Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനിയുടെ ലോകം കലയാണ്...

kani-kusruti കനി കുസൃതി

പെൺമക്കളെ പൊതിഞ്ഞു പിടിച്ചു വളർത്തുന്ന അച്ഛനമ്മമാർ അറിയണം ഈ മകളെയും ജീവിതത്തെയും.

ഫേസ് ബുക്കിൽ കനി തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. നഗ്നമായ തന്റെ പുറം ഭാഗത്തിന്റെ ചിത്രം. നിമിഷങ്ങൾക്കം ആ ചി‌ത്രത്തിനു താഴെ 'ഇവൾക്ക് നാണമില്ലേ ' എന്ന മട്ടിൽ സദാചാരവാദികളുടെ കമന്റുകളുടെ ‌ഘോഷയാത്ര നിരന്നു.

പെട്ടെന്നെവിടെയോ പൊട്ടി വീണതുപോലെ ഒരു പുരുഷന്റെ കമന്റ്. 'നന്നായിരിക്കുന്നു. നൈസ് ഫോട്ടോ '. ഉടൻ സദാചാരവാദികൾ പല്ലും നഖവും കൂർപ്പിച്ച് അയാൾക്കു നേരെ തിരിഞ്ഞു. 'തന്റെ മകളോ തന്റെ വീട്ടിലെ പെൺകുട്ടിയോ ആണെങ്കിൽ ഇങ്ങന‌െ പറയുവോടോ? '

ഒട്ടും വൈകാതെ മറുപടി വന്നു. 'എന്റെ മകളാടോ ഇത്. ' ഈ അച്ഛന്റെ പേര് മൈത്രേയൻ.

കോ-ഹാബിറ്റേഷൻ എന്ന വാക്ക് മലയാളികൾക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ച പൊതു പ്രവർത്തകനായ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് കനി. മകൾ എന്നാണ് ഈ പേരിന്റെ അർത്ഥം. തിയേറ്റർ ആർട്ടിസ്റ്റ്, ചലച്ചിത്ര നടി...കനി കുസൃതി എന്ന കനിയുടെ ലോകം കലയാണ്.

പൊതു സ്ഥലത്ത് ചുംബന സമരം നടത്തുന്നവർ സ്വന്തം അമ്മയെയോ സഹോദരിയെയോ ഭാര്യയെയോ ഇങ്ങനെയൊരു സമരത്തിനു വേണ്ടിയിറക്കുമോ എന്നു ചോദ്യങ്ങൾ ഉയർന്ന സമയത്ത് മൈത്രേയന്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതി. "29 വയസ്സുള്ള എന്റെ മകൾ ഒരാളെ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താൽ ലോകമിടിഞ്ഞു വീഴുമെന്നു ഞാൻ കരുതുന്നില്ല‌. സ്വന്തം വികാരങ്ങൾ മറച്ചു വയ്ക്കുക‌യെന്നതല്ല സംസ്കാരത്തിന്റെ ലക്ഷണം...." ചുംബനസമരത്തെ അനുകൂലിച്ചു എന്നതുകൊണ്ടല്ല ആ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടത്. മകൾ ഒരു സ്ത്രീയായതുകൊണ്ട് അവളുടെ വ്യക്തി സ്വാതന്ത്യം ഇല്ലാതാകുന്നില്ല എന്ന ഒരച്ഛന്റെ വാക്കുകളാണ് ശ്രദ്ധ നേടിയെടുത്തത്. ചുംബന സമരത്തെ അനുകൂലിച്ച മകളെ പിന്തുണയ്ക്കുന്ന അച്ഛനോ എന്നു കേരളം അന്തംവിട്ടു.

ഒരു മലയാളി പെൺകുട്ടിക്ക് സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തില്‍ ജീവിച്ച കനി ബോൾഡ് ലുക് ഉള്ള ഒരു ഗൗരവക്കാരിയാവുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, മുന്നിലെത്തിയത് 'ഇന്റർവ്യൂവോ? എന്നെയോ? ' എന്നിടയ്ക്കിടെ സ്വയമോർത്ത് പൊട്ടിച്ചിരിക്കുന്ന കനിയാണ്. സ്വാതന്ത്ര്യത്തിന്റെ ആഘോഷമല്ല, ജീവിതത്തിലെ സന്തോഷമാണ് ആ മുഖത്ത് പരക്കുന്ന പ്രകാശം...

"ചിലര്‍ ചോദിക്കാറുണ്ട്, വ്യത്യാസമുള്ള ജീവിതമാണല്ലോ എന്റേതെന്ന്. എനിക്കിത്ര വരെ അങ്ങനെ തോന്നിയിട്ടില്ല. ഞാൻ സാധാരണ പോലെ ഒരു സ്ത്രീയാണ്. " കനി മനസ്സ് തുറന്നു.

"അച്ഛനെയും അമ്മയെയും പേര് വിളിക്കുന്നതെന്താണെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. ഞാൻ പറയും. മൈത്രേയന്‍ തന്നെയാണ് അങ്ങനെ വിളിച്ചാൽ മതിയെന്നു പറഞ്ഞത്. അച്ഛനെ പേര് വിളിക്കുന്നതിലും ആളുകൾക്ക് പ്രശ്നമായി തോന്നിയത് അമ്മയെ ചേച്ചിയെന്നു വിളിക്കുന്നതാണ്. ആരോ വിളിക്കുന്നതു കേട്ടാണു ഞാൻ അമ്മയെ ജയശ്രീ ചേച്ചിയെന്നു വിളിക്കാൻ തുടങ്ങിയത്. " കനി ഓർമകളുടെ അരങ്ങിലേക്കിറങ്ങി.

കൂട്ടുകാരാണ് അവർ

kani-kusruti-family മൈത്രേയന്‍, ജയശ്രീ, കനി കുസൃതി

തിരുവനന്തപുരത്തായിരുന്നു കുട്ടിക്കാലം. ആറ് ഏഴ് വയസ്സ് വരെ ഞാൻ അധികം മിണ്ടാത്ത കുട്ടിയായിരുന്നു. എന്നാണ് എല്ലാവരും പറയുന്നത്. ചെറുതായിരുന്നപ്പോൾ എന്റെ കാത് കുത്തിയിരുന്നില്ല. എന്താ കമ്മലിടാത്ത്? പെന്തക്കോസ്താണോ? എന്നെല്ലാവരും ചോദിക്കുമായിരുന്നു. അത്തരം ചോദ്യങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെപ്പോലെയാകാ‌നാണു ഞാനാഗ്രഹിച്ചിരുന്നത്.

ഞങ്ങൾ ജയശ്രീചേച്ചിയുടെ അച്ഛന്‍ കുമാരന്റെയും അമ്മ ജഗദമ്മയുടെയും തൊട്ടടുത്താണു താമസിച്ചിരുന്നത്. അവരെ ഞാൻ അച്ഛനും അമ്മയുമെന്നു വിളിച്ചു. അധ്യാപകരായ അവർ യാഥാസ്ഥിതിക മനസ്സുള്ളവരായിരുന്നു. അവരുടെ സ്വാധീനം കൊണ്ടാവും അന്നു ഞാൻ വലിയ ദൈവവിശ്വാസിയായിരുന്നു. എന്നും അമ്പലത്തിൽ പോകുന്ന എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന കുട്ടി. മൈത്രേയനും ജയശ്രീയും സ്വന്തം ഇഷ്ടത്തിനു നടക്കുന്നവരാണെങ്കിലും അവരുടെ മകൾക്ക് അച്ചടക്കവും ഒതുക്കവുമുണ്ടെന്ന് എന്നെ കണ്ട് ആളുകൾ പറഞ്ഞിരുന്നു. കൂട്ടുകാരിൽ നിന്നെല്ലാം വ്യത്യാസ്തയാവാൻ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അടുപ്പമുള്ളവർ ഒരു കാരണവശാലും എന്നെ തള്ളിപ്പറയരുതെന്നായിരുന്നു എന്റെ മനസ്സിൽ. സാധാരണ കുട്ടിയായാൽ മതിയെന്നായിരുന്നുവെനിക്ക്.

വളർന്നപ്പോഴാണ് എനിക്ക് മൈത്രേയന്‍റെയും ജയശ്രീചേച്ചിയുടെയും രീതികളുടെ പൊരുൾ മനസ്സിലാവുന്നത്. പേര് വിളിക്കുന്നു എന്നതു കൊണ്ട് അവർ എന്റെ അച്ഛനും അമ്മയും അല്ലാതാകുന്നില്ല. അതേ പോലെ ആരാധനാലയങ്ങളിൽ പോകേണ്ട എന്നു ഞാൻ സ്വയം തീരുമാനിച്ചു. എപ്പോഴും എല്ലാവരും സമാധാനത്തോടെയിരിക്കണമെന്ന
ആഗ്രഹം മനസ്സിലുണ്ടായാൽ മാത്രം മതിയെന്നാണെന്റെ വിശ്വാസം.

എന്നോട് ഒരു കാര്യവും 'ചെയ്യരുത് 'എന്ന് മൈത്രേയനും ജയശ്രീചേച്ചിയും പറഞ്ഞിട്ടേയില്ല. നിനക്കിഷ്ടമുണ്ടെങ്കിൽ ചെയ്തോളൂ എന്നേ പറഞ്ഞിട്ടുള്ളൂ ഇതേ വരെ. രാത്രി എവിടെയെങ്കിലും പോകണം എന്നു പറഞ്ഞാൽ നീ പോകേണ്ട എന്ന് ഒരിക്കലും പറയില്ല. അതവളുടെ സ്വാതന്ത്ര്യം എന്നേ അവര്‍ ചിന്തിച്ചിരുന്നുള്ളൂ. റിസ്ക് അറിഞ്ഞു കൊണ്ടേ എന്തു തീരുമാനവും എടുക്കാവൂ എന്നവർക്കു നിർബന്ധമുണ്ടായിരുന്നു. റിസ്കുകൾ അറിഞ്ഞ് ഞാൻ എടുത്ത തീരുമാനം കൊണ്ട് എന്തു പ്രശ്നമുണ്ടായാലും അവർ എന്റെയൊപ്പം നിൽക്കും. നിയന്ത്രണങ്ങളുടെ മതിൽക്കെട്ടുകളില്ലെങ്കിലും കുട്ടിക്കാലത്തേ ഒരു പെൺകുട്ടി അറിയേണ്ട കാര്യങ്ങളെല്ലാം അവർ പറഞ്ഞു തന്നു. ശരീരത്തിൽ ആരും തൊടാൻ സമ്മതിക്കരുതെന്നും ജാഗ്രതയുണ്ടാവണമെന്നും മനസ്സിലാക്കിത്തന്നു.

അരങ്ങിലേക്ക്

മൈത്രേയനും ജയശ്രീചേച്ചിയും തെരുവു നാടകങ്ങളിൽ പങ്കെടുത്തിരുന്നു. കുട്ടിക്കാലത്തു ഞാനും നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അന്നു ന‌ൃത്തത്തോടു മാത്രമായിരുന്നു എനിക്ക് ഇഷ്ടം. ഹൈസ്കൂൾ കഴിഞ്ഞ കാലത്താണ് അഭിനയിക്കാൻ ഒരു പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ ചെല്ലാനും അഭിനയ നാടക സമിതിയിലുള്ളവർ പറയുന്നത്. ഞാൻ മടിച്ചു നിന്നപ്പോൾ ജയശ്രീചേച്ചിയാണ് പറഞ്ഞത് പോയി നോക്കിയിട്ട് ഇഷ്ടമല്ലെങ്കിൽ വേണ്ടെന്നു വച്ചാൽ മതിയല്ലോയെന്ന്. ആദ്യത്തെ നാടകത്തിന് ശേഷം ഇടയ്ക്കിടെ നാടകസമിതിയിലേക്കു പോകാൻ തുടങ്ങി. അങ്ങനെ പഠനവും നാടകത്തിലേക്കു തിരിഞ്ഞു.

നാടകത്തിലേക്കു വന്ന സമയത്തു തന്നെ സിനിമയിലേക്കും വിളിക്കാറുണ്ടായിരുന്നു. പക്ഷേ, ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ എനിക്കു കംഫർട്ടബിൾ ആയി തോന്നിയില്ല. അതോടെ കുറേക്കാലം സിനിമ ചെയ്തില്ല. പിന്നീട് തൃശൂർ ഡ്രാമ സ്കൂളിൽ ചേർന്നു. അതിനു ശേഷം പാരീസിലെ ഇകോള്‍ ജാക് ലിക്കോക്ക് എന്ന ഡ്രാമ സ്കൂളിൽ ചേർന്നു. അപ്പോഴേക്കും അഭിനയത്തോടാണു പാഷനെന്നു ഞാൻ തിരിച്ചറിഞ്ഞു. പാരീസിൽ നിന്നു തിരികെയെത്തിയ ശേഷമാണു കേരള കഫേയിൽ അഭിനയിച്ചത്. ഒറ്റയ്ക്കു ജീവിക്കുന്നതു കൊണ്ട് നാടകത്തിൽ മാത്രം അഭിനയിച്ചാൽ പോര. വരുമാനത്തിന് വേണ്ടി കൂടയാണ് സിനിമയിൽ ശ്രദ്ധ നൽകാൻ തുടങ്ങിയത്. ശിക്കാറിൽ മോഹൻലാലിന്റെ എതിരേയുള്ള വേഷം വേറിട്ട അനുഭവമാണ് നൽകിയത്. തമിഴിൽ പിശാശ്, കാലം എന്നിവയിലും വേഷമിട്ടിരുന്നു.

ഒരച്ഛൻ മകൾക്കെഴുതിയ കത്ത്

മൈത്രേയൻ വളരെ രസമുള്ള ഒരാളാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും. ജയശ്രീചേച്ചി എംഡിക്കു പഠിക്കുന്ന കാലത്ത് കുട്ടിയായ എന്നെ മൈത്രേയനാണ് കൂടുതൽ നോക്കിയിരുന്നത്. എനിക്ക് പതിനെട്ടാമത്തെ വയസ്സ് തികയുന്ന ദിവസം. ഒരു നാടകം അവതരിപ്പിച്ച ശേഷം വണ്ടിയിലേക്കു തിരികെ കയറുമ്പോൾ മൈത്രേയന്‍ എന്റെ കയ്യിൽ ഒരു കത്ത് നൽകി. ഒപ്പം ഒരു ചോക്ലേറ്റുമുണ്ട്. അന്നു വരെ സമ്മാനങ്ങൾ നൽകിയിട്ടില്ലാത്ത ആളാണ്. ആ കത്ത് തുറന്നു വായിച്ചു.'നിനക്കിപ്പോൾ പതിനെട്ടു വയസ്സായി. 'ജീവിതത്തിൽ എന്ത് തീരുമാനവും എടുക്കാം. ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാം. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും നിനക്കുണ്ട്. പക്ഷേ, ഒരിക്കലും പുക വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. പുകവലി മറ്റുള്ളവർക്കു കൂടി ദോഷകരമാണ്. 'സ്നേഹം കൊണ്ടു മനസ്സ് നിറച്ചൊഴുകി ആ നീളൻ കത്തിലെ വരികൾ.'

എനിക്കു പതിനെട്ടു വയസ്സായതിനു ശേഷം മൈത്രേയന്‍ ഹിമാചൽ പ്രദേശിലേക്കു പോയി. ആ സമയം ജയശ്രീചേച്ചി ഹൈദരാബാദിലേക്കും പോയി. ആ സമയം എനിക്കു വല്ലാതെ പ്രശ്നം തോന്നി. മൈത്രേയനെ കാണാതിരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. മൈത്രേയന്‍ കൂടെയില്ലാതെ പറ്റില്ലെന്നു തോന്നിയിരുന്നു. പിന്നീട് ഞാനതുമായി പൊരുത്തപ്പെട്ടു. ഇനി അവർക്കൊപ്പം ഒരുമിച്ചു ജീവിക്കണമെന്നു ഞാൻ ചിന്തിക്കുന്നില്ല. പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറായ ജയശ്രീചേച്ചി എപ്പോഴും വിളിക്കാറുണ്ട്. മൈത്രേയന്‍ എന്നും വിളിച്ചില്ലെങ്കിലും അടുപ്പത്തിന് ഒരു കുറവുമില്ല. ഇടയ്ക്കിടെ കാണാനെത്താറുമുണ്ട്. ഇപ്പോഴും ഏതു കാര്യവും ഞാൻ അവരോടാണ് ആദ്യം പങ്ക് വയ്ക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.