2009-ൽ വൻ വിജയമായിരുന്നു സൽമാൻ ഖാൻ നായകനായ പ്രഭുദേവയുടെ 'വാണ്ടഡ്'. ഈ ചിത്രത്തിൽ നായികയായത് ആയിഷ ടാകിയയായിരുന്നു. പക്ഷേ. ആദ്യം നായികയായി ഉദ്ദേശിച്ചത് ആയിഷയെ ആയിരുന്നില്ല, മറിച്ച് അമൃത റാവുവിനെയായിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ അമൃത റാവു വിസമ്മതിച്ചതല്ല ആ ഭാഗ്യം വഴുതിപ്പോകാൻ കാരണമായത്. പ്രതികാരബുദ്ധിയുള്ള മാനേജർ ഒരിക്കലും ഇക്കാര്യം പറയാതിരുന്നതാണ് അമൃതയ്ക്ക് എക്കാലത്തെയും വലിയ നഷ്ടമായത്. ‘സൽമാൻ ഖാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘വാണ്ടഡി’ൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ്. പക്ഷേ, എന്റെ പ്രതികാര ബുദ്ധിയുള്ള മാനേജർ ആ വിവരം എന്നിൽ നിന്നു മറച്ചു വച്ചു. അങ്ങനെയാണ് അവസരം നഷ്ടമായത്.’– അമൃത പറയുന്നു.
അമൃതയും ആർജെ അൻമോളും ചേർന്നെഴുതിയ "കപ്പിൾ ഓഫ് തിങ്സ്" എന്ന പുസ്തകം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിലാണ് അമൃത ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. സൽമാൻ ഖാൻ ചിത്രത്തിനായി തന്നെ സമീപിച്ചിട്ടുണ്ടെന്ന് അറിയുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് താനും തന്റെ മാനേജരും വേർപിരിഞ്ഞതായി അമൃത വ്യക്തമാക്കി. അമൃതയുടെ വാക്കുകൾ ഇങ്ങനെ: "കുറച്ച് മാസങ്ങൾക്കു ശേഷം, ഞാൻ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനൊപ്പം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിൽ ഹൈദരാബാദിൽ ആയിരുന്നു. ഒരു വൈകുന്നേരം, എന്റെ ഹോട്ടലായ താജ് ബഞ്ചാരയുടെ ലോബിയിൽ മിസ്റ്റർ ബോണി കപൂറുമായി അടുത്തു പ്രവർത്തിക്കുന്ന ഒരു സഹനിർമാതാവിനെ അവിടെ കണ്ടു. 'ഓ, ഹായ് അമൃതാ! എങ്ങനെയുണ്ട്? നമ്മുടെ ഡേറ്റുകൾ ക്ലാഷാകാതിരുന്നെങ്കിൽ നിങ്ങൾക്ക് സൽമാൻ ഖാനൊപ്പം വാണ്ടഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടത്തുമായിരുന്നു,' അദ്ദേഹം പറഞ്ഞു.’
അപ്പോഴാണ് വാണ്ടഡിനായി തന്നെ സമീപിച്ചെന്ന വാർത്ത അറിഞ്ഞതെന്നും അമൃത പുസ്തകത്തിൽ പറയുന്നുണ്ട്. ‘നിങ്ങളായിരുന്നു ആ ചിത്രത്തിലെ നായിക. ഇതു പറയുന്നതിനായി ഞാൻ നിങ്ങളുടെ മാനേജരെ വിളിച്ചു.– അദ്ദേഹം പറഞ്ഞു. അതെന്റെ ഹൃദയം തകർത്ത സംഭവമായിരുന്നു. ആ ഓഫറിനെ കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും അഭിനയിക്കുമായിരുന്നു. മുൻ മാനേജരുടെ പ്രതികാര ബുദ്ധിയായിരുന്നു അത്. ’– അമൃത വ്യക്തമാക്കി.
English Summary: Amrita Rao Recalls Losing Out A Project