Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ ഡ്രീം ഇനിയെങ്ങോട്ട്

model

ലോകമെങ്ങുമുള്ള പ്രഫഷനലുകളുടെ പ്രിയരാജ്യം എന്നും യുഎസ് തന്നെ. എന്നാൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയതോടെ ‘അമേരിക്കൻ ഡ്രീമി’നു മേൽ കരിനിഴൽ വീണു. ഇന്ത്യൻ ടെക്കികളുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായിരുന്ന എച്ച്1ബി വീസയ്ക്കു നിയന്ത്രണം പരിഗണിക്കുന്നുവെന്ന വാർത്തയാണു പുതുവർഷത്തിലെത്തിയത്. 

മറ്റുരാജ്യങ്ങളിലെ വിദഗ്ധ പ്രഫഷനലുകളെ യുഎസിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയതാണ് എച്ച്1ബി വീസ സംവിധാനം. താൽക്കാലികമായി എത്തുന്നവർ പിന്നീടു സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതും ഇവർക്ക് വീസ എക്സ്റ്റൻഷൻ നൽകുന്നതും സാധാരണം. ഇത്തരം എക്സ്റ്റൻഷൻ നിർത്താനും എച്ച്1ബി വീസയ്ക്കു നിയന്ത്രണം ഏർപ്പെടുത്താനും ട്രംപ് ഭരണകൂടം ശ്രമിച്ചതായാണ് അഭ്യൂഹമുയർന്നത്. 

എന്നാൽ അത്തരമൊരു നയംമാറ്റം പരിഗണനയിൽ ഇല്ലെന്ന ആശ്വാസവാർത്ത കഴിഞ്ഞയാഴ്ചയെത്തി. എങ്കിലും ചോദ്യങ്ങൾ ബാക്കിയാണ്– ഭാവിയിൽ എന്താകും തൊഴിൽമേഖലയിൽ യുഎസിന്റെ നയം ? വിദഗ്ധ കുടിയേറ്റം എത്രത്തോളം പ്രോത്സാഹിപ്പിക്കപ്പെടും ? 

മെറിറ്റിലാണ് കാര്യം
യുഎസിലേക്കുള്ള ഇമിഗ്രേഷൻ, പെർമനന്റ് റസിഡൻസി (പിആർ) സംവിധാനങ്ങളിൽ കഴിവ് മുൻനിർത്തിയുള്ള ‘മെറിറ്റ് ബേസ്ഡ്’ സമ്പ്രദായത്തിനു പ്രാധാന്യമേറുമെന്നു സൂചനയുണ്ട്. നൈപുണ്യവും ഇംഗ്ലിഷ് പരിജ്ഞാനവുമുള്ളവരെ തിരഞ്ഞെടുക്കുന്നതിൽ യുഎസിനു വൈമുഖ്യമില്ലെന്നാണു വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പുതുതായി തുടങ്ങാൻ പോകുന്ന മെറിറ്റ് ബേസ്ഡ് സമ്പ്രദായത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ അളവുകോലുണ്ടാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിപുണരായ ഉദ്യോഗാർഥികൾക്കു ശുഭപ്രതീക്ഷ നൽകുന്നതാകും ഈ സംവിധാനമെന്നും വിലയിരുത്തപ്പെടുന്നു. 

എല്ലാത്തരം കഴിവുകൾക്കും ഉപരിയായി ഉദ്യോഗാർഥികളുടെ അമേരിക്കൻ ആഭിമുഖ്യം പരിഗണിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അമേരിക്കൻ ഇംഗ്ലിഷ് അനായാസം സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ്, അതുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് എന്നിവ ഇനിയുള്ള അഭിമുഖ പരീക്ഷകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നു സാരം. ഇംഗ്ലിഷ് പരിജ്ഞാനം അളക്കാനുള്ള ടോഫൽ പരീക്ഷയിലെ സ്‌കോറും നിർണായകമാകുമെന്നു സൂചനയുണ്ട്.

നിലവിൽ പെർമനന്റ് റസിഡൻസിക്കായി ഉപയോഗിക്കുന്ന ഗ്രീൻകാർഡ് ലോട്ടറി സംവിധാനത്തിനു പ്രസക്തി നഷ്ടപ്പെടാനാണു സാധ്യത. തുടക്കം മുതൽ തന്നെ ഇതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞവർഷം യുഎസിൽ തുടരെയുണ്ടായ ഭീകരാക്രമണങ്ങളും ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പഠിക്കാനും യുഎസ്
യുഎസ് സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കിനെ നിർണയിക്കുന്ന പ്രധാന ഘടകവും അവിടത്തെ തൊഴിൽസാധ്യതകൾ തന്നെ. എത്ര അനിശ്ചിതത്വമുണ്ടായാലും ശാസ്ത്രം, സാങ്കേതികവിദ്യ , മാനേജ്‌മെന്റ് എന്നിവയടങ്ങുന്ന 'സ്റ്റെം' മേഖലയിൽ യുഎസ് സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിൽ വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നാണു വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നതിൽ നന്നായി ഗൃഹപാഠം ചെയ്യേണ്ടിവരും. 

സർവകലാശാലാ റാങ്കിങ്, മുൻകാല റെക്കോർഡ്, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മനസ്സിലാക്കണം. മികച്ച സ്ഥാപനമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ആശങ്ക വേണ്ടെന്നു സാരം.

നെക്സ്റ്റ് ജെൻ ആകൂ
യുഎസ് പോലെയൊരു രാജ്യത്തു വീസ എക്സ്റ്റൻഷൻ പോലെയുള്ള സൗകര്യങ്ങൾ ഉടൻ നിരോധിക്കാൻ കഴിയില്ലെന്ന് ഐടി വിദഗ്ധർ പറയുന്നു. എന്നാൽ മാറ്റങ്ങളില്ലെന്ന് ഇതിനർഥമില്ല. കൂടുതൽ മൽസരക്ഷമതയുള്ളവർക്കു കുടിയേറ്റസാധ്യത കൂടും. ഡേറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ, ബയോറിസർച് തുടങ്ങി ഇപ്പോഴത്തെ ബൂമിങ് മേഖലകളിലെ വിദഗ്ധർക്ക് അവസരങ്ങളേറെയാകും.

Job Tips >>