ADVERTISEMENT

വീട്ടിലും ജോലിസ്ഥലത്തും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവരാണ് സ്ത്രീകൾ. തിരക്കിനിടയിൽ പലപ്പോഴും സമാധാനമായി ഇരിക്കാനോ സന്തോഷിക്കാനോ പറ്റാറില്ലെന്ന പരാതി പലർക്കുമുണ്ടാകും. എന്നാൽ സന്തോഷം കണ്ടെത്താന്‍ ചില വഴികളുണ്ട്.

സ്വയം പ്രാധാന്യം നൽകുക

ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങൾക്കിടയിൽ സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ വിട്ടു പോകാറുണ്ടല്ലേ. എന്നാൽ സന്തോഷത്തിലേക്കുള്ള വഴികൾ കൂടെയാണ് നിങ്ങൾ വിട്ടുകളയുന്നത്.

നല്ല ഭക്ഷണം, ഉറക്കം എന്നിങ്ങനെ ചെറുതെന്നു തോന്നിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. നടത്തം, യോഗ, മെഡിറ്റേഷൻ, ചർമ സംരക്ഷണം എന്നിവ സന്തോഷം കണ്ടെത്താൻ സഹായിക്കും. ദിവസം ഒരു പത്ത് മിനുട്ട് എങ്കിലും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു നോക്കു. സ്വയം ഇഷ്ടപ്പെടാനും സന്തോഷിക്കാനും സഹായിക്കും.

ഹോബികൾ കണ്ടെത്തുക

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ സന്തോഷമുണ്ടാകും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ സ്വന്തം ഇഷ്ടങ്ങൾ എന്താണെന്ന് അറിയാത്തവരും ധാരാളം.

പുസ്തകം വായിക്കുന്നതോ, പാട്ട് കേള്‍ക്കുന്നതോ ആവാം ചിലരുടെ ഹോബി. ഇനി ചെടികളെ പരിപാലിക്കുന്നതോ, ഭക്ഷണമുണ്ടാക്കുന്നതോ സിനിമ കാണുന്നതോ ഒക്കെയാവാം മറ്റൊരാൾക്ക് ഇഷ്ടം. ആസ്വദിച്ച് ചെയ്യുന്നതെന്തും സന്തോഷം തരും. ഇനി സമയം കിട്ടുമ്പോൾ ഇഷ്ടമുള്ളത് ട്രൈ ചെയ്യൂ. ഇനി ഇത്തരത്തിൽ ഒന്നിനോടും താല്‍പര്യം തോന്നുന്നില്ലെങ്കിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാം. തനിക്കു കഴിയില്ലെന്നു കരുതിയ ഒരു കാര്യം ചെയ്തു നോക്കു. സന്തോഷം ഉറപ്പാണ്.

പോസിറ്റിവിറ്റി

മനസ്സ് പോസിറ്റിവ് അല്ലെങ്കിൽ സന്തോഷം കണ്ടെത്താൻ പ്രയാസമാണ്. എന്തിലും പ്രശ്നങ്ങൾ മാത്രം കാണുന്ന ഒരാൾക്ക് എങ്ങനെ സന്തോഷിക്കാനാകും? വേണ്ടാത്ത ചിന്തകളെ കുറച്ച് ദൂരെ നിർത്താം. ലഭിച്ച ജീവിതം മറ്റുള്ളവരെക്കാൾ എത്ര നല്ലതെന്ന് ചിന്തിച്ചു നോക്കു. നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ എത്രയെന്ന് ചിന്തിച്ചാൽ തന്നെ ഒരു പോസിറ്റിവിറ്റി വരും. പോസിറ്റിവിറ്റിയിലൂടെ സന്തോഷവും കിട്ടും

എഴുതി വയ്ക്കാം

കാരണങ്ങളില്ലാതെ ചിലപ്പോൾ സന്തോഷവും സങ്കടവുമൊക്കെ തോന്നാറില്ലേ. സന്തോഷം, സങ്കടം, പേടി എന്നിങ്ങനെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതുന്നതിലൂടെ സന്തോഷം കണ്ടത്താം. മനസ്സിനെ ഒരുപാട് അസ്വസ്ഥമാക്കിയ ചിന്തകൾ പോലും ഇങ്ങനെ എഴുതുന്നതിലൂടെ മാറും. ഒന്ന് പരീക്ഷിച്ചു നോക്കു. മാജിക് കാണാം.

മറ്റുള്ളവരെ സഹായിക്കാം

സ്വന്തം കാര്യം പോലും നോക്കാൻ സമയമില്ല, പിന്നെങ്ങനെ മറ്റുള്ളവരെ സഹായിക്കും? അങ്ങനെ ചിന്തിക്കാൻ വരട്ടെ. പങ്കാളിയുടെയോ കുഞ്ഞുങ്ങളുടെയോ സുഹൃത്തിന്റെയോ കാര്യത്തിൽ സഹായിച്ചാൽ മതിയാകും. ചില സമയങ്ങളിൽ ഒരു പുഞ്ചിരി പോലും മറ്റൊരാൾക്ക് സഹായമായേക്കാം. ഒരാളെ സഹായിക്കുന്നതിലൂടെയോ ദയ കാണിക്കുന്നതിലൂടെയോ പറയാനാവാത്ത സന്തോഷവും സമാധാനവും കൈവരും. 

ഗോൾ സെറ്റ് ചെയ്യാം

ജീവിതത്തിൽ ആഗ്രഹിക്കുന്നത് നേടുമ്പോഴുള്ള സന്തോഷത്തിന്റെ അളവ് വളരെക്കൂടുതൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഗോൾ സെറ്റ് ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. നീണ്ട കാലം കൊണ്ട് നേടാവുന്നതും വളരെ ചെറിയ സമയത്തിനുള്ളില്‍ നേടാവുന്നതുമായ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാം. ദിവസം ഒരു പുസ്തകത്തിന്റെ രണ്ട് പേജ് എങ്കിലും വായിക്കണം, ആഴ്ചയിൽ ഒരിക്കൽ സിനിമ കാണണം, എന്നും വ്യായാമം ചെയ്യണം, ഇങ്ങനെ ചില ലക്ഷ്യങ്ങൾ മനസ്സിൽ ഉണ്ടായാൽ മതി. ലക്ഷ്യം നിറവേറുമ്പോൾ സന്തോഷം കൂടെയെത്തും.

Content Summary: Tips for happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com