ജീവിതത്തിലെ ചിലനിമിഷങ്ങൾ പലപ്പോഴും അതിവൈകാരികമായിരിക്കും. അത്തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളുടെ മനംകവരാറുണ്ട്. ഹൃദ്യമായ അത്തരം ഒരു വിഡിയോയ്ക്കു പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഗർഭിണിയായ ഭാര്യയെ കാണുന്ന യുക്രേനിയൻ സൈനികനും പിന്നീടുള്ള വൈകാരിക നിമിഷങ്ങളുമാണ് വിഡിയോയുടെ ഉള്ളടക്കം.
ആന്റൺ ഗെരാഷ്ചെങ്കോ എന്ന ട്വിറ്റർ യൂസറാണ് വിഡിയോ പങ്കുവച്ചത്. സൈനികനായ ഭർത്താവിനെ കാണാനെത്തിയതാണ് ഭാര്യ. യൂണിഫോമിൽ നിൽക്കുന്ന അദ്ദേഹത്തെ ഗർഭിണിയായ ഭാര്യ ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്നതും വിഡിയോയിലുണ്ട്. തുടർന്ന് യുവതി പൊട്ടിക്കരയുന്നതും വിഡയോയിൽ ഉണ്ട്.
‘ഇതിനാണ് ഞങ്ങൾ പോരാടുന്നത്. അവർ പരസ്പരം കണ്ടിട്ട് മുപ്പത് ആഴ്ചകളായി. ’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘30 ആഴ്ചകളായി യുദ്ധമുഖത്താണ്. ദീർഘകാലത്തിനു ശേഷം അവസാനം ഞങ്ങൾ കണ്ടുമുട്ടി.’– എന്ന് വിഡിയോയിൽ എഴുതിയിട്ടുണ്ട്.
ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഭയാനകമെന്നു പറയുന്നതിനേക്കാൾ ഇതു മനോഹരം എന്നു പറയാനാണ് എനിക്കിഷ്ടം.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘സ്നേഹം വിലപ്പെട്ടതാണ്. നഷ്ടമാക്കരുത്.’ – എന്നായിരുന്നു മറ്റൊരു കമന്റ്. ‘ജനിക്കാനിരിക്കുന്ന ആ കുഞ്ഞിന് മനോഹരമായ ഒരു ജീവിതം ലഭിക്കും. അതിനു കാരണക്കാൻ ആ കുഞ്ഞിന്റെ പിതാവ് അടക്കമുള്ള പട്ടാളക്കാരാണ്.’– എന്നും പലരും കമന്റ് ചെയ്തു.
English Summary: Emotional Reunion Of Ukrainian Soldier And His Pregnant Wife Goes Viral