ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സന്ധ്യയുടെ ഉള്ളിൽ ഒരു നടുക്കമുണ്ട്. എങ്ങനെ ആ രാത്രി കാര്യക്ഷമമായി ഇടപെടാൻ സാധിച്ചു എന്നതിനെ കുറിച്ച് പിന്നീട് ഓർക്കുമ്പോൾ അദ്ഭുതമാണ്. കോരപ്പുഴയ്ക്കു മുകളിൽ എക്സിക്യൂട്ടീവ് എക്പ്രസിന്റെ കോച്ചിലെ യാത്രക്കാർക്കു മേൽ ഷാരൂഖ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം നടന്ന ദിവസം കോച്ച് പരിശോധിക്കാനെത്തിയ സന്ധ്യ കാഴ്ചകൾ കണ്ട് ഒരു നിമിഷം പകച്ചു. പക്ഷേ, അടുത്ത നിമിഷം തന്നെ സമയോചിതമായ ഇടപെടലിലൂടെ ട്രെയിൻ തുടർയാത്രയ്ക്ക് സജ്ജമാക്കി. ഇപ്പോൾ ഏറ്റവും ഒടുവിൽ ആ രാത്രിയിലെ ഇടപെടലിന് മുഖ്യമന്ത്രിയുടെ അഭിനന്ദന കത്തും സന്ധ്യയെ തേടിയെത്തി. ദുരന്തമുഖത്ത് സന്ധ്യ പ്രകടിപ്പിച്ചത് അസാധാരണ മനഃസാന്നിധ്യമാണെന്ന് മുഖ്യമന്ത്രി എഴുതി. സന്ധ്യയുടെ അവസരോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം കുറിച്ചു. അപകടം നടന്ന ആ രാത്രിയിലെ അനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സന്ധ്യ.
അപകടം നടന്ന രാത്രിയെ കുറിച്ച് സന്ധ്യ ഓർക്കുന്നത് ഇങ്ങനെ: ‘സാധാരണ പോലെ ഒരു ദിവസം തന്നെയായിരുന്നു അത്. എലത്തൂർ കോരപ്പുഴ പാലം കൈവരിയില്ലാത്തതാണ്. 100 ആണ് അവിടെ സ്പീഡ് ലിമിറ്റ്. ലോക്കോപൈലറ്റ് എം.സി. മുരളീധരനാണ് വണ്ടി ഓടിക്കുന്നത്. പെട്ടെന്ന് വണ്ടിയുടെ സ്പീഡ് കുറഞ്ഞു. പ്രഷർ കുറഞ്ഞ് വണ്ടി നിന്നു അപ്പോഴാണ് ചെയിൻ വലിച്ചെന്നു മനസ്സിലായത്. ഇരുട്ടിൽ ഞാൻ ടോർച്ചെടുത്ത് ഇറങ്ങി.
രാത്രി മേശയിൽ തലവച്ച് കിടക്കാൻ പോലും ഭയമാണ്, ചിലർ മദ്യപിച്ചെത്തും, സുരക്ഷയില്ല: ഡോ. ജാനകി
ഏത് ബോഗിയിലാണ് ചെയിൻ വലിച്ചതെന്ന് അറിയാനായി നടന്നു. നോക്കുമ്പോൾ എല്ലാവരും കംപാർട്മെന്റിൽ നിന്ന് ഇറങ്ങി അടുത്ത ട്രാക്കിലേക്കു പോകുന്നു. അടുത്ത ട്രാക്കിലേക്കു പോകുകയെന്നത് വളരെ അപകടമാണ്. എന്താണ് കാര്യമെന്നറിയാൻ ഞാൻ അവരുടെ അടുത്തേക്ക് പോയി നോക്കി. അപ്പോൾ തീ കത്തിയുട്ടുണ്ടെന്ന് അവർ പറഞ്ഞു. തീയാണെന്ന് മാത്രമേ അറിയൂ. അതിൽ കൂടുതൽ ആർക്കും ഒന്നും അറിയില്ല. പറഞ്ഞു കേട്ട് 5 കോച്ചുകളിലെ ചെയിൻ വലിച്ചു.
തീ എന്നു കേട്ടപ്പോൾ എല്ലാവരും ജീവനും കൊണ്ട് ഓടിയതാണ്. ഞാൻ നോക്കുമ്പോൾ എവിടെയും തീ കണ്ടില്ല. ആദ്യത്തെ കോച്ചിൽ ആളുകളില്ല. രണ്ടാമത്തെ കോച്ചിൽ കുറെ ആളുകൾ കൂടി നിൽക്കുന്നതു കണ്ടു. ആ ബോഗി വഴി ഞാൻ അടുത്ത ബോഗിയിലേക്കു പോയി. അങ്ങനെ നോക്കുമ്പോള്‍ താഴെ മുഴുവൻ രക്തം പടർന്നു കിടക്കുന്നതു കണ്ടു. ബാത്ത്റൂമിലും രക്തം കണ്ടു.
ഗുരുതരമായി പൊള്ളലേറ്റ ഒരു വ്യക്തി അബോധാവസ്ഥയിൽ കിടക്കുകയാണ്. പൊള്ളലേറ്റ് അവരുടെ കയ്യിൽ നിന്നും കാലിൽ നിന്നും തൊലി അടർന്നിരിക്കുന്നു. സ്റ്റാഫ് ആണെന്നു മനസ്സിലായപ്പോള്‍ എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിക്കണം എന്ന് ആരൊക്കെയോ പറഞ്ഞു. പുറത്തിറങ്ങിയതിനു ശേഷം മാത്രമേ പരുക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ സാധിക്കൂ. 5 ബോഗികളിലെ ചെയിൻ വലിച്ചതിനാൽ പുറത്തിറങ്ങി റീസെറ്റ് ചെയ്യണം. ഡോർ തുറന്നപ്പോൾ പുഴയാണ് കണ്ടത്. അടിയിലിറങ്ങി മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. അതിനായി യാത്രക്കാർ എല്ലാവരും സഹായിച്ചു. അങ്ങനെയാണ് അഞ്ച് ബോഗികളിലെയും ചെയിൻ റീസെറ്റ് ചെയ്തത്. അങ്ങനെ ലോക്കോ പൈലറ്റ് വണ്ടി കുറച്ച് മുൻപിലേക്ക് എടുത്തു. അപ്പോൾ തന്നെ പൊലീസും ആംബുലൻസും എല്ലാം അവിടെ തയാറായിരുന്നു.
റോഡിലേക്ക് അവരെ എടുത്തു കൊണ്ടു പോയി. കൂടെ പോയവരെ തിരികെ കയറ്റുന്നതിനു വേണ്ടി ഒരു തവണ കൂടി ചെയിൻ വലിച്ചു. അത് പുറത്തായതിനാല്‍ പ്രശ്നമുണ്ടായിരുന്നില്ല. ഈ വ്യക്തിയെ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണം എന്നു മാത്രമായിരുന്നു ചിന്ത. ട്രെയിൻ മൊത്തത്തിൽ കത്തിപ്പോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. പക്ഷേ, ആളുകൾ സമയോചിതമായി ഇടപെട്ടു. ഒരു ബോഗി മാത്രം മാറ്റി വയ്ക്കാന്‍ കഴിയും. പക്ഷേ, ആ സമയത്ത് സാധിക്കില്ലായിരുന്നു. കാരണം പാലത്തിനു മുകളിലായിരുന്നു ബോഗി ഉണ്ടായിരുന്നത്. എനിക്കു പറ്റാവുന്നതെല്ലാം ഞാൻ ചെയ്തു. സമയോചിതമായി ഇടപെടാൻ സാധിച്ചു. ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. നമ്മൾ വന്ന വണ്ടിയിൽ ഇത്രയും വലിയ ഒരു സംഭവമുണ്ടായല്ലോ എന്നോർക്കുമ്പോൾ നമുക്ക് ടെൻഷൻ. ഒരു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. പിറ്റേന്ന് വീണ്ടും ജോലിയിൽ വ്യാപൃതമായി.
ഇന്റലിജൻസ് ഉദ്യോഗസ്ഥർ വന്നു. അവരാണ് ഈ വിവരം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത്. അങ്ങനെയാണ് ഈ കത്ത് കിട്ടിയത്. ഞാനാണ് ഇത് ചെയ്തതെന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന പലർക്കും അറിയില്ല. ഞാനായിരുന്നു എഎൽപി എന്ന് ആരോടും പറഞ്ഞില്ല. അഭിനന്ദന കത്ത് വന്നപ്പോഴാണ് പലരും അറിഞ്ഞത്. നമ്മൾ ചെയ്യുന്ന ജോലിക്ക് ഒരു അംഗീകാരം ലഭിക്കുമ്പോൾ നമുക്ക് സന്തോഷമുണ്ടാകുമല്ലോ... ആ സന്തോഷം ഇപ്പോൾ എനിക്കുണ്ട്.’ – സന്ധ്യ പറഞ്ഞു.
English Summary: Woman Loco Pilot Sandhya About Train Fire