Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യരോഗങ്ങൾക്ക് കാരണം ഗൃഹനിർമ്മാണ ദോഷങ്ങളാവാം, ഒഴിവാക്കാം!!!

House

ഗൃഹനിർമ്മാണത്തിനായി ഒരു വസ്തു വാങ്ങി അതിർത്തികൾ തിരിച്ചു കഴിയുന്നതോടെ ആ ഭൂമിയിൽ വാസ്തു പുരുഷന്റെ സാന്നിദ്ധ്യം പ്രകടമായി തുടങ്ങും. മനുഷ്യ ശരീരത്തിലുള്ളതുപോലെ വാസ്തുപുരുഷന്റെ ശരീരത്തിലും മർമ്മങ്ങളുണ്ട്. ഗൃഹനിർമ്മാണ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ അശ്രദ്ധയും, അറിവില്ലായ്മയും കാരണം വാസ്തുപുരുഷന്റെ ശരീരത്തിലെ മർമ്മങ്ങളിലുണ്ടാകുന്ന മർമ്മ പീഡകൾ ഗൃഹത്തേയും, ഗൃഹവാസികളെയും പ്രതികൂലമായി ബാധിക്കും. വാസ്തുപുരുഷന്റെ ശരീരത്തിലുണ്ടാകുന്ന മർമ്മപീഡകൾക്കുള്ള പരിഹാരവും പ്രായശ്ചിത്തവുമാണ് പഞ്ചശിര:സ്ഥാപനം.

കെട്ടിട നിർമ്മാണത്തിന് ശേഷമാണ് പഞ്ചശിര:സ്ഥാപനം നടത്തുന്നത്. വാസ്തു പൂജയ്ക്കുശേഷമാണ് ഇൗ കർമ്മം നിർവ്വഹിക്കുക. മൂത്താശാരിയുടെ നേതൃത്വത്തിൽ പഞ്ചശിര:സ്ഥാപനത്തിനായുള്ള സ്ഥലവും, സമയവും ആദ്യം നിശ്ചയിക്കും. തുടർന്ന് വെള്ളിയിൽ തയ്യാറാക്കിയ തകിടിൽ വാസ്തുപദം രേഖപ്പെടുത്തി ദേവതാസാന്നിദ്ധ്യം ഉറപ്പുവരുത്തുന്നു. ചന്ദനം കൊണ്ടുണ്ടാക്കിയ പെട്ടിയിൽ ആ തകിടിനെ ഉറപ്പിച്ചശേഷം കാട്ടുപോത്ത്, സിഹം, പന്നി, ആമ, ആന എന്നിവയുടെ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ ശിരസ്സ് യഥാവിധിയുള്ള പൂജകൾ ചെയ്ത് പ്രധാന കട്ടിളയുടെ വലതുകാലിനു താഴെ സ്ഥാപിക്കുന്നു. തുടർന്ന് മൂത്താശാരിയുടെ നേതൃത്വത്തിൽ ഗൃഹനാഥനും, ഗൃഹനിർമ്മാണത്തിൽ പങ്കെടുത്തവരും, ഗൃഹനിർമ്മാണത്തിനിടയിൽ അറിയാതെ സംഭവിച്ച പിഴവുകൾക്ക് ക്ഷമചോദിക്കുകയും, വാസ്തുദേവനോടും, മറ്റു ദേവീദേവൻമാരോടും ഗൃഹത്തിന്റെയും, ഗൃഹവാസികളുടേയും നൻമയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പഞ്ചശിര:സ്ഥാപനത്തിലൂടെ ഗൃഹനിർമ്മാണസമയത്ത് വാസ്തുദേവന്റെ ശരീരത്തിലുണ്ടാകുന്ന മർമ്മപീഢകൾക്ക് ശമനമുണ്ടാകുമെന്നും, തുടർന്ന് വാസ്തുദേവന്റെ അനുഗ്രഹം ഗൃഹത്തിനു ലഭിക്കുമെന്നുമാണ് വിശ്വാസം. മർമ്മപീഢ സംഭവിച്ചശേഷം അതിനുള്ള പരിഹാരമായ പഞ്ചശിര:സ്ഥാപനം നടത്താതിരുന്നാൽ ഗൃഹവാസികൾ നിത്യരോഗികളാകുകയും, ധനാഭിവൃദ്ധി ഉൾപ്പെടെയുള്ള സദ്ഫലങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ഗൃഹത്തിൽ നിർമ്മാണവൈകല്യം ഉണ്ടെങ്കിൽ പഞ്ചശിര:സ്ഥാപനം നടത്തുകയാകും ഗൃഹത്തിന്റെയും, ഗൃഹവാസികളുടെയും അഭിവൃദ്ധിക്ക് നല്ലത്.    

Read more: Vastu, Download Super horoscope