ADVERTISEMENT

കാക്കിക്കുള്ളിലെ കലാകാരി എന്ന വിശേഷണത്തിന് അക്ഷരത്തിലും അർഥത്തിലും അർഹയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഒ.എസ്.സരിത. ജോലിത്തിരക്കുകൾക്കിടയിലും സംഗീതക്കച്ചേരികൾ അവതരിപ്പിക്കാൻ സമയം കണ്ടെത്തുന്നു ഈ നാൽപ്പത്താറുകാരി. തിരൂർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സരിത കോട്ടയ്ക്കലിലെ പൊലീസ് ക്വാർട്ടേഴ്സിലാണു താമസം.  

പ്രചോദനമായത് വൈദികന്റെ വാക്കുകൾ

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കാലത്തേ പാട്ടിനോട് കൂട്ടുകൂടിയിരുന്നു മൂവാറ്റുപുഴ സ്വദേശിയായ സരിത. സ്കൂൾ കലോത്സവങ്ങൾക്ക് ലളിതഗാനങ്ങളും മറ്റും പാടിക്കൊണ്ടാണു തുടക്കം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയുടെ വീട്ടിലെ ചടങ്ങിനെത്തിയ സരിതയുടെ പാട്ട് ഫാ. കുര്യാക്കോസ് കച്ചിറമറ്റം കേൾക്കാനിടയായി. സംഗീതം ശാസ്ത്രീയമായി പഠിക്കണമെന്നു ഉപദേശിച്ച അദ്ദേഹം  സമ്മാനമായി പേനയും നൽകി. കാര്യം അവതരിപ്പിച്ചപ്പോൾ വീട്ടുകാർക്കും സമ്മതം. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് എന്ന  സ്ഥാപനത്തിലെത്തി നെച്ചൂർ രതീശൻ ആശാന്റെ ശിഷ്യയായി. ഞായറാഴ്ച ക്ലാസുകളിലായിരുന്നു പഠനം. പ്രീഡിഗ്രി കഴിഞ്ഞതോടെ സംഗീതം മുഖ്യവിഷയമായെടുത്ത് പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 4 വർഷത്തെ ഗാനഭൂഷണം ഡിപ്ലോമ കോഴ്സിനു ചേർന്നത്. തുടർന്ന് ബിഎ സംഗീതം അവിടെത്തന്നെ പഠിച്ചു. ഇരു കോഴ്സുകളും വിജയിച്ചത് ഒന്നാം ക്ലാസോടെയാണ്. പഠനകാലത്ത് മാവേലിക്കര പി.സുബ്രഹ്മണ്യം, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ജി.ഭുവന്വേശ്വരി, കുമ്മനം സത്യനേശൻ തുടങ്ങിയ സംഗീതത്തിലെ മഹാരഥൻമാരെ ഗുരുക്കൻമാരായി ലഭിച്ചത് അനുഗ്രഹമായെന്ന് സരിത പറയുന്നു.

Read also: അച്ഛനുമായുള്ള ബന്ധം; ആലിയ ഭട്ട് സഹോദരിയോ മകളോ?: വിവാദങ്ങൾക്ക് മറുപടിയുമായി പൂജ ഭട്ട്

സംഗീതപഠനവും നിയമപാലനവും

ബിരുദപഠന സമയത്ത് നാട്ടിലെ ചില സ്കൂളുകളിൽ സംഗീതാധ്യാപികയായി ജോലി നോക്കിയിരുന്നു. 2004ൽ ആർഎൽവി കോളജിൽ എംഎ സംഗീതത്തിന് പ്രവേശനം ലഭിച്ചു. ഇതേ സമയത്തുതന്നെ പൊലീസ് സേനയിൽ നിയമനവും കിട്ടി. പഠനം തുടരണോ, ജോലി ഏറ്റെടുക്കണോ? ഒരു നിമിഷം ശങ്കിച്ചു. ഒടുവിൽ ജോലിയിൽ ഇരുന്നുകൊണ്ടുതന്നെ പഠനം നടത്താമെന്ന തീരുമാനത്തിലെത്തി.

കഴിഞ്ഞവർഷം ഡിസംബറിൽ മാവേലിക്കര പി.സുബ്രഹ്‌മണ്യം മരിക്കുന്നതുവരെ അദ്ദേഹത്തിനു കീഴിൽ പഠനം തുടർന്നു, നേരിട്ടും ഓൺലൈൻ ആയും.

നാട്ടിലെയും കോഴിക്കോട് ജില്ലയിലെയും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൂടാതെ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, കോട്ടയ്ക്കൽ കുറ്റിപ്പുറത്തുകാവ് എന്നിവിടങ്ങളിലും പലവട്ടം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

കോഴിക്കോട് ചേവായൂർ സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട്, കോഴിക്കോട് വനിതാ സെൽ, തിരൂർ, കോട്ടയ്ക്കൽ, മലപ്പുറം പിങ്ക് പൊലീസ് യൂണിറ്റ് എന്നിവിടങ്ങളിലും ജോലിനോക്കി. ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന പിന്തുണയാണ് സംഗീതയാത്രയിൽ സരിതയുടെ കൈമുതൽ.

ഭർത്താവ് സുരേഷ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ദീനദയാലും ആൽബങ്ങളിൽ സജീവസാന്നിധ്യമായി സംഗീതപാതയിലുണ്ട്.

Read also: തെരുവില്‍ ഭിക്ഷയെടുത്തു ജീവിച്ചു, 81–ാം വയസ്സിൽ ഓൺലൈൻ ഇംഗ്ലിഷ് ടീച്ചറായി മെർലിൻ മുത്തശ്ശി

Content Summary: Senior Civil police Officer Saritha also excel in Singing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT