Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

52345 X 749 =എത്ര ?; കാല്‍ക്കുലേറ്റര്‍ എടുക്കാതെ പറയാമോ?

numbers

52345 നെ 749 കൊണ്ടു  ഗുണിച്ചാല്‍ എന്തു കിട്ടും. കാല്‍ക്കുലേറ്റര്‍ എടുത്തു നിങ്ങള്‍ ഈ ഗുണനം ചെയ്തു നോക്കുന്ന സമയത്തിനകം 39,206,405 എന്ന ഉത്തരം മനക്കണക്ക് കൂട്ടി കൃത്യമായി പറയാന്‍ ഒരാള്‍ക്കു സാധിച്ചാലോ. അതും ഒരു 12 വയസ്സുകാരന്. ആ കുട്ടിയെ നിങ്ങള്‍ കണക്കിലെ മാന്ത്രികന്‍ എന്നല്ലാതെ എന്തു വിളിക്കും. ഉത്തര്‍പ്രദേശിലെ സരണ്‍പൂര്‍ ജില്ലയിലെ കുഗ്രാമമായ നകുഡ് ത്രിപുടിയിലുള്ള ചിരാഗ് രതിയാണ് കണക്കിലെ മിടുക്കു കൊണ്ടു നാട്ടുകാരുടെ കണ്ണ് തള്ളിക്കുന്നത്. 

chirag-rathi ചിരാഗ് രതി മാതാപിതാക്കൾക്കൊപ്പം

ലക്ഷങ്ങളും കോടികളുമെല്ലാം ഗുണിക്കാനും കൂട്ടാനും കുറയ്ക്കാനും ഈ മിടുക്കനു നിമിഷങ്ങള്‍ മാത്രം മതി. ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന വിളിപ്പേരുള്ള ഇന്ത്യയുടെ ശകുന്തള ദേവിയെ അനുസ്മരിപ്പിക്കുന്നതാണു കുട്ടിയുടെ കണക്കിലെ വേഗം. ചിരാഗിന്റെ അസാമാന്യ കണക്ക് കൂട്ടലുകള്‍ കണ്ട് ഒരു പ്രത്യേക കണക്ക് അധ്യാപകനെ തന്നെ ഏര്‍പ്പെടുത്തി കൊടുത്തിരിക്കുകയാണു മീറട്ടിലെ ജിലാ സിങ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍. പന്ത്രണ്ടാം ക്ലാസ് വരെയുള്ള കണക്കെല്ലാം ഇപ്പോള്‍ തന്നെ അധ്യാപകന്‍ ചിരാഗിനെ പഠിപ്പിക്കുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണു കണക്കിലുള്ള ചിരാഗിന്റെ വൈഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണു ചിരാഗിന്റെ അച്ഛന്‍ നരേന്ദര്‍ രതി. ചിരാഗിന്റെ വീട്ടിലെ അവസ്ഥ കണ്ടു പഠനവും പുസ്തകവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സൗജന്യമായിട്ടാണു സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്. ഇതെങ്ങനെയാണ് ഇത്ര വേഗം കണക്കു ചെയ്യാനാകുന്നതെന്ന ചോദ്യത്തിന് ചിരാഗിന് കൃത്യമായ ഉത്തരമില്ല. കണക്കു തനിക്കു ബഹുരസമാണെന്നും ഉത്തരങ്ങളെല്ലാം സ്വാഭാവികമായി കിട്ടുന്നതാണെന്നും ചിരാഗ് ആണയിടുന്നു. എന്നാല്‍ എന്തോ പ്രത്യേക ടെക്‌നിക്ക് ഉപയോഗിച്ചാണ് ചിരാഗ് ഇതു സാധിക്കുന്നതെന്ന് കൂട്ടുകാര്‍ അടക്കം പറയുന്നു. ശാസ്ത്രജ്ഞനായി  രാജ്യത്തിന് അഭിമാനമായി തീരണം എന്നാണു കണക്കിലെ ഈ കുട്ടി മാന്ത്രികന്റെ ആഗ്രഹം. 

Education News>>