യാത്രക്കാരിൽ നിന്ന് ഒരുകോടി രൂപ പിഴ ഈടാക്കി റെയിൽവേ ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥ. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്. റെയിൽവേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിഴ ഈടാക്കിയ ഉദ്യോഗസ്ഥയെ പ്രശംസിച്ചു കൊണ്ടായിരുന്നു മന്ത്രാലയത്തിന്റെ ട്വീറ്റ്.
മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും, ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളും റെയിൽവേ മന്ത്രാലയം ഔദ്യോഗിക പേജിൽ പങ്കുവച്ചു. ‘റോസ്‌ലിൻ മേരിയുടേത് ജോലിയോടുള്ള ആത്മാർഥതയാണ്. 1.03 കോടി രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫായി ഇവർ മാറി.’– എന്ന കുറിപ്പോടെയാണ് ട്വീറ്റ്. സോഷ്യൽ മീഡിയയിലെത്തി നിമിഷങ്ങൾക്കകം തന്നെ വാർത്ത വൈറലായി.
റോസ്‌ലിനെ പ്രകീർത്തിച്ചു കൊണ്ട് പലരീതിയിലുള്ള കമന്റുകളും എത്തി. ‘വെല്ലുവിളികളെ നേരിടാനും അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്. അഭിനന്ദനങ്ങൾ റോസലിൻ.’– എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. ‘നിങ്ങളെ അറിയുന്നതുകൊണ്ട് ഈ നേട്ടത്തിൽ അത്ഭുതപ്പെടുന്നില്ല. സ്വന്തം തൊഴിലിനോടുള്ള ആത്മാർഥതയും പ്രതിബദ്ധതയും ഇതിൽ വ്യക്തമാണ്. അതേസമയം ടിക്കറ്റ് എടുത്തു വണ്ടി മാറി കയറിയ യാത്രക്കാരിൽ നിന്നു പോലും പിഴ ഈടാക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന രീതിയിലും ചില കമന്റ് എത്തി.
English Summary: This Woman Ticket Checker Has Collected More Than ₹ 1 Crore In Fine
.