Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗശാലയിലെ മയിലിനെ ഭക്ഷണമാക്കിയ സിംഹങ്ങൾ

Peacock

മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം ഉറപ്പാക്കുകയെന്നതാണ് മൃഗശാലകളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സന്ദര്‍ശകര്‍ക്കു മേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് മിക്ക മൃഗശാലകളും ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗശാലകളിലെ അന്തേവാസികളായ മൃഗങ്ങള്‍ തന്നെ തങ്ങളുടെ സഹവാസികള്‍ക്കു ഭീഷണിയാകാറുണ്ട്. ഓസ്ട്രിയയിലെ കല്‍ഗറി മൃഗശാലയില്‍ ഒരു മയിലിന്റെ ജീവന്‍ നഷ്ടപ്പെട്ടത് സമാനമായ ഒരു സംഭവത്തിലാണ്. മൃഗശാലയിലെ തന്നെ സിംഹം ഈ മയിലിനെ ഭക്ഷണമാക്കുകയായിരുന്നു. 

ഇവിടെ മയിലുകളെ പാര്‍പ്പിച്ചിരുന്ന കൂടിന് ഉയരത്തിലുള്ള ഇരുമ്പുവേലികള്‍ ഉണ്ടായിരുന്നുവെങ്കിലും മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നില്ല. വെയിലില്‍ നിന്നും മഞ്ഞില്‍ നിന്നുമെല്ലാം മാറി നില്‍ക്കാനായി ചില മറകള്‍ മാത്രമാണു മയിലുകളുടെ വാസസ്ഥലത്തുണ്ടായിരുന്നത്. പ്രതീക്ഷിച്ചതിലും ഉയരത്തില്‍ പറന്ന് ഒരു മയില്‍ കൂടിനു വെളിയില്‍ ചാടിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. കൂടിനു പുറത്തെത്തിയ മയില്‍ പലയിടങ്ങളിലായി പറന്നിറങ്ങി സ്വതന്ത്ര്യം ആഘോഷിച്ചു.

lion

ഇതിനിടെ മയില്‍ വെളിയില്‍ ചാടിയതറിഞ്ഞ് അതിനെ പിടികൂടാന്‍ മൃഗശാലയിലെ ജോലിക്കാരും ഇറങ്ങി. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അവസാനമായി മയില്‍ പറന്നിറങ്ങിയതു സിംഹത്തിന്റെ കൂട്ടിലേക്കായിരുന്നു. കൂട്ടിലുണ്ടായിരുന്ന രണ്ടു സിംഹങ്ങളും ചേർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ മയിലിനെ പിടികൂടി. വേട്ടക്കാരെ നേരിട്ടു പരിചയമില്ലാത്ത മയിലിന് അപകടം മനസിലാക്കാനും സാധിച്ചില്ല. കൂട്ടത്തിലൊരു സിംഹത്തിന്റെ  ആദ്യത്തെ കടിയില്‍ തന്നെ മയിലിന്റെ ജീവന്‍ പോയി. മയിലിനെ രണ്ടു സിംഹങ്ങളും ചേർന്ന് കടിച്ചു കീറി തിന്നുകയും ചെയ്തു.

അന്വേഷിച്ചെത്തിയവര്‍ കണ്ടെത്തിയത് മയിലിന്റെ പീലികള്‍ മാത്രമാണ്. ഇതോടെയാണ് സിംഹങ്ങള്‍ മയിലിനെ അകത്താക്കിയെന്ന് മൃഗശാലയിലെ ജീവനക്കാർ ഉറപ്പിച്ചത്.