തിൽ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് എപിസ്റ്റ എന്ന യുവതി.
ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തിലാണ് അസാധാരണ അനൗണ്‍സ്‌മെന്റ് സംഭവിച്ചത്. ഒരു ഹിന്ദി കവിത ചൊല്ലുന്ന ശൈലിയില്‍ കൂട്ടത്തില്‍ നര്‍മം കലര്‍ത്തിയായിരുന്നു പൈലറ്റ് മുന്നറിയിപ്പ് സന്ദേശം യാത്രികര്‍ക്കു നല്‍കിയത്. ട്വിറ്ററില്‍ ഡിസംബര്‍16ന് ഇതിന്റെ വിഡിയോ എത്തിയതോടെ സംഭവം വൈറലാവുകയായിരുന്നു.
'അരമണിക്കൂറിനുള്ളില്‍ നമ്മള്‍ യാത്ര ആരംഭിക്കും. അതുവരെ എല്ലാവരും നല്ലകുട്ടികളായി ഇരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. നമ്മള്‍ 36,000 അടി ഉയരത്തിലൊക്കെ യാത്ര ചെയ്യും. അതിനേക്കാള്‍ മുകളിലേക്ക് പോയാല്‍ ചിലപ്പോള്‍ ദൈവത്തെ കണ്ടേക്കാം...' ഇങ്ങനെയൊക്കെയാണ് പൈലറ്റിന്റെ സന്ദേശം പുരോഗമിക്കുന്നത്. പൈലറ്റിന്റെ വളരെ രസകരമായ രീതിയിലുളള മുന്നറിയിപ്പ് കേട്ട് യാത്രികര്‍ ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.
'ഡല്‍ഹി ശ്രീനഗര്‍ വിമാനത്തിലാണ് ഞാന്‍. പൈലറ്റിന്റെ മുന്നറിയിപ്പ് ഗംഭീരം. ആദ്യം ഇംഗ്ലീഷിലാണ് തുടങ്ങിയത്. പിന്നീട് ഹിന്ദിയിലേക്ക് മാറിയപ്പോള്‍ മുതലാണ് റെക്കോഡു ചെയ്യാനായത്' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത യുവതി കുറിപ്പിൽ പറയുന്നത്. ഇത് മാര്‍ക്കറ്റിങ് തന്ത്രമാണെങ്കില്‍ പോലും സ്വാഗതം ചെയ്യുന്നുവെന്നും ഈപ്സിറ്റ ട്വീറ്റില്‍ പറയുന്നു. ഇതുവരെ ഒരു ലക്ഷത്തിലേറെ തവണ ഈ ട്വിറ്റര്‍ വീഡിയോ കണ്ടു കഴിഞ്ഞു. സര്‍ഗാത്മകമായി മുന്നറിയിപ്പ് സന്ദേശത്തെ അവതരിപ്പിച്ച പൈലറ്റിനാണ് എല്ലാവരും ഫുള്‍മാര്‍ക്ക് നല്‍കുന്നത്. ഹാസ്യനടനാവേണ്ടയാള്‍ പൈലറ്റായാല്‍ ഇങ്ങനെയിരിക്കുമെന്നാണ് കൂട്ടത്തിലെ ഒരു കമന്റ്. എല്ലാ പൈലറ്റുമാര്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ഈ സ്‌പേസ് ജെറ്റ് പൈലറ്റെന്നും അഭിപ്രായം പറഞ്ഞവരുണ്ട്. കൂടുതല്‍ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ ബോറടിപ്പിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഇങ്ങനെ തമാശയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
English Summary: SpiceJet pilot turns to poetry for in-flight announcement, passengers love it