Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്തിയല്ല വലുത്

ചാരു ചാരു ഹരിഹരൻ

ചവറ്റുകുട്ട തിരിച്ചിട്ട് താളം കൊട്ടിത്തുടങ്ങുമ്പോള്‍ ചാരുവിന് വയസ്സ് മൂന്ന്. മൃദംഗം, ഗഞ്ചിറ, കഹോൻ, ജംപെ... അങ്ങനെ സ്വദേശിയും വിദേശിയുമായ പല സംഗീതോപകരണങ്ങളും ഈ കൈകൾക്കിന്ന് വഴങ്ങും. ഒന്നില്‍ മാത്രമായി ഒതുങ്ങി സ്വയം അതിരുകൾ തീർക്കുന്ന കാര്യം ആലോചിക്കാനേ ഇഷ്ടമില്ലാത്തതു കൊണ്ട് പാടാനും കംപോസ് ചെയ്യാനും കിട്ടിയ അവസരങ്ങളും വെറുതെ കളഞ്ഞില്ല. സ്വീഡനിലെ വാൻഡ്സ് ബാൻഡിൽ അംഗമായതും ലോകസംഗീത സംസ്ക്കാരമെന്ന ആശയത്തിനായുളള എത്നോ സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും സംഗീതത്തിലെ വ്യത്യസ്തമായ മേഖലകൾ തേടിപ്പോയതു കൊണ്ടാണെന്ന് ചാരു.

അമ്മയിൽ നിന്ന് പകര്‍ന്നു കിട്ടിയതാണ് ചാരു ഹരിഹരന് സംഗീതം.‘ എത്ര പൂക്കാലമതിൽ എത്ര മധുമാസം...’, ‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.....’, ‘മാരിവിൽ പൂങ്കുയിലേ...’ പോലുളള സിനിമാപാട്ടുകളിലൂടെയാണ് ചാരുവിന്റെ അമ്മയും ശാസ്ത്രീയ സംഗീതജ്ഞയും സംഗീതാധ്യാപികയുമായ അരുന്ധതിയെ നമുക്കു പരിചയം. പാട്ടിൽ തന്നെയായിരുന്നു ചാരുവിന്റെയും തുടക്കം. അപ്പൂപ്പൻ ഭഗവതീശ്വരയ്യരായിരുന്നു ആദ്യ ഗുരു. ചവറ്റുകുട്ടയിൽ വരെ കൊട്ടിത്തുടങ്ങിയപ്പോഴാണ് മകളുടെ താള‌ബോധം അച്ഛനും അമ്മയ്ക്കും മനസ്സിലായത്. അന്ന് ചെന്നൈയിലായിരുന്നു താമസം. നാലാം ക്ലാസിലായപ്പോള്‍ മന്നാർകോവിൽ ജെ. ബാലാജിയുടെ ശിഷ്യയായി. ഇപ്പോഴും ചെന്നൈയിൽ പോയും സ്കൈപ്പ് വഴിയും പഠനം തുടരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു മുഴുകച്ചേരിക്ക് മൃദംഗം വായിക്കുന്നത്.

‘‘ആദ്യ പടി വയ്ക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. പലരും പലതും പറയും. പക്ഷേ, ലക്ഷ്യം നേടാൻ റിസ്ക് എടുത്തേ പറ്റൂ. കലാരംഗത്ത് ഒന്നും പ്രവചിക്കാനാവില്ല. ചിലതുപേക്ഷിച്ച് മറ്റു ചിലതിനെ തേടിപ്പോകേണ്ടി വരും. എന്നാലും അതിലൊരു ത്രില്‍ ഉണ്ട്. ജാമിങ് സെഷനു വേണ്ടിയൊക്കെ ഇപ്പോൾ പലരും വിളിക്കുന്നുണ്ട്. കരയിലേക്ക് ഒരു കടൽദൂരം മുതൽ ചട്ടക്കാരി വരെയുളള ചിത്രങ്ങളിൽ എം. ജയചന്ദ്രന്‍ സാറിന്റെ അസിസ്റ്റന്റ് ആയി. പാട്ടുപാടാനും പ്രശസ്തരാവാനുമാണ് എല്ലാവർക്കും ആഗ്രഹം. പ്രശസ്തിയില്ലെങ്കിലും പാട്ടിനു പുറകിൽ പ്രവര്‍ത്തിക്കുന്ന എത്രയോ പേർ സന്തോഷത്തോടെ ജീവിക്കുന്നു. പ്രശസ്തിയേക്കാൾ സംഗീതത്തോട് അടുത്തു നിൽക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്.’’

2010 ല്‍ സ്വീഡനിൽ നടന്ന എത്നോ കൾചറൽ മ്യൂസിക് ഫെസ്റ്റിൽ പങ്കെടുത്തതോടെ ചാരുവിന്റെ ലോകം കൂടുതൽ വലുതായി. 22 രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ നാടിന്റെ സംഗീതം മറ്റു രാജ്യക്കാർക്ക് പരിചയപ്പെടുത്തുന്ന വലിയ വേദിയാണ് എത്നോ മ്യൂസിക് ഫെസ്റ്റ്. ഫെസ്റ്റിലെ കലാകാരൻമാർ ചേര്‍ന്നുണ്ടാക്കിയ വാഡന്‍സ് (Varldenes) ബാൻഡിലും ചാരുവുണ്ടായിരുന്നു. ക്യൂബൻ സംഗീതോപകരണം കഹോനും സ്വന്തമാക്കിയേ മടങ്ങിയുളളൂ.

‘‘ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് കേരളീയർക്ക് അന്ന് കഹോൻ എന്ന ഉപകരണത്തെ വലിയ പരിചയം പോര. പരിപാടികള്‍ക്ക് വായിക്കാൻ ഒന്നു കടം തരാമോ എന്ന് പലരും ചോദിക്കുമായിരുന്നു. എ.ആർ. റഹ്മാന്റെ അൺപ്ലഗ്ഡ് വെർ‌ഷൻസ് വന്നതോടെയാണ് കഹോൻ നമുക്ക് പരിചിതമായത്.’’

സംഗീതം പോലെ താൽപര്യമുളള വിഷയമായതു കൊണ്ട് ബി.എ.യ്ക്കും എം.എ. യ്ക്കും സക്കോളജിയാണ് ചാരു തിരഞ്ഞെടുത്തത്. രണ്ടും പാസ്സായത് ഒന്നാം റാങ്കോടെ. നന്നായി ആശയ വിനിമയം ചെയ്യുന്നതും പഠിപ്പിക്കുന്നതും ഇഷ്ടമായതു കൊണ്ട് കാര്യവട്ടം ക്യാംപസിൽ സൈക്കോളജി പഠിപ്പിക്കുന്നുമുണ്ട്.

‘‘സംഗീതത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാകുന്നതു വരെ മറ്റൊരു സപ്പോർട്ട് ഉളളത് നല്ലതാണെന്നു തോന്നിയതു കൊണ്ടാണ് പഠിപ്പിക്കുന്നത്.

ജയചന്ദ്രൻ സാറും സ്റ്റീഫൻ ദേവസി ചേട്ടനും സംഗീത സംവിധായകൻ ശരത് സാറിന്റെ സഹോദരൻ രഞ്ജിത്തുമാണ് മ്യൂസിക് കംപോസിങ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്. അനിയൻ ശ്രീകാന്തിനൊപ്പം കഴിഞ്ഞ വാലന്റൈൻസ് ഡേയില്‍ മൂടിത്തിറന്തിടും.... എന്നു തുടങ്ങുന്ന വീഡിയോ ആൽബം യൂ ട്യൂബിൽ റിലീസ് ചെയ്തു. പിന്നെ കുറച്ച് ഷോർട്ട് ഫിലിമുകൾക്ക് ബാക്ഗ്രൗണ്ട് മ്യൂസിക് നൽകി. ഏതാനും സിനിമകളിൽ പാടി. ‘ചട്ടക്കാരി’ക്കു വേണ്ടി ഇംഗ്ലീഷ് ഗാനം എഴുതുകയും ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്നു തോന്നിയപ്പോൾ അബ്രദിത ബാനര്‍ജിയുടെ ശിക്ഷ്യയായി. തിരുവനന്തപുരത്ത് സുഭാഷ് നഗറിലാണ് ചാരുവും കുടുംബവും താമസം.

‘‘പതിനേഴു വയസ്സു മുതൽ എവിടെയും ഒറ്റയ്ക്കു പോകാനുളള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നു. ബാങ്കിലായിരുന്നെങ്കിലും സംഗീതത്തെ ഏറെ സ്നേഹിക്കുന്ന അച്ഛൻ ഹരിഹരൻ അമ്മയ്ക്ക് നല്‍കിയ പിന്തുണ ചെറുതല്ല. അതുപോലെ എന്നെയും എന്റെ സംഗീതത്തെയും മനസ്സിലാക്കുന്ന ഒരാളെ തിരഞ്ഞു തുടങ്ങിയിട്ടുണ്ട് അവര്‍.’’